ഒ.സി.ഡി നേരത്തെ തിരിച്ചറിയുക

സ്വയമായി നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാന്‍ കഴിയാതെ വേണ്ടാത്ത ചിന്തകള്‍ അകാരണമായി മനസ്സിലേക്ക് കടന്ന് നമ്മെ മഥിക്കുന്ന അവസ്ഥയാണ് ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി). നാം മാനസികമായി ശക്തമായി ചെറുക്കാന്‍ ശ്രമിച്ചാലും ഇത്തരം ചിന്തകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളെയോ രോഗാവസ്ഥകളെയോ ആണ് മനോരോഗ ചികിത്സകര്‍ ഒ.സി.ഡി എന്നു പറയുന്നത്.

എന്നാൽ എല്ലാര്‍ക്കും ഇത്തരത്തില്‍ ചിന്തകളോ പ്രവൃത്തികളോ ഉണ്ടെന്ന് കരുതി അത് ഒ.സി.ഡി ആയിരിക്കണമെന്നുമില്ല. വ്യക്തിയുടെ ദൈനംദിന ജീവിതവും സാഹചര്യങ്ങളും ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് ഇത്തരം ചിന്തകള്‍ കടന്നുകൂടാവുന്നതാണ്. ഒരേ സ്വഭാവമുള്ള ചിന്തകളും പ്രവര്‍ത്തികളും അനിയന്ത്രിതമായി നമ്മെ ഭരിക്കുമ്പോള്‍ നമുക്ക് ഇതേക്കുറിച്ച് ബോധമുണ്ടാവുകയും ധ്യാനം, യോഗ എന്നിവയിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടതുമാണ്. ശാരീരിക രോഗങ്ങള്‍, പ്രത്യേകിച്ച് അഡ്രിനല്‍ ഗ്രന്ഥിയുടെയോ തൈറോയ്ഡ് ഗ്രന്ഥിയുടെയോ തലച്ചോറിന്റെയോ ഹൃദയത്തിന്റെയോ പ്രവര്‍ത്തനത്തകരാറുകള്‍, അര്‍ബുദം എന്നിവ ബാധിച്ചാല്‍ ഇത്തരം മാനസികാവസ്ഥയിലെത്തിച്ചേരാം എന്ന തിരിച്ചറിവും ഉണ്ടാകണം.

പ്രധാന കാരണങ്ങൾ

കുടുംബ, സാമൂഹിക, തൊഴില്‍പരമായ കാരണങ്ങളാലാണ് മുഖ്യമായും ഒ.സി.ഡി ഉണ്ടാകുന്നത്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളിലും ഈ അവസ്ഥ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങള്‍, കാഴ്ചപ്പാടുകള്‍, പ്രിയപ്പെട്ടവരുടെ അകല്‍ച്ച, മരണം, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, വ്യക്തി, കുടുംബ, സാമൂഹിക ബന്ധങ്ങളിലുള്ള തകര്‍ച്ച എന്നിവയും ഈ അവസ്ഥക്കു പ്രധാന കാരണങ്ങളാണ്. ക്രോമോസോമുകളിലെ പ്രശ്‌നങ്ങളും ഒ.സി.ഡിക്ക് കാരണമാകാറുണ്ട്.

മനസ്സിനെ അനിയന്ത്രിതമായി അലട്ടുന്ന ഇത്തരം ചിന്തകളെ ''ഒബ്‌സഷന്‍'' എന്നും ഇതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രവര്‍ത്തികളെ 'കംപല്‍ഷന്‍' എന്നും പറയുന്നു. ഈ അവസ്ഥയുള്ളവരില്‍ തലച്ചോറിലെ നാഡികളുടെ ശരിയായ സംവേദനത്തിന് അത്യാവശ്യമായ ജൈവരാസ തന്മാത്ര-'സിറട്ടോണി'ന്റെ അളവിലും ക്ഷമതയിലും കുറവുണ്ടാകുന്നു. മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗത്തെ പ്രവര്‍ത്തനം സന്തുലിതമല്ലാതെ വരുമ്പോഴും ഡോപ്പമിന്‍ എന്ന ജൈവരാസ തന്മാത്രയുടെ കുറവുണ്ടാകുമ്പോഴും ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്. ഇത്തരക്കാരില്‍ വിഷാദം, അകാരണമായ ഭയം, ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ ഭയം, രോഗം, രോഗഭയം, ഉറക്കപ്രശ്‌നം, ഭക്ഷണപ്രശ്‌നം എന്നിവ കാണാവുന്നതാണ്.

