ദീർഘനേരമുള്ള ഇരിപ്പും അവസാനിക്കാത്ത സ്ക്രീൻ ടൈമും എന്ന പുതിയ കാല ദിനചര്യയുടെ ഫലമായി നമ്മുടെ കഴുത്തും ഇടുപ്പും വേദന നൽകിത്തുടങ്ങിയിരിക്കുന്നു. ഇതിനെ മറികടക്കാൻ ശിശുപ്രായത്തിലേക്ക് ഒരു തിരിച്ചുപോക്ക് വേണ്ടിവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാവിലെ എഴുന്നേൽക്കുന്നു, അൽപം ഫോൺ സ്ക്രോളിങ്. പല്ലു തേക്കുന്നു, അൽപം സ്ക്രോളിങ്. ജോലിക്ക് പോകാൻ തയാറാകുന്നു, അൽപം സ്ക്രോളിങ്. പിന്നെ യാത്ര, ജോലി..അവിടെയും കൂടുതൽ കൂടുതൽ സ്ക്രോളിങ്. ഇതാണ് ഇന്ന് പലരുടെയും ദിനചര്യ. ഉറങ്ങാത്ത സമയമത്രയും സ്ക്രീനുമായി ബന്ധപ്പെട്ടിരിക്കുക എന്നത് ശീലമായിക്കഴിഞ്ഞിരിക്കുന്നു. ഈ ഫോൺ അഡിക്ഷനും ഇരുന്നുള്ള ജോലിയും വഴി ഒട്ടുമിക്ക പേർക്കും നടുവേദന, കഴുത്തുവേദന, സ്പോണ്ടിലോസിസ് തുടങ്ങിയവ സാധാരണമായിക്കഴിഞ്ഞു. അങ്ങനെ തൂക്കിയിട്ട ഒരു സ്ക്രീൻ പോലെ ആയിക്കഴിഞ്ഞവർക്ക് എന്താണിനിയൊരു രക്ഷ?
സ്ക്രീൻ അഡിക്ഷൻ കാരണം പലതരം വേദനകൾ തുടങ്ങിയവർക്ക് രക്ഷയായി വിദഗ്ധർ പറയുന്നത്, ഒരു പിഞ്ചു പൈതലാവുകയെന്നാണ്. കുഞ്ഞുങ്ങളെ അവരുടെ വയറിൽ താങ്ങി, കമിഴ്ന്ന് കിടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വയറിലേക്ക് ശരീരഭാരം നൽകി, കൈകാലുകൾ സ്വതന്ത്രമാക്കുന്ന രീതിയാണത്. കുഞ്ഞുങ്ങളുടെ ആകൃതിയും ഘടനയും ശരിയാകാനും വളർച്ചക്കും ഇത് സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇക്കാലത്ത് ഇതു തന്നെ മുതിർന്നവരും ചെയ്യേണ്ടിവരുമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. സ്ക്രീനുകൾ സൃഷ്ടിക്കുന്ന വിഷമതകൾ അകറ്റാൻ മികച്ച പരിഹാരമാണ് ഈ കിടപ്പ്.
യുവാക്കളിൽ വർധിച്ചു വരുന്ന കഴുത്തുവേദനക്ക് ‘ടെക് നെക്’ എന്നാണിപ്പോൾ വിളിക്കുന്നത്. ദീർഘ നേരം കഴുത്തിനെ മുന്നോട്ടു തള്ളിപ്പിടിക്കുന്ന അവസ്ഥയാണിത്. അതായത്, സ്ക്രീൻ ടൈമിൽ നമ്മുടെ പോസ്ച്വർ അതായിരിക്കും. ഇതിന്റെ ഫലമായി പുറം, നട്ടെല്ല്, കഴുത്ത് പേശികൾ ഉറച്ചുപോകുന്നു. ഇത് വേദനയിലേക്ക് നയിക്കുകയും കഴുത്തിന്റെ ചലനശേഷിയെ ബാധിക്കുകയും ചെയ്യുന്നു.
‘‘ഇത്തരം പോസ്ച്വറൽ പ്രശ്നങ്ങൾ കാരണം വിഷമത അനുഭവിക്കുന്നവർക്ക് ‘അഡൾട്ട് ടമ്മി’ സ്റ്റൈൽ പരീക്ഷിക്കാം. വയറിൽ താങ്ങി മലർന്നു കിടന്നാൽ പിൻഭാഗത്തെ പേശികളെ ശക്തിപ്പെടുത്താൻ കഴിയും. ഒപ്പം, വയറിനെയും നെഞ്ചിനെയും സ്ട്രെച്ച് ചെയ്യാനും സഹായിക്കും. കഴുത്തു തള്ളിപ്പിടിച്ചുള്ള ദീർഘനേര ഇരിപ്പിന് എതിരായുള്ള ഈ പൊസിഷൻ, ഇത്തരം വേദനകളെ ലഘൂകരിക്കുന്നു’’ - ഫിസിയോതെറപ്പിസ്റ്റ് ഡോ. വന്ദന കുമാരി പറയുന്നു. ഇങ്ങനെ കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന് എതിരായി തല പിടിക്കണം. അപ്പോൾ കഴുത്തിലെ മസിലുകൾ ശക്തമാവുകയും നട്ടെല്ലിന്റെ സ്വാഭാവിക ആകൃതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.