മുതിർന്നവരും സ്ഥിരമായി ചുമ മരുന്ന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന മുന്നറിയിപ്പുമായി വിദഗ്‌ധർ. ചെറിയ ചുമക്കും കഫക്കെട്ടിനും സിറപ്പ് ഉപയോഗിക്കരുതെന്നും അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്‍റെ നിർദേശമുണ്ട്. ചുമ മരുന്ന് ചുമയുടെ ലക്ഷണങ്ങൾ കുറക്കാൻ താൽക്കാലികമായി ഉപയോഗിക്കുന്ന മരുന്നുകളാണ്. ഇത് ഒരു രോഗത്തിന് പരിപൂർണ്ണമായ ചികിത്സ നൽകുന്നില്ല. ഡോക്ടറുടെ നിർദേശമില്ലാതെ സ്ഥിരമായുള്ള ഉപയോഗം പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സാധാരണ ചുമയും കഫക്കെട്ടും ആവി ശ്വസിച്ച് വിശ്രമിച്ചാൽ മാറുന്നതാണ്. സിറപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് പലരിലും പഞ്ചസാരയുടെ അളവ് കൂട്ടും. ആവർത്തിച്ചുള്ള ഉപയോഗം ആസക്തിക്കും കാരണമാകാം.
മിക്ക ചുമ സിറപ്പുകളിലും ആന്‍റിഹിസ്റ്റമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് അലർജി ലക്ഷണങ്ങൾ കുറക്കുന്നതോടൊപ്പം കഠിനമായ മയക്കത്തിനും കാരണമാകും.സ്ഥിരമായി ഇവ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ, പ്രത്യേകിച്ചും വാഹനം ഓടിക്കുക, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെ ഇത് ദോഷകരമായി ബാധിക്കും. ഇത് അപകടങ്ങൾക്ക് വഴിവെച്ചേക്കാം. ഒന്നിലധികം ചേരുവകളുള്ള സിറപ്പ് സംയുക്തം ഉപയോഗിക്കുന്നതിലും ജാഗ്രത വേണം. കുട്ടികൾക്ക് സംയുക്തങ്ങൾ തീരേ ഒഴിവാക്കണം. അടിയന്തരസാഹചര്യമില്ലെങ്കിൽ രണ്ടുവയസ്സിൽ താഴെയുള്ളവർക്ക് ചുമ മരുന്നുകളോ ജലദോഷ മരുന്നുകളോ ശുപാർശ ചെയ്യരുതെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സ്ഥിരമായ ഉപയോഗം, പ്രത്യേകിച്ചും ഡോസ് അധികരിക്കുകയാണെങ്കിൽ, കരളിനും വൃക്കകൾക്കും ദോഷകരമാവാം. പല കഫ് സിറപ്പുകളിലും വേദനസംഹാരികളുടെ ചില ഘടകങ്ങൾ ഉണ്ടാകും. ഇവയുടെ അമിതോപയോഗം ഈ അവയവങ്ങളെ ബാധിക്കും. സിറപ്പുകൾ ഉപയോഗിക്കുന്നപക്ഷം രോഗിയുടെ ശാരീരികാവസ്ഥ കൃത്യമായി വിലയിരുത്തണമെന്ന നിർദേശവുമുണ്ട്. തെളിവ്, രോഗലക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ മരുന്നുകൾ കുറിക്കാവൂയെന്നും കഫ് സിറപ്പുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.