അഴുക്കു പറ്റുമോ എന്ന ഭയത്തിൽ ഹസ്തദാനത്തിന് പോലും മടിക്കും

തുടര്‍ച്ചയായ കൈകഴുകല്‍, പല്ലുതേക്കല്‍, കുളി, പാത്രം കഴുകല്‍, തുടക്കല്‍, വസ്ത്രം അലക്കല്‍ എന്നിവ ചെയ്യുമ്പോള്‍ കൂടുതല്‍ സമയം പാഴാക്കുന്നത് ഇക്കൂട്ടരില്‍ കാണാം. ശരീരത്തില്‍ അഴുക്കുപറ്റിയോ പറ്റുമോ എന്ന ഭയമുള്ള ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും മടിക്കും. ചിലര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടാകാറുണ്ട്. ദേഷ്യമോ സങ്കടമോ വന്നാല്‍ എന്തുചെയ്യണമെന്ന് ഇവര്‍ക്കു ബോധമില്ല. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കണ്ടാല്‍ സ്വയമോ മറ്റുള്ളവരെയോ അപായപ്പെടുത്താനുള്ള ഉള്‍വിളി ഉണ്ടാവുക, തന്റെ പ്രവര്‍ത്തിമൂലം മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാകുമോ എന്ന അമിതഭയം, ഉയരമുള്ള സ്ഥലങ്ങളില്‍ എത്തുമ്പോള്‍ താഴെ വീഴുമോ എന്ന പേടി തുടങ്ങിയവ ഇക്കൂട്ടര്‍ക്ക് ഉണ്ടാവാറുണ്ട്.

ആത്മവിശ്വാസമില്ലായ്മ, അനിയന്ത്രിതമായ ലൈംഗിക ചിന്തകള്‍, ഉറപ്പില്ലായ്മ, അരക്ഷിതബോധം, നാളെയെക്കുറിച്ചുള്ള അനാവശ്യമായ ആകാംക്ഷ, തന്റെ വസ്തുക്കള്‍ നഷ്ടപ്പെടുമോ എന്ന ചിന്ത, ഉപയോഗശൂന്യവും ആവശ്യമില്ലാത്തതുമായ പഴയപാത്രങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍, മറ്റ് ഫര്‍ണീച്ചറുകള്‍ തുടങ്ങി ഒരു വസ്തുക്കളും കളയാതെ സൂക്ഷിക്കുക, തലമുടിയില്‍ ശക്തമായി വലിക്കുക, നഖം കടിക്കുക, പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിക്കുക, ഭക്ഷണത്തിനോട് ആര്‍ത്തിയോ വിരക്തിയോ എന്നിവയും ഒ.സി.ഡിയുടെ ലക്ഷണങ്ങളാണ്.

നേരത്തെ തിരിച്ചറിയുക

വ്യക്തിയുടെ സ്വഭാവമാറ്റങ്ങളും വൃത്തിയും വെടിപ്പും സുരക്ഷിതത്വബോധവും പിടിവാശിയും ചിന്തകളും പണം ചെലവഴിക്കലും അമിതമാകുന്നത് ഇത്തരക്കാരില്‍ കാണാവുന്നതാണ്. ലക്ഷ്യം നേടുന്നതുവരെ ഒരേകാര്യത്തില്‍ വ്യാപൃതരാകുന്നത് സ്വാഭാവത്തിന്റെയോ ശീലത്തിന്റെയോ ഭാഗമല്ലാതെയാണോ എന്ന് പരിശോധിക്കുകയാണ് ഈ അവസ്ഥയുള്ളവര്‍ സ്വയമായും വീട്ടുകാരും ഡോക്ടര്‍മാരും ആദ്യമായി ചെയ്യേണ്ടത്. ഇത് എത്രയും നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കിലേ മരുന്ന് സേവിക്കാവൂ. മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടാണ് എന്ന് കരുതി ഡോക്ടര്‍മാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും വീട്ടുകാര്‍ ചികിത്സക്കു മുതിരാത്തതും പൊതുവായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇത്തരം അവസ്ഥയുള്ള വ്യക്തികള്‍ക്കു നല്ല കുടുംബാന്തരീക്ഷം വീട്ടുകാര്‍ ഒരുക്കികൊടുത്താല്‍ ഒ.സി.ഡി എന്ന അവസ്ഥക്കു മാറ്റം വരുത്താവുന്നതാണ്.

