ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഡേവിഡ് ബെന്നറ്റ്. സമീപം മകൻ.  

പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ച സംഭവം; അനിമൽ വൈറസ് കണ്ടെത്തിയെന്ന് ഡോക്ടർമാർ

വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ പകർന്ന സംഭവമായിരുന്നു പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ചുപിടിപ്പിച്ച ശസ്ത്രക്രിയ. എന്നാൽ, രണ്ട് മാസം പന്നിയുടെ ഹൃദയവുമായി ജീവിച്ചതിന് പിന്നാലെ കഴിഞ്ഞ മാർച്ചിൽ രോഗി മരിച്ചു. എന്നിരുന്നാലും, അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് നിർണായക കുതിപ്പാണ് പന്നിയുടെ ഹൃദയം മനുഷ്യനിൽ തുന്നിച്ചേർത്ത സംഭവത്തോടെയുണ്ടായത്. രോഗി മരിച്ചതിന്‍റെ കാരണത്തെ കുറിച്ച് വിശദമായ പഠനം നടത്തുകയായിരുന്ന ഗവേഷകർ അനിമൽ വൈറസിനെ രോഗിയുടെ ശരീരത്തിൽ കണ്ടെത്തിയതായാണ് പുതിയ വിവരം.

രോഗിക്ക് മാറ്റിവെച്ച പന്നിയുടെ ഹൃദയത്തിൽ നിന്നാണ് വൈറൽ ഡി.എൻ.എ ഗവേഷകർ കണ്ടെത്തിയത്. എന്നാൽ, ഇതാണോ മരണകാരണമായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ വൈറസ് ഇൻഫെക്ഷൻ ഉണ്ടാക്കിയതിനും സ്ഥിരീകരണമില്ല. ഇപ്പോൾ കണ്ടെത്തിയത് അപകടകാരിയല്ലാത്ത വൈറസ് ആകാമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറയുന്നു.

ഡേവിഡ് ബെന്നറ്റ് (57) എന്ന രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. ജനുവരി ആദ്യവാരമായിരുന്നു യു.എസിലെ മേരിലാൻഡ് മെഡിക്കൽ സെന്ററിൽ ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്.

ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.

ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്റർ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾ ചികിത്സിക്കുന്നതിൽ നിർണായകമായാണ് ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്രലോകം നിരീക്ഷിച്ചത്.

ബെന്നറ്റിന്‍റെ ഹൃദയശസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയിൽ 10 ജനിതകമാറ്റങ്ങളാണ് ഡോക്ടർമാർ വരുത്തിയത്. മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ പുറന്തള്ളുന്നതിന് കാരണമാകുന്ന മൂന്ന് ജീനുകളെ എഡിറ്റ് ചെയ്തു മാറ്റി. ആറ് മനുഷ്യജീനുകൾ എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തു. പന്നിയുടെ ഹൃദയപേശികളുടെ അമിതവളർച്ച തടയുന്നതിനും ജീൻ എഡിറ്റിങ് നടത്തി. തുടർന്നാണ് മാറ്റിവെച്ചത്.

Tags:    
News Summary - Animal virus detected in patient who died after pig heart transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.