പുതുവര്‍ഷമാകുമ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ജീവിതത്തെ ഒരു പുതിയ അധ്യായമായി കാണുന്നു. കലണ്ടറിലെ തീയതി മാറുന്നത് മാത്രമല്ല, മനസ്സിലും ഇത് ഒരു പരിവര്‍ത്തനം സൃഷ്ടിക്കുന്നു. പുതിയ ശീലങ്ങള്‍ തുടങ്ങാനും പുതിയ കാര്യങ്ങളിലേക്ക് കടക്കാനും പലരും ഈ ദിവസം തെരഞ്ഞെടുക്കുന്നു. ആരോഗ്യം ശ്രദ്ധിക്കാനായി, ജിമ്മില്‍ പോകാന്‍ തുടങ്ങുന്നതും ഡയറ്റ് തുടങ്ങുന്നതും ഈ ദിവസം തന്നെ. എന്നാല്‍, പലരും ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ വീണ്ടും പഴയ രീതികളിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു.
മനുഷ്യന്റെ മനസ് പൊതുവെ പുതുമ ആഗ്രഹിക്കുന്നതാണ്. മനശാസ്ത്രജ്ഞര്‍ ഫ്രെഷ് സ്റ്റാര്‍ട്ട് ഇഫക്റ്റ് എന്നാണ് ഇതേക്കുറിച്ച് പറയുന്നത്. കഴിഞ്ഞ കാലത്തെ പരാജയങ്ങള്‍, തെറ്റുകള്‍ എന്നിവയെ നമ്മള് പഴയ അധ്യായത്തിന്റെ ഭാഗമായി കാണുകയും പുതിയ തുടക്കത്തില്‍ അവയെ മറന്ന് മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ അത് നടപ്പാക്കാന്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? മനശാസ്ത്രപരമായി, ഈ സമയം നമ്മുടെ മനസ്സില്‍ ഒരു ‘റീസെറ്റ് ബട്ടണ്‍’ പോലെയാണ്. പഴയ ശീലങ്ങള്‍ക്ക് വിടപറഞ്ഞ് പുതിയവ സ്വീകരിക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. അമേരിക്കന്‍ മനശാസ്ത്രജ്ഞനായ ഡാനിയല്‍ കഹ്നമാന് പറയുന്നത് മനുഷ്യര്‍ നഷ്ടഭീതി ഉള്ളവരാണെന്നാണ്. പഴയ വര്‍ഷത്തിലെ നഷ്ടങ്ങള്‍ മറക്കാന്‍ പുതുവര്‍ഷം ഒരു അവസരമായി നമ്മള് ഉപയോഗിക്കുന്നു.
മറ്റൊരു മനശാസ്ത്ര വശം Optimsim Bias ആണ്. പുതുവര്‍ഷത്തില്‍ നമ്മള് കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവരും പ്രതീക്ഷയുമുള്ളവരായി മാറുന്നു. ഭാവിയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകള്‍ നമ്മെ ആക്ടീവാക്കുന്നു. എന്നാല്‍ നമ്മള് ഈ പ്രതീക്ഷയെയും വിശ്വാസത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ സമന്വയിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ജനുവരി അവസാനത്തോടെ പുതുവര്‍ഷ പ്രതിജ്ഞകള്‍ ലംഘിക്കപ്പെട്ട് നിരാശരാകാന്‍ സാധ്യതയുണ്ട്.
പ്രചോദനത്തിന്റെ രഹസ്യങ്ങള്‍
പുതുവര്‍ഷം പ്രചോദനത്തിന്റെ ഉറവിടമാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍മാരായ ടോണി റോബിന്‍സ് പറയുന്നത് മാറ്റം തുടങ്ങുന്നത് മനസ്സിലാണ് എന്നാണ്. പുതുവര്‍ഷത്തിന്റെ പ്രചോദനം ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍:
1. ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക: SMART (Specific, Measurable, Achievable, Relevant, Time-bound) ലക്ഷ്യങ്ങള്‍ സ്ഥാപിക്കുക. ഉദാഹരണത്തിന്, ഈ വര്‍ഷം ഭാരം കുറയ്ക്കണം എന്നതിനു പകരം, ജനുവരി മുതല്‍ ജൂണ്‍ വരെ ആഴ്ചയില്‍ മൂന്ന് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്ത് 5 കിലോ കുറക്കണം എന്ന് നിശ്ചയിക്കുക. കാരണം ചെറിയ ലക്ഷ്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും. ലക്ഷ്യം നേടിയതിന്റെ സന്തോഷം വീണ്ടും അത് ചെയ്യാന്‍ പ്രചോദനമാകും.
2. പോസിറ്റീവ് അഫര്‍മേഷനുകള്‍: ഓരോ ദിവസവും ‘ഞാന്‍ സ്ട്രോങ്ങാണ്, ഞാന്‍ മാറ്റം സൃഷ്ടിക്കും’ പോലുള്ള അഫര്‍മേഷനുകള്‍ ആവര്‍ത്തിക്കുക. ഇത് നമ്മുടെ ഉപബോധ മനസ്സിനെ പരിശീലിപ്പിക്കുന്നു, പ്രചോദനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
3. പരാജയങ്ങളെ പാഠങ്ങളാക്കുക: കഴിഞ്ഞ വര്‍ഷത്തെ തെറ്റുകളെ വിശകലനം ചെയ്ത് അവ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പരാജയം അന്തിമമല്ല, അത് പുതിയ തുടക്കമാണ് എന്ന് ഓര്‍ക്കുക.
4. സപ്പോര്‍ട്ട് സിസ്റ്റം നിര്‍മിക്കുക: കുടുംബം, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ എന്നിവയുമായി സ്ഥിരമായി ബന്ധം നലനിര്ത്തുക. സോഷ്യല്‍ സപ്പോര്‍ട്ട് മനശാസ്ത്രപരമായി പ്രചോദനം വര്‍ധിപ്പിക്കുകയും ഒറ്റപ്പെടല്‍ കുറക്കുകയും ചെയ്യുന്നു.
പ്രചോദനം നിലനിര്‍ത്താന്‍ ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ഈ പുതുവര്‍ഷത്തില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുക. ഓരോ പുതിയ ദിവസവും ഒരു പുതിയ തുടക്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.