മെറ്റെ ഫ്രെഡറിക്‌സൺ

‘മൊബൈൽ ഫോണുകളും സോഷ്യൽ നെറ്റ്‌വർക്കുകളും ബാല്യം കവർന്നെടുക്കുന്നു’; 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഡെൻമാർക്ക്

കുട്ടികളുടെ മാനസികാരോഗ്യത്തിലും വികാസത്തിലും സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനം കണക്കിലെടുത്ത്15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള പദ്ധതി ഡെൻമാർക്ക് പ്രഖ്യാപിച്ചു. ഡാനിഷ് പാർലമെന്‍റിന്‍റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം അവതരിപ്പിച്ചത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിക്കാൻ ഡെൻമാർക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ അറിയിച്ചു. ‘മൊബൈൽ ഫോണുകളും സോഷ്യൽ നെറ്റ്‌വർക്കുകളും നമ്മുടെ കുട്ടികളുടെ ബാല്യം കവർന്നെടുക്കുകയാണെന്നും’ പ്രധാനമന്ത്രി വ്യക്തമാക്കി.

കുട്ടികളിലെ ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്, വായനാ വൈകല്യം എന്നിവ വർധിക്കുന്നതിനും, ഒരു കുട്ടി കാണാൻ പാടില്ലാത്ത കാര്യങ്ങൾ അവർ സ്‌ക്രീനുകളിൽ കാണുന്നതിനും സോഷ്യൽ മീഡിയ കാരണമാകുന്നുവെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ അഭിപ്രായപ്പെട്ടു. ഇത്രയധികം കുട്ടികളും യുവജനങ്ങളും ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏതൊക്കെ സോഷ്യൽ നെറ്റ്‌വർക്കുകളെയാണ് ഈ നിരോധനം ബാധിക്കുക എന്ന് പ്രധാനമന്ത്രി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും നിരവധി പ്ലാറ്റ്‌ഫോമുകളെ ഇത് ബാധിക്കുമെന്നാണ് സൂചന.

11 മുതൽ 19 വരെ ഇടയിൽ പ്രായമുള്ള ഇനങ്ങളിൽ 60 ശതമാനം പേർക്കും ഒരാഴ്ചത്തെ ഒഴിവുസമയങ്ങളിൽ ഒരു സുഹൃത്തിനെപ്പോലും നേരിട്ട് കാണാൻ കഴിയുന്നില്ലെന്ന് കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകളും ഫ്രെഡറിക്‌സെൻ ഉദ്ധരിച്ചു. ഡെൻമാർക്കിലെ 94 ശതമാനം ഏഴാം ക്ലാസ്സിലെ കുട്ടികൾക്കും 13 വയസ്സിന് മുമ്പ് തന്നെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിർദേശിച്ചിട്ടുള്ള നിയമത്തിൽ 13 വയസ്സ് മുതൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മാതാപിതാക്കളുടെ അനുമതി നേടാനുള്ള ഓപ്ഷൻ ഉണ്ടാകും. ആസ്‌ട്രേലിയ (16 വയസ്സിന് താഴെ നിരോധനം), നോർവേ (15 വയസ്സ് കുറഞ്ഞ പ്രായപരിധി) തുടങ്ങിയ രാജ്യങ്ങളുടെ സമാനമായ നീക്കങ്ങൾക്ക് പിന്നാലെയാണ് ഡെൻമാർക്കും ഈ നടപടി സ്വീകരിക്കുന്നത്.

ഈ നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡെൻമാർക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രായം എങ്ങനെ സ്ഥിരീകരിക്കും, നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നതിലൊക്കെ വ്യക്തത വരാനുണ്ട്. ഇതിന് മുന്നോടിയായി, ഡെൻമാർക്ക് എല്ലാ സ്കൂളുകളിലും ആഫ്റ്റർ-സ്കൂൾ ക്ലബ്ബുകളിലും മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Denmark plans to ban social media for users under 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.