ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യനിലയുടെ സൂചകമാണ് ദന്ത ശുചിത്വവും വദന ആരോഗ്യവും (oral hygiene). വായിലെ രോഗങ്ങൾ മിക്കപ്പോഴും മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കും. പല രോഗങ്ങളുടെയും പ്രാഥമിക ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത് വായിലായിരിക്കും. പ്രത്യേകിച്ച് പ്രായമായവരിൽ ദന്തരോഗങ്ങളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്.
മധ്യവയസ്സിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ വായിലെ പല്ലുകളെല്ലാം കൊഴിഞ്ഞുതീരുന്നവരാണ് അധികവും. പല്ലിന്റെയും മോണയുടെയുമെല്ലാം അവസ്ഥ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ആരോഗ്യം കണക്കാക്കാൻ സാധിക്കും. ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനപ്രകാരം, ലോകത്ത് കോടിക്കണക്കിനാളുകൾ വായിലെ രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നു എന്നാണ് കണക്ക്.
ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം കടുത്ത മോണരോഗങ്ങളുടെ പിടിയിലാണ്. പല ദന്തരോഗങ്ങളും ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, അർബുദം, അമിതവണ്ണം തുടങ്ങിയ പകർച്ചേതര രോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദന്തരോഗങ്ങൾ മിക്കതും ശരിയായ ആരോഗ്യ പരിപാലന ശീലങ്ങളിലൂടെ തടയാൻ കഴിയും.
പല ദന്തരോഗങ്ങളുടെയും അടിസ്ഥാന കാരണം ദന്ത ശുചിത്വമില്ലായ്മയാണ്. അതിൽ പ്രധാനപ്പെട്ടതാണ് ദന്തക്ഷയം. പല്ലിനു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മൃദുവായ ബാക്ടീരിയൽ നിക്ഷേപങ്ങളായ പ്ലാഖ് (plaque) കളഞ്ഞില്ലെങ്കിൽ ദന്തക്ഷയത്തിന് കാരണമാകും. പ്ലാഖ് അടിഞ്ഞു കൂടുന്നതുവഴി പല്ലുകൾ ദ്രവിക്കും. ഇത് പല്ലുപുളിപ്പിനും വേദനക്കും വീക്കത്തിനും കാരണമാവും. പല്ലുകളിൽ പ്ലാഖ് കൂടുതൽ അടിഞ്ഞു കൂടുന്നതുവഴി മോണവീക്കത്തിനും കാരണമാവും.
മോണയിലെ വീക്കം, രക്തസ്രാവം, വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവക്ക് പലപ്പോഴും വേദനയുണ്ടാകില്ല. അതിനാൽ ശ്രദ്ധ നൽകില്ല. താമസിയാതെ മോണവീക്കം പല്ലുകൾ ഇളകാനും ദന്തക്ഷയം സംഭവിക്കാനും ഇടയാക്കും.
മോണവീക്കം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ മോണരോഗം ഉള്ളവരിൽ പ്രമേഹത്തിന്റെ തീവ്രത കൂടും. മോണരോഗം ഒരാളിൽ പ്രമേഹം ഉണ്ടാക്കാനുള്ള സാധ്യതയും കൂട്ടും. ശുചിത്വക്കുറവുമൂലം അപകടകാരികളായ പല ബാക്ടീരിയകളും വായിൽ അടിഞ്ഞുകൂടുകയും ഈ രോഗാണുക്കൾ രക്തത്തിലൂടെ ഹൃദയത്തിലെത്തി എൻഡോകാർഡൈറ്റിസ് പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
പുകയിലകളുടെയും വെറ്റില മുറുക്കിന്റെയും മദ്യത്തിന്റെയും ഉപയോഗം ദന്തശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ഇത്തരം ശീലങ്ങൾ അർബുദത്തിനുവരെ കാരണമാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന അർബുദം വായിലെ അർബുദമാണ്.
ആകെ അർബുദ രോഗികളിൽ 30 ശതമാനം പേർക്കും വദനാർബുദമാണ്. പുകയിലയുടെ ഉപയോഗമാണ് അതിന് പ്രധാന കാരണം.
ദന്തശുചിത്വം ഉറപ്പാക്കാനുള്ള പ്രധാന ശീലം ശരിയായി ബ്രഷ് ചെയ്യലാണ്. ദിവസവും രണ്ടുനേരം രണ്ടു മിനിറ്റ് വീതം ബ്രഷ് ചെയ്യണം. ദിവസത്തിൽ ഒരു നേരമെങ്കിലും ഫ്ലോസിങ് ശീലമാക്കണം. അത്യാവശ്യഘട്ടങ്ങളിൽ മൗത്ത് വാഷ് ഉപയോഗിക്കാം. അവ തുടർച്ചയായി ഉപയോഗിക്കുന്നത് അഭിലഷണീയമല്ല. പഞ്ചസാര അടങ്ങിയതും പല്ലിൽ ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
നാരുകളും ഇലകളും അടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകണം. പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ പൂർണമായും നിർത്തുക. പല്ലുകളുടെ ശുചിത്വക്കുറവ് മറ്റു പല രോഗങ്ങൾക്കും കാരണമാകുമെന്ന് ഓർക്കുക.
പല്ലുകളിലും പല്ലുകൾക്കിടയിലും അഴുക്ക് അടിയുന്നത് തടയാൻ എളുപ്പത്തിൽ സഹായിക്കുന്നവയാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ. മോണരോഗം അടക്കം വായിൽ കാണുന്ന രോഗങ്ങളെ ചെറുക്കാൻ ഇവയുടെ ഉപയോഗത്തിലൂടെ കഴിയും. മുതിർന്നവർക്ക് പ്രത്യേകിച്ച് പാർക്കിൻസൺസ്, കാർപൽ ടണൽ സിൻഡ്രോം, ആർത്രൈറ്റിസ്, സ്ട്രോക്ക് ബാധിതർ, കൈകൾ അധികം അനക്കാനോ അധികം ശക്തിയെടുക്കാനോ പ്രയാസമുള്ളവർ, ചലന ശേഷിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്ക് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ എളുപ്പത്തിൽ ഉപയോഗിക്കാം.
പല്ലുകൾ വൃത്തിയാക്കാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും വേഗമേറിയ മാർഗം കൂടിയാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ. രണ്ട് മിനിറ്റ് സമയ ദൈർഘ്യം സെറ്റ് ചെയ്ത് ഇവ ഉപയോഗിക്കാൻ സാധിക്കും. അമിത ശക്തിയെടുത്ത് പല്ല് തേക്കുന്നത് തടയാനായി സെൻസറുകളും ഈ ബ്രഷിലുണ്ടാകും. മൂന്നുമാസം കൂടുമ്പോൾ ബ്രഷിന്റെ ഹെഡ് മാറ്റിവെക്കാൻ ശ്രദ്ധിക്കണം. ബാറ്ററി ചാർജ് ചെയ്താണ് ബ്രഷ് ഉപയോഗിക്കുക. സാധാരണ ബ്രഷുകളെ അപേക്ഷിച്ച് വില കൂടുതലാണ് ഇവക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.