മദ്യം കുറഞ്ഞ അളവിൽ കഴിക്കുന്നത് ഗുണകരമോ?; യാഥാർഥ്യം വെളിപ്പെടുത്തി പഠന റിപ്പോർട്ട്​

‘മദ്യപാനം ആരോഗ്യത്തിന്​ ഹാനികരം’ എന്ന്​ അറിയാത്തവർ നമ്മളിൽ ആരും ഉണ്ടാകില്ല. എന്നാൽ മദ്യം കുറഞ്ഞ അളവിൽ കഴിക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതാണെന്ന്​ കരുതുന്നവരുടെ എണ്ണവും സമൂഹത്തിൽ ഏറെയാണ്​. ഇത്തരമൊരു ധാരണ കാരണം മദ്യം ദിവസവും അൽപ്പം അകത്താക്കുന്നവർ ധാരാളമുണ്ട്​. ഈ ധാരണ തെറ്റാണെന്നാണ്​ ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്​. ദിവസവും കുറഞ്ഞ അളവിൽ മദ്യം അകത്താക്കുന്നവർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​.

യു.കെയിലാണ്​ പുതിയ പഠനം നടന്നിരിക്കുന്നത്​. ഇതുപ്രകാരം പ്രതിദിനം ഒരു പെഗ്​ മദ്യം കഴിക്കുന്നതുപോലും തലച്ചോറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്​. പ്രതിദിനം ഒരു പെഗ്ഗിൽ നിന്ന് രണ്ട് പെഗ്ഗായി മദ്യപാനം വർധിപ്പിക്കുന്നത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ തലച്ചോറിൽ ഉണ്ടാക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു പഠനത്തിൽ, മദ്യപാനം തലച്ചോറിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്​. മിതമായ മദ്യപാനം പോലും ബുദ്ധിപരമായ നമ്മുടെ ശേഷികളെ മന്ദീഭവിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നതും സാധാരണയാണ്​. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്‍ഘകാല നാശത്തിന് കാരണമാകുകയും ചെയ്യും. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനത്തിന്റെ ചരിത്രമുള്ള ചില ആളുകളില്‍ പോഷകാഹാരക്കുറവുകള്‍ വര്‍ധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു.

സ്ത്രീകളിൽ മദ്യത്തിന്‍റെ പ്രവർത്തനം കൂടുതൽ ഗുരുതരമാണ്​. ലഘുവായ അളവിൽപ്പോലും മദ്യം സ്ത്രീകൾ കഴിക്കാൻ പാടില്ല. മദ്യം മൂലമുണ്ടാകുന്ന മസ്തിഷ്‌ക തകരാറുകളോടുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സംവേദനക്ഷമതയെ താരതമ്യം ചെയ്യുന്ന പഠനങ്ങള്‍ ധാരാളം വന്നിട്ടുണ്ട്​. മദ്യപാനത്തിന്റെ പല മെഡിക്കല്‍ പ്രത്യാഘാതങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ദുര്‍ബലരാണ്. മദ്യപിക്കുന്ന സ്ത്രീകള്‍ മദ്യപിക്കുന്ന പുരുഷന്മാരേക്കാള്‍ വേഗത്തിൽ സിറോസിസ് ആല്‍ക്കഹോള്‍ മൂലമുണ്ടാകുന്ന ഹൃദയപേശികളുടെ കേടുപാടുകള്‍ (അതായത്, കാര്‍ഡിയോമിയോപ്പതി), നാഡിക്ഷതം (പെരിഫറല്‍ ന്യൂറോപ്പതി) എന്നിവക്ക്​ അടിപ്പെടുന്നു.

കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി (CT scan) ഉപയോഗിച്ചുള്ള ഇമേജിങ് പഠനങ്ങളില്‍, മദ്യപാനികളായ പുരുഷന്മാരിലും സ്ത്രീകളിലും മസ്തിഷ്‌ക തകരാറിന്റെ ഒരു പൊതു സൂചകമായ മസ്തിഷ്‌ക സങ്കോചം (brain atrophy) സംഭവിക്കുന്നതായി കാണപ്പെടുന്നു. മദ്യപാനത്തിന്റെ ഫലമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പഠന വൈകല്യങ്ങളും ഓര്‍മക്കുറവും സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ തലച്ചോറും മറ്റ് അവയവങ്ങളും മദ്യം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇരയാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ന്യൂറോണിന്റെ സിഗ്‌നല്‍ ട്രാന്‍സ്മിഷന്‍

സിഗ്‌നല്‍ ട്രാന്‍സ്മിഷനില്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ രാസവസ്തുക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്​. ഈ സിഗ്‌നലുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. തലച്ചോറിലുടനീളം സന്ദേശങ്ങള്‍ അയയ്ക്കുകയും ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നു. സാധാരണ സാഹചര്യങ്ങളില്‍, തലച്ചോറിന്റെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ബാലന്‍സ് ശരീരത്തെയും തലച്ചോറിനെയും തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. മദ്യം ഈ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തലച്ചോറിലെ സിഗ്‌നല്‍ സംപ്രേഷണം മന്ദഗതിയിലാക്കാന്‍ മദ്യത്തിന് കഴിയും, ഇത് ഉറക്കമില്ലായ്മ, മയക്കം എന്നിവ പോലുള്ള ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.

ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍

മദ്യം ഒരു വിഷം പോലെ പ്രവര്‍ത്തിക്കുന്നു. കരളിന് ഈ വിഷം വേഗത്തില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍, ഒരു വ്യക്തിക്ക് ഛര്‍ദ്ദി, അപസ്മാരം, ഉണര്‍ന്നിരിക്കാനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം, കുറഞ്ഞ ശരീര താപനില, ചോക്കിങ്​, ഈര്‍പ്പമുള്ള ചര്‍മ്മം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവും സംഘടനാ വൈദഗ്ധ്യവും കുറയുന്നു എന്നതോടൊപ്പം മാനസികാവസ്ഥയിലും ഏകാഗ്രതയിലും മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, വിഷാദാവസ്ഥ, ഊര്‍ജ്ജ നിലയിലെ മാറ്റങ്ങള്‍, മെമ്മറി നഷ്ടം തുടങ്ങിയവക്കും കാരണമാകും.

ബ്ലാക്കൗട്ടുകളും മെമ്മറി ലാപ്സും

വലിയ അളവില്‍ മദ്യം, പ്രത്യേകിച്ചും വേഗത്തിലും ഒഴിഞ്ഞ വയറിലും കഴിക്കുമ്പോള്‍, ഒരു ബ്ലാക്ക്ഔട്ട് ഉണ്ടാകാം. അല്ലെങ്കില്‍ ലഹരിയുള്ള വ്യക്തിക്ക് സംഭവങ്ങളുടെ പ്രധാന വിശദാംശങ്ങള്‍ അല്ലെങ്കില്‍ മുഴുവന്‍ സംഭവങ്ങളും പോലും ഓര്‍മ്മിക്കാന്‍ കഴിയതെവരാം. സാമൂഹിക മദ്യപാനികള്‍ക്കിടയില്‍ ബ്ലാക്കൗട്ടുകള്‍ വളരെ സാധാരണമാണ്. ഇത് കടുത്ത ലഹരിയുടെ ഒരു പരിണതഫലമാണ്​.

ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍

കാലക്രമേണ, സ്ഥിരമായ മദ്യപാനം മസ്തിഷ്‌ക തകരാറിന് കാരണമാകും. വെര്‍ണിക്ക്-കോര്‍സകോഫ് സിന്‍ഡ്രോം (Wernicke Korsakoff Syndrome) മദ്യത്തിന്റെ ദുരുപയോഗം ശരീരത്തിന് തയാമിന്‍ (Vitamin B1) ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. കഠിനമായ തയാമിന്‍ കുറവ് വെര്‍ണിക്ക് -കോര്‍സകോഫ് സിന്‍ഡ്രോം (WKS) പോലുള്ള ഗുരുതരമായ തലച്ചോര്‍ തകരാറുകള്‍ സൃഷ്ടിച്ചേക്കാം.

