ദേഷ്യവും സമ്മർദവും കാരണം എന്തെങ്കിലുമൊക്കെ തല്ലിപ്പൊളിക്കാൻ തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന് സൗകര്യം ചെയ്തുതരുന്ന കമ്പനികൾ ഇന്ത്യയിലും സജീവമാകുന്നു. നിയന്ത്രിത അന്തരീക്ഷത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തല്ലിപ്പൊളിക്കാനുള്ള സൗകര്യവും സാധനങ്ങളും ