ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് നാലുപേർക്ക്; ആകെ കേസുകൾ 37 ആയി

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 37 ആയി. ആന്ധ്രപ്രദേശിലും ചണ്ഡീഗഡിലും കർണാടകയിലും ഇന്ന് നേരത്തെ​ ഓരോ കേസുകൾ വീതം റിപ്പോർട്ട്​ ചെയ്​തിരുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡൽഹി വഴി തിരിച്ചെത്തിയ 40കാരനാണ് നാഗ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡിസംബർ ആറിന് എത്തിയ ഇയാൾ വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചുള്ള ജനിതക പരിശോധന ഫലം ഇന്നാണ് പുറത്തുവന്നത്.

ആന്ധ്രപ്രദേശിൽ അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ഇന്ന്​ ഒമിക്രോൺ സ്ഥിരീകരിച്ചത്​. ഇയാൾക്ക്​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരി​ശോധന ഫലം നെഗറ്റീവായിരുന്നു.

ചണ്ഡീഗഡിൽ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരനാണ് ഒമിക്രോൺ പോസിറ്റീവായത്. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ്​ ഒമി​ക്രോൺ സ്​ഥിരീകരിച്ചത്​.

രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്​. ബന്ധുക്കളുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

കർണാടകയിൽ മൂന്നാമത്തെ കേസാണ് ഇന്ന് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചിരുന്നു. മഹാരാഷ്​ട്രയും രാജസ്​ഥാനുമാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

രാജ്യത്ത്​ ഒമിക്രോൺ ​േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ്​ 19 സ്​ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നിർദേശം നൽകി. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന്​ ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ സംസ്​ഥാനങ്ങൾക്ക്​ കത്തയക്കുകയും ചെയ്​തു.

കേരളം ഉൾപ്പെടെ മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റു സംസ്​ഥാനങ്ങൾ.

Tags:    
News Summary - 4 New Omicron Cases Today, 37 So Far In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.