വെര്‍ണിക്ക് -കോര്‍സകോഫ് സിന്‍ഡ്രോം രണ്ട് വ്യത്യസ്ത സിന്‍ഡ്രോമുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു രോഗമാണ്. ഹ്രസ്വകാലവും കഠിനവുമായ അവസ്ഥയായ വെര്‍ണിക്ക് എന്‍സെഫലോപ്പതിയും ദീര്‍ഘകാലവും ദുര്‍ബലപ്പെടുത്തുന്ന കോര്‍സകോഫ് സൈക്കോസിസ് പോലെയുള്ള അവസ്ഥയും ഉള്‍പ്പെടുന്നു. വെര്‍നിക്ക് എന്‍സെഫലോപ്പതിയുടെ സവിശേഷതകളില്‍ നിരന്തരമായ ആശയക്കുഴപ്പം, പോഷകാഹാരക്കുറവ്, മോശം ബാലന്‍സ്, വിചിത്രമായ നേത്ര ചലനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

വെര്‍ണിക്ക് എന്‍സെഫലോപ്പതിയുള്ള ഏകദേശം 80 മുതല്‍ 90 ശതമാനം വരെ മദ്യപാനികള്‍ കുറച്ചുകാലത്തിനു ശേഷം കോര്‍സകോഫ് സൈക്കോസിസിനു ഇരയാകുന്നു. ഇത് ഒരു തരം ഡിമെന്‍ഷ്യയാണ്.

രണ്ടു വര്‍ഷമെങ്കിലും മദ്യത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ പിൻമാറ്റവും വിറ്റാമിന്‍ സപ്ലിമെന്റുകളും വെര്‍ണിക്ക്-കോര്‍സകോഫ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളെ മാറ്റിയേക്കാം. വിട്ടുമാറാത്ത മദ്യപാനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ നാശമുണ്ടാകുന്ന തലച്ചോറിലെ ഭാഗമാണ് സെറിബെല്ലം. തയാമിന്‍ നല്‍കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് വെര്‍ണിക്ക് -കോര്‍സകോഫ് സിന്‍ഡ്രോമിന്റെ പ്രാരംഭ ഘട്ടത്തിലുള്ള രോഗികളില്‍.

സൈക്കോളജിക്കല്‍ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ

വ്യക്തിത്വത്തിലും മാനസികാവസ്ഥയിലുമുള്ള മാറ്റങ്ങള്‍, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, വിഷാദം, ആസക്തി എന്നിവ പോലുള്ള നിരവധി മാനസിക ഫലങ്ങള്‍ മദ്യത്തിന് ഉണ്ട്. ആസക്തിയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. കുടിക്കാതിരിക്കുന്ന അവസ്ഥ അവരില്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നു. കടുത്ത മദ്യപാന വൈകല്യമുള്ള ആളുകള്‍ക്ക് ഡെലിറിയം ട്രെമെന്‍സ് (DT) എന്ന അപകടകരമായ വിത്​ഡ്രോവൽ സിൻഡ്രോം അവസ്ഥ ഉണ്ടാകാം. ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഭ്രമാത്മകത എന്നിവയുള്‍പ്പെടെയുള്ള മാനസിക ലക്ഷണങ്ങളോടെയാണ് ഡെലിറിയം ട്രെമെന്‍സ് ആരംഭിക്കുന്നത്.

കരള്‍ രോഗം

അമിതവും ദീര്‍ഘകാലവുമായ മദ്യപാനം കരളിനെ തകരാറിലാക്കും. മദ്യം ദോഷകരമല്ലാത്ത ഉപോത്പ്പന്നങ്ങളായി വിഭജിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം കരളിനാണ്. കരള്‍ സിറോസിസ് പോലുള്ള ദീര്‍ഘകാല കരള്‍ രോഗങ്ങള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കും, ഇത് ഹെപ്പാറ്റിക് എന്‍സെഫലോപ്പതി എന്നറിയപ്പെടുന്ന ഗുരുതരമായതും മാരകമായതുമായ മസ്തിഷ്‌ക വൈകല്യത്തിലേക്ക് നയിക്കുന്നു.


Tags:    
News Summary - Alcohol Is Alcohol: Moderate Drinking Has No Health Benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.