ദുബൈ: ‘നാബിദ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏകീകൃത മെഡിക്കൽ ഫയലുകളുടെ എണ്ണം 78 ലക്ഷം എത്തിയതായി ദുബൈ ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. ദുബൈയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളിലെ വിശ്വസനീയമായ മെഡിക്കൽ വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നാബിദ്.
പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ രോഗികളുടെ സമഗ്രമായ മെഡിക്കൽ വിവരങ്ങൾ ആരോഗ്യ സേവന ദാതാക്കൾക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യാനും കൈമാറാനും സഹായിക്കുന്നതിനായി 2020 ഒക്ടോബറിലാണ് പ്ലാറ്റ്ഫോം ആരോഗ്യ വകുപ്പ് അവതരിപ്പിച്ചത്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ ആരോഗ്യ വിവരങ്ങൾ അടങ്ങിയ 35.2 കോടി സന്ദേശങ്ങളും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കൈമാറ്റം ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ആരോഗ്യ സേവന രംഗത്തെ സ്ഥാപനങ്ങൾക്ക് പ്രഫഷനൽ ലൈസൻസ് അനുവദിക്കുന്നതിനും സേവനങ്ങളുടെ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് ‘ഷെരിയാൻ’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും ആരോഗ്യ വകുപ്പ് വികസിപ്പിച്ചു വരികയാണ്. ഡിപാർട്ട്മെന്റ് ഓഫ് ഇകണോമി, ടൂറിസം എന്നീ വകുപ്പുകൾ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിരവധി നടപടികളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.
സ്മാർട്ട് ഇടപാടുകളിൽ ദുബൈ സുപ്രധാനമായ നാഴികല്ലാണ് ഇതിനകം പിന്നിട്ടത്. ഡിജിറ്റൽ വിവരങ്ങളുടെ പൂർത്തീകരണം 98.55 ശതമാനമാണ്. ആഭ്യന്തര നടപടിക്രമങ്ങളുടെ ഡിജിറ്റൽ പൂർത്തീകരണം 98.91 ശതമാനവും ഡിജിറ്റൽ അഡോപ്ഷൻ നിരക്ക് 93.42 ശതമാനവുമാണ്. അടുത്തിടെ നടപ്പിലാക്കിയ ‘റാസിദ്’ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.