കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുതെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കുകയോ നൽകുകയോ ചെയ്യരുത്. അഞ്ചു വയസ്സിന് താഴെയുള്ളവർക്കും ഇത് ശുപാർശ ചെയ്യുന്നില്ലെന്നും ഡി.ജി.എച്ച്.എസ് വ്യക്തമാക്കി. അതിനു മുകളിൽ പ്രായമുള്ളവർക്ക് മരുന്ന് കൊടുക്കേണ്ടി വന്നാൽ അത് കൃത്യമായ ക്ലിനിക്കൽ വിലയിരുത്തലിനു ശേഷമായിരിക്കണം. വളരെ ശ്രദ്ധയോടെ നിർദേശിക്കപ്പെട്ട ഡോസേജിൽ വേണം കൊടുക്കാൻ. മരുന്ന് കഴിച്ച കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. ഒന്നിലധികം മരുന്നുകൾ കൂടിച്ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടറുടെ അടിക്കുറിപ്പോടെയല്ലാതെ മരുന്നുകളെ ആശ്രയിക്കരുതെന്നും ഡി.ജി.എച്ച്.എസ് ഉപദേശക സമിതിയുടെ മുന്നറിയിപ്പുണ്ട്.
അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഡി.ജി.എച്ച്.എസ് പ്രത്യേക നിർദേശമിറക്കിയത്. സിറപ്പുകൾ കഴിച്ചതിനെത്തുടർന്ന് ചില കുട്ടികൾക്ക് ജലദോഷം, ചുമ, പനി എന്നിവ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അത് അവരുടെ വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തു. ഇത്തരത്തിലാണ് 11 കുട്ടികൾ മരണപ്പെട്ടത്. കുട്ടികളിലെ മരണങ്ങൾക്കും വൃക്ക തകരാറിനും കാരണം കോൾഡ്രിഫ് എന്ന ചുമ സിറപ്പാണെന്ന് മധ്യപ്രദേശ് ചിന്ദ്വാരയിലെ അസോസിയേറ്റ് പ്രൊഫസറും പീഡിയാട്രിക്സ് മേധാവിയുമായ ഡോ. പവൻ നന്ദുർക്കർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പരിശോധനകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ചുമ സിറപ്പുകളിൽ വൃക്കക്ക് കേടുപാടുകൾ വരുത്തുമെന്ന് അറിയപ്പെടുന്ന ഡൈ എത്തിലീൻ ഗ്ലൈക്കോളും (ഡി.ഇ.ജി) എത്തിലീൻ ഗ്ലൈക്കോളും (ഇ.ജി) കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം പറഞ്ഞു. എങ്കിലും കുട്ടികളുടെ മരണത്തിന് സാധ്യമായേക്കാവുന്ന എല്ലാ കാരണങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനിടെ മധ്യപ്രദേശിലെ കുട്ടികളുടെ മരണത്തിന് ചുമ സിറപ്പുകൾക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.