ഷോർട്സ് വിഡിയോകൾ മാത്രം കാണുന്നവരാണോ? ഒന്നിലും അധിക നേരം ശ്രദ്ധിച്ചിരിക്കാൻ കഴിയാത്തവരാണോ നിങ്ങൾ? എങ്ങനെ സ്പാൻ ഓഫ് അറ്റൻഷൻ മെച്ചപ്പെടുത്താം

എത്ര മണിക്കൂർ വേണമെങ്കിലും സോഷ്യൽമീഡിയയിൽ സ്ക്രോൾ ചെയ്യാം. എന്നാൽ ഒരു ബുക്ക് വായിക്കാനെടുത്താൽ അത് പൂർത്തീകരിക്കാൻ കഴിയില്ല. ഒരു സിനിമ പോലും കണ്ടു തീർക്കാനുള്ള ക്ഷമയില്ല. ഇങ്ങനെയുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല. സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗം മൂലം വലിയൊരു വിഭാഗം ആളുകൾ സ്പാൻ ഓഫ് അറ്റൻഷൻ കുറ‍യുന്ന അവസ്ഥ നേരിടുന്നുണ്ട്.

ഒരാൾക്ക് ഒരു കാര്യത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ കഴിയുന്ന സമയം 2.5 മിനിറ്റിൽ നിന്ന് 2004 ഓടെ 47 സെക്കൻഡായി കുറഞ്ഞു എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ക്രീൻ ടൈം കൂടിയതും, 24/7 പ്രവർത്തിക്കുന്ന വിവരവിനിമയ സംവിധാനവും സാഹചര്യങ്ങളുടെ അനിശ്ചിതത്വം വർധിക്കുന്നതുമൊക്കെയാണ് ഇതിനുള്ള കാരണമായി വിദഗ്ദർ പറയുന്നത്. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന രോഗികൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ ഊർജമില്ലാത്തതുപോലെ അനുഭവപ്പെടുന്നതായി പറയാറുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ദയായ ഡോ.മൈക്കേൽ സിഫ്ര പറയുന്നു. എന്നാൽ സ്പാൻ ഓഫ് അറ്റൻഷൻ മെച്ചപ്പെടുത്താൻ കഴിയും.

എങ്ങനെയാണ് ശ്രദ്ധ വ്യതിചലിക്കുന്നത്?

ശ്രദ്ധാ സമയത്തിലെ മാറ്റം കാലക്രമേണ രൂപപ്പെടുന്നതാണ്. വിവരങ്ങൾ വേഗം ഫിൽറ്റർ ചെയ്ത് അതിവേഗം ചുറ്റുപാടിനെക്കുറിച്ച് ശരീരത്തിന് വിവരം കൈമാറുന്ന തരത്തിലാണ് തലച്ചോർ പ്രവർത്തിക്കുന്നത്. പക്ഷേ ഇന്ന് ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള തലച്ചോറിൻറെ ശേഷിയിൽ മാറ്റം വന്നിട്ടുണ്ട്. പകരം ബ്രേക്കിങ് ന്യൂസുകളും ഫോൺ നോട്ടിഫിക്കേഷനുകളുമാണ് ഇപ്പോൾ ഈ പണിയെടുക്കുന്നത്. കോവിഡ് കാലഘട്ടം ആളുകളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ എടുക്കുന്ന സമയവും സ്ക്രീൻ ഉപയോഗിക്കുന്ന സമയവുമെല്ലാം മുൻപില്ലാത്തവിധം വർധിപ്പിച്ചു. 30 സെക്കൻഡ് വീഡിയോകൾ സ്ഥിരമായി കാണുന്നത് വർധിച്ചത് ഇതിന് കാരണമായെന്ന് പറയുന്നു. ഇത്തരം ചെറു വിഡിയോകൾ നമ്മുടെ തലച്ചോറിനെ ചെറിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കാൻ പരിശീലിപ്പിച്ചു.

ഒരു ബ്രേക്കെടുക്കാം

ഒരു ബ്രേക്കെടുക്കുന്നത് നമ്മുടെ മനസ്സിനെയും ശ്രദ്ധയെയും വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ചെയ്യുന്ന കാര്യത്തിൽ ഒരു മുപ്പത് മിനിറ്റ് ബ്രേക്കെടുത്ത് പുറത്തേക്ക് നടക്കുകയോ മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യാം. ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. ഹ്രസ്വസമ‍യത്തേക്കുള്ള മെഡിറ്റേഷൻ ചെയ്യുകയോ ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കുകയോ ഒക്കെ ആവാം. ഈ സമയത്ത് ഫോൺ സ്ക്രോളിങ് ഒഴിവാക്കണം.

തലച്ചോറിന് ഒരു കാര്യം തന്നെ ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അടുത്ത് കാണുന്ന വസ്തുവിലേക്ക് ശ്രദ്ധ തിരിയും. സ്മാർട് ഫോണാണ് അത്തരത്തിൽ വേഗം ശ്രദ്ധ എത്തുന്ന വസ്തു. അതുകൊണ്ട് തന്നെ ഫോണിൽ 'ഡോണ്ട് ഡിസ്റ്റർബ്' ഓപ്ഷൻ ഓണാക്കിയിട്ടാൽ അനാവശ്യ നോട്ടിഫിക്കേഷനുകൾ കാരണം ശ്രദ്ധ നഷ്ടപ്പെടുന്നതൊഴിവാക്കാം

മൾട്ടി ടാസ്കിങ്ങിനോട് നോ പറ‍യാം

ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നത് ഒരുപാട് ചെയ്യാനുള്ളതുപോലെ തോന്നിക്കും. ഇത് ഒഴിവാക്കാൻ 'പോമോഡോറോ ടെക്നിക്' ഉപയോഗിക്കാം. അതായത് ജോലികൾ ചെയ്യുമ്പോൾ ഓരോ 25 അല്ലെങ്കിൽ 30 മിനിട്ടിനിടയിലും 5 മിനിട്ട് ബ്രേക്ക് എടുക്കുന്ന തരത്തിൽ ടൈമർ സെറ്റാക്കി വയ്ക്കുന്ന രീതി.

ഇഷ്ടമുള്ള കാര്യങ്ങൾ ഹോബിയാക്കി മാറ്റുകയും അതിന് ഗോൾ സെറ്റ് ചെയ്യുകയും ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് യൂണിവേഴ്സ്റ്റി ഓഫ് മിഷിഗണിലെ ന്യൂറോസയന്റിസ്റ്റായ സിൻഡി ലസ്റ്റിഗ് പറയുന്നു. ബുക്കുകൾ വായിക്കാം.വലിയ ഗൗരവമുള്ള ബുക്കുകൾ തന്നെ വായിച്ചു തുടങ്ങണമെന്നില്ല. റൊമാന്റിക് നോവലുകളിൽ നിന്ന് തുടങ്ങുന്നത് നല്ലതാവും. ആത്മാർഥമായി പരിശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മസിൽ ബിൽഡ് ചെയ്യുന്നതുപോലെ തന്നെ ക്രമേണ നിരവധി ശ്രമങ്ങളിലൂടെയാണ് സ്പാൻ ഓഫ് അറ്റൻഷൻ മെച്ചപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

Tags:    
News Summary - how to improve span of attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.