എന്തുകൊണ്ട് ആഘോഷങ്ങളിൽ ഞാൻ മാത്രം ഒറ്റപ്പെടുന്നു? ‘ഹോളിഡേ ഡിപ്രഷൻ’ നിസാരമല്ല

വർഷാവസാനമുള്ള അവധിക്കാലവും ആഘോഷങ്ങളും വരുമ്പോൾ ചിലപ്പോഴെങ്കിലും ആഘോഷിക്കാതിരിക്കാൻ തോന്നാറില്ലേ? ഇതാണ് 'ഹോളിഡേ ബ്ലൂസ്'. അല്ലെങ്കിൽ അവധിക്കാല വിഷാദം (Holiday Depression). സൈക്കോളജിസ്റ്റായ ഡോ. ഡോൺ പോട്ടർ ഇത്തരം വികാരങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും, മറ്റുള്ളവർ സന്തോഷത്തിലായിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ ഇതിനെ നേരിടാമെന്നും വിശദീകരിക്കുന്നു.

വർഷാവസാനമുള്ള ആഘോഷങ്ങളുടെയും അവധിക്കാലത്തിന്റെയും പശ്ചാത്തലത്തിൽ ഉണ്ടാകുന്ന ഒരു തരം സാഹചര്യപരമായ വിഷാദമാണിത് (Situational Depression). എല്ലാവരും സന്തോഷത്തിലായിരിക്കുമ്പോൾ തനിക്ക് മാത്രം അതിന് കഴിയുന്നില്ലല്ലോ എന്ന ചിന്ത ഇതിന്റെ പ്രധാന ലക്ഷണമാണ്. അവധിക്കാലം കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ ഒറ്റക്ക് താമസിക്കുന്നവർക്കോ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കോ ഏകാന്തത കൂടുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കുകളും അസ്വാരസ്യങ്ങളും സമ്മർദം വർധിപ്പിക്കുന്നു. സമ്മാനങ്ങൾ വാങ്ങുന്നതിനും ആഘോഷങ്ങൾക്കുമുള്ള പണച്ചെലവ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. മുമ്പ് അവധിക്കാലത്ത് സംഭവിച്ച ദുരനുഭവങ്ങൾ ആ സമയത്ത് വേട്ടയാടാം. ധാരാളം ആളുകൾ കൂടുന്ന പരിപാടികളോടുള്ള ഭയം ഇവയൊക്കെ ഹോളിഡേ ഡിപ്രഷന് കാരണമാകാം.

എപ്പോഴും സങ്കടം, നിരാശ, അല്ലെങ്കിൽ വിഷാദം അനുഭവപ്പെടുക, പതിവായി ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുക, ഉറങ്ങാൻ ബുദ്ധിമുട്ട്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്മ, പ്രചോദനമില്ലായ്മ, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ അനുഭവപ്പെടുക എന്നിവയൊക്കെ ഹോളിഡേ ഡിപ്രഷന്‍റെ ലക്ഷണങ്ങളാണ്. ഹോളിഡേ ഡിപ്രഷൻ അഥവാ അവധിക്കാല വിഷാദം സാധാരണയായി ഗുരുതരമായ ഒരു അവസ്ഥയല്ല. ഇത് ഒരു പ്രത്യേക സമയത്ത് മാത്രം ഉണ്ടാകുകയും ആ കാലയളവ് കഴിയുമ്പോൾ മാറുകയും ചെയ്യുന്ന ഒന്നാണ്.

ഈ അവസ്ഥ ഗുരുതരമാവുകയാണെങ്കിൽ, സ്വയം ഉപദ്രവിക്കാനുള്ള ചിന്തകളോ ആത്മഹത്യാ പ്രവണതകളോ ഉണ്ടായേക്കാം. സങ്കടവും നിരാശയും കാരണം നിങ്ങൾക്ക് ജോലി ചെയ്യാനോ, പഠിക്കാനോ, അല്ലെങ്കിൽ സാധാരണ കാര്യങ്ങൾ ചെയ്യാനോ കഴിയാതിരിക്കുക, കടുത്ത വിഷാദം, ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ, സ്വയം ഉപദ്രവിക്കാനുള്ള ചിന്തകളോ ആത്മഹത്യാ പ്രവണതകളോ ഉണ്ടാവുക ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടണം.

ഈ അവസ്ഥയെ മറിക്കടക്കാൻ

നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുക: ഈ സമയത്ത് വിഷമം തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കുക.

അതിരുകൾ നിശ്ചയിക്കുക: നിങ്ങൾക്ക് പോകാൻ താൽപ്പര്യമില്ലാത്ത പരിപാടികൾ ഒഴിവാക്കാനോ അല്ലെങ്കിൽ സമ്മാനങ്ങൾ നൽകുന്നതിന് പരിധി വെക്കാനോ മടിക്കരുത്. വേണ്ട എന്ന് പറയാൻ പഠിക്കുക.

ബന്ധങ്ങൾ നിലനിർത്തുക: ഏകാന്തത തോന്നുകയാണെങ്കിൽ സുഹൃത്തുക്കളോടോ വിശ്വസ്തരായവരോടോ സംസാരിക്കുക.

സ്വയം പരിചരിക്കുക: ആവശ്യത്തിന് ഉറങ്ങുക, പുറത്ത് നടക്കുക, വ്യായാമം ചെയ്യുക, നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക.

സോഷ്യൽ മീഡിയ ഉപയോഗം കുറക്കുക: ഓൺലൈനിൽ മറ്റുള്ളവരുടെ ഹൈലെറ്റ് റീലുകൾ കണ്ട് നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.

Tags:    
News Summary - Holiday Depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.