ആരോഗ്യ സ്ഥിതി മോശമാവുന്ന സന്ദർഭത്തിൽ ശരീരം തന്നെ ചില സിഗ്നലുകളിലൂടെ നമ്മെ അത് അറിയിക്കാറുണ്ട്. എന്നാൽ പലരും അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സ്വാഭാവികമെന്നുകരുതി നമ്മൾ തള്ളിക്കളയുന്ന പലതും പിന്നീട് വലിയ വിപത്തായി മാറാൻ സാധ്യതയുള്ളവയാണ്. ഹാർവാർഡിൽ പരിശീലനം നേടിയ ഡോക്ടറും ഗവേഷകനും 'ഈറ്റ് ടു ബീറ്റ് യുവർ ഡയറ്റിന്റെ' രചയിതാവുമായ ഡോ. വില്യം ലി പറയുന്നതനുസരിച്ച്, നമ്മുടെ ശരീരം സുഖമല്ലെങ്കിൽ അത് നമുക്ക് ലക്ഷണങ്ങൾ നൽകും. ശരീരത്തിൽ കുഴപ്പമുണ്ടെന്ന് സൂചനനൽകുന്ന സൂക്ഷ്മമായ ചില ലക്ഷണങ്ങളെക്കുറിച്ച് തന്റെ വെബ്‌സൈറ്റിൽ പങ്കിട്ട ഒരു ബ്ലോഗിൽ ലി സംസാരിക്കുന്നുണ്ട്. ശരീരം നൽകുന്ന നമ്മൾ ശ്രദ്ധിക്കേണ്ട ആ അഞ്ചു ലക്ഷണങ്ങൾ ഇവയാണ്...
മലത്തിൽ രക്തം കാണപ്പെടുന്നത് അവഗണിക്കാൻ പാടില്ലാത്ത ഒരു ലക്ഷണമാണ്. ഇത് ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളിൽ ഒന്നാണ്. വൻകുടൽ കാൻസർ, മലദ്വാര കാൻസർ, അല്ലെങ്കിൽ ഹെമറോയ്ഡുകൾ അല്ലെങ്കിൽ മലദ്വാര വിള്ളൽ പോലുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം ഇത്. കടും ചുവപ്പ് രക്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടുതൽ പരിശോധനക്കായി ഡോക്ടർ കൊളോനോസ്കോപ്പി ശുപാർശ ചെയ്തേക്കാം. ദഹനനാളത്തിലെ 'പ്രീകാൻസർ പോളിപ്സ്' അല്ലെങ്കിൽ മറ്റ് അസാധാരണത്വങ്ങൾ തിരിച്ചറിയുന്നതിൽ കൊളോനോസ്കോപ്പികൾ നിർണായകമാണ്.
നിങ്ങളുടെ ഉമിനീരിൽ രക്തം കണ്ടാൽ അത് അവഗണിക്കരുത്. ശ്വാസകോശ അർബുദം അല്ലെങ്കിൽ തൊണ്ടയിലോ വായിലോ ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് അർബുദങ്ങളുടെ സൂചനയായിരിക്കാം ഇതെന്ന് ഡോക്ടർ ലി മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള രക്തസ്രാവം ഉണ്ടാകുന്നത് രക്തക്കുഴലുകളിൽ കാൻസർ, ട്യൂമർ എന്നവ ഉള്ളതുകൊണ്ടാവാം. മിക്ക ആളുകളും പല്ല് തേക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കായി ഇതിനെ തള്ളിക്കളയാറാണ് പതിവ്. പക്ഷെ അത്തരമൊരു ലക്ഷണം ഉണ്ടായാൽ ഡോക്ടറെ സന്ദർശിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. കാരണം ഇത്തരം ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ ചികിത്സ വിജയിക്കാനുള്ള സാധ്യതയും കൂടും.
മൂത്രത്തിൽ രക്തം കണ്ടാൽ ഇത് മൂത്രാശയ കാൻസറിനെയോ പ്രോസ്റ്റേറ്റ് കാൻസറിനെയോ സൂചിപ്പിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പുകവലിക്കുന്നവർക്ക് മൂത്രത്തിലെ രക്തം ഹെമറാജിക് സിസ്റ്റിറ്റിസ് പോലുള്ള അണുബാധകളെയും സൂചിപ്പിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസ് പഠനമനുസരിച്ച്, മൂത്രത്തിലെ രക്തം മൂത്രാശയത്തിലോ വൃക്കയിലോ ഉള്ള അണുബാധ, വീക്കം, മൂത്രാശയ കാൻസർ, അല്ലെങ്കിൽ സിക്കിൾ സെൽ രോഗം തുടങ്ങിയ ഒന്നിലധികം കാരണങ്ങളാൽ ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോൾ രക്തം ശ്രദ്ധയിൽപ്പെട്ടാൽ പെട്ടന്നുതന്നെ ചികിത്സ സ്വീകരികേണ്ടതാണ്.
മുറിവുകള്‍ ഉണ്ടാകാതെ ചര്‍മ്മത്തില്‍ രക്തം കണ്ടാല്‍ അത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മെലനോമ പോലെയുള്ള ചർമകാന്‍സറിന്റെ ലക്ഷണമായിരിക്കാം ഇത്. നിറമോ വലിപ്പമോ മാറുന്ന മറുകുകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരു ഡര്‍മറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 ല്‍ 330,000 പുതിയ മെലനോമ കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള മറ്റൊരു നിർണായക ലക്ഷണമാണ് യോനി കനാലിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവം. പ്രത്യേകിച്ച് ആർത്തവത്തിനു ശേഷമുള്ള രക്തസ്രാവം. ഇത് സെർവിക്കൽ അല്ലെങ്കിൽ ഗർഭാശയ കാൻസറിന്റെ സൂചനയായിരിക്കാം. ആർത്തവ രക്തസ്രാവം സാധാരണമാണെങ്കിലും, ആര്‍ത്തവവിരാമത്തിന് മുമ്പും അതിന് ശേഷവും ഉണ്ടാകുന്ന രക്തസ്രാവം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. സെർവിക്സിലോ ഗർഭാശയത്തിലോ ഉള്ള മുഴകളിൽ നിന്നാണ് രക്തസ്രാവം ഉണ്ടാകുന്നത്. അത്തരം സന്ദർഭങ്ങളിൽ, പെൽവിക് പരിശോധന, സ്കാനിങ്, എന്നിവക്കായി ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണ്.
ഈ ലക്ഷണങ്ങൾ എല്ലായ്‌പ്പോഴും കാൻസറിനെ സൂചിപ്പിക്കുന്നില്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും അവ ഒരിക്കലും അവഗണിക്കരുത്. അവ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് വൈദ്യസഹായം തേടുന്നത് നിർണായകമായ കാര്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.