കൊച്ചുകുട്ടികളില്‍ ചിലപ്പോള്‍ ഈ രീതിയിലുള്ള വാശിയും നിര്‍ബന്ധബുദ്ധിയും പിരുപിരുപ്പും അശ്രദ്ധയുമൊക്കെ കാണാറുണ്ട്. എല്ലാവരിലും ഇത് ഒ.സി.ഡി ആകണമെന്നില്ല. എന്നാല്‍ ഇവ ഒ.സി.ഡിയുടെ ലക്ഷണങ്ങളും ആകാമെന്നതിനാല്‍ വേര്‍തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. വീട്ടിലോ വിദ്യാലയത്തിലോ മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടിവരികയും ഇഷ്ടമില്ലാത്തവ ചെയ്യാന്‍ നിര്‍ബന്ധിതരാവുമ്പോഴുമാണ് കുട്ടികളില്‍ ഈ രീതിയിലുള്ള അവസ്ഥ ഉണ്ടാകുന്നത്. മനസ്സിന്റെ ചിന്തകളെ സ്വയം വിലയിരുത്തുകയും നിയന്ത്രിക്കാനുമുള്ള കഴിവ് ആദ്യമായി തന്നെ നേടിയെടുക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. മാനസ്സിക സമ്മര്‍ദ്ദമുണര്‍ത്തുന്ന തെറ്റായ വാക്കുകളും ചിന്തകളും ശരിയായ രീതിയില്‍ പുനഃക്രമീകരിക്കുകയും ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിന് സ്വയം തയ്യാറെടുക്കുകയും വേണം.

ആവശ്യമെങ്കിൽ മാത്രം മരുന്ന്

ഒ.സി.ഡിയുടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആദ്യമായി മനഃശാസ്ത്ര വിദഗ്ധരിലാരെയെങ്കിലും കാണുകയാണ് വേണ്ടത്. ഒരു സൈക്ക്യാട്രിസ്റ്റിന്റെ അടുക്കല്‍ ആദ്യം പോയാല്‍ മരുന്ന് കുറിക്കാനാണ് സാധ്യത. അല്ലെങ്കില്‍ മനഃശാസ്ത്ര-മനോരോഗ ചികിത്സ ഉള്ള ആശുപത്രികളില്‍ മാത്രം പോവുക. ആവശ്യമെങ്കില്‍ മാത്രമേ മരുന്ന് സേവിക്കാവൂ. മാനസിക രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ്.

അനാവശ്യവും അമിതവും അകാരണവുമായ ഭയം കാരണം ഇത്തരക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായതിനാല്‍ ഇവരുടെ മാനസിക, വൈകാരികതലം ക്രമപ്പെടുത്തി ശരിയായ ദിശാബോധവും നല്ല ജീവിതവീക്ഷണം ഉണ്ടാകുന്നതിനുമുതകുന്ന ചികിത്സയാണ് തുടക്കത്തില്‍ വേണ്ടത്. സ്വയമോ വീട്ടുകാരുടെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്താലോ ഈ അവസ്ഥക്കു മാറ്റം വരുന്നില്ലെങ്കില്‍ സൈക്യാട്രിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം കൃത്യമായ കാലയളവില്‍ മരുന്നു കഴിക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം ജീവിതശൈലി പുനഃക്രമീകരിക്കുകയും വേണം. കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും പിന്തുണയും ഇവര്‍ക്ക് നല്‍കണം. ഫാമിലി കൗണ്‍സിലിങ്ങും ആവശ്യമാണ്.

സ്വഭാവ രൂപവല്‍കരണത്തിന് യോഗ, സൈക്കോ തെറാപ്പി, കോഗ്‌നേറ്റീവ് ബിഹേവിയറല്‍ തെറാപ്പി, റിലാക്‌സേഷന്‍ ട്രെയ്‌നിങ് എന്നിവയും മരുന്നുസേവക്കൊപ്പം ചെയ്താല്‍ നല്ല ഫലമുണ്ടാകും. സ്വയം ചികിത്സ, ശരിയായ രീതിയില്‍ രോഗനിര്‍ണ്ണയം നടത്താതിരിക്കല്‍, മന്ത്രവാദം, വ്യാജ ചികിത്സ, പാതിവഴിയിലെ ചികിത്സ നിര്‍ത്തല്‍ എന്നിവ പാടില്ല.

Tags:    
News Summary - OCD Symptoms and causes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.