മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ജീവീത രീതികളും മനുഷ്യനെ സങ്കീർണമായ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതായാണ് വിവിധ മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്. തൊഴിൽ സമ്മർദങ്ങളും കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും ഏകാന്തതയുമെല്ലാം മനുഷ്യനെ വല്ലാത്ത മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇങ്ങനെയുള്ള സമ്മർദങ്ങൾ സൃഷ്ടിക്കുന്ന മനസ്സിലെ ഭാരം പല അസുഖങ്ങൾക്കും ആയുർദൈർഘ്യത്തിന്റെ കുറവിലേക്കും നയിക്കുമെന്ന് പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ‘ക്രൈയിങ് ക്ലബുകൾ’ എന്ന ആശയം ലോകത്ത് പല രാജ്യങ്ങളിലും ശ്രദ്ധനേടി മുന്നേറുന്നത്.
പേരുകേട്ട് ഇത് കരയാനുള്ള ഒരു ക്ലബ് മാത്രമാണെന്ന ധാരണയൊന്നും വേണ്ട. ആളുകൾക്ക് ഒന്നിച്ചോ അല്ലാതെയോ ഇരുന്ന് അവരുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരു സംവിധാനമാണ് ക്രൈയിങ് ക്ലബുകൾ. കരച്ചിലിലൂടെ നമ്മുടെ മനസ്സിനെ ശാന്തമാക്കാമെന്നും അതുവഴി മാനസിക സമ്മർദങ്ങൾ കുറക്കാമെന്നുമുള്ള കണ്ടെത്തലാണ് ക്രൈയിങ് ക്ലബ് എന്ന ആശയത്തിനുപിന്നിൽ. തുറന്നുപറയാൻ ആരുമില്ലാത്തവർക്ക് അതിനുള്ള അവസരംകുടിയാണ് ഈ ക്ലബുകൾ ഒരുക്കുന്നത്. സാധാരണയായി ചെറിയ ഗ്രൂപ്പുകളായി ആളുകൾ ഇവിടെ ഒത്തുകൂടും. അവിടെവെച്ച് അവർ ജീവിതാനുഭവങ്ങൾ പങ്കുവെക്കും. കരയേണ്ടവർക്ക് എത്രവേണമെങ്കിലും കരയാം, ചിരിക്കാം, കഥകൾ പറയാം...
‘കരയാൻ പാടില്ല’ എന്ന് ആരോ എപ്പോഴോ പറഞ്ഞുവെച്ചതിനെ പിൻപറ്റി കരച്ചിൽ ഒരു മോശം കാര്യമാണെന്ന് ധരിക്കുന്നവർക്ക് ആ ധാരണ തിരുത്തിക്കൊടുക്കുകകൂടിയാണ് ക്രൈയിങ് ക്ലബുകൾ ചെയ്യുന്നത്. കരച്ചിൽ ഒരു ദൗർബല്യമല്ലെന്നും അത് മനസ്സിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണെന്നുമാണ് ക്രൈയിങ് ക്ലബുകളുടെ അടിസ്ഥാനം.
അതേസമയം, ഇത്തരം ക്ലബുകൾ ഒരു താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുകയെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത പ്രവർത്തനങ്ങളാണ് ക്രൈയിങ് ക്ലബുകളിലുണ്ടാവുകയെന്നും വാദിക്കുന്ന ചിലരും നമുക്കിടയിലുണ്ട്. ശരിയായ മാർഗനിർദേശങ്ങളില്ലെങ്കിൽ മാനസിക സമ്മർദമനുഭവിക്കുന്നവർക്ക് അവരുടെ സ്ഥിതി വഷളാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവർ തരുന്നു. ക്രൈയിങ് ക്ലബുകൾ പ്രഫഷനൽ മേൽനോട്ടത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അങ്ങനെയാണ് ഓരോ ക്രൈയിങ് ക്ലബുകളും പ്രവർത്തിക്കേണ്ടതെന്നും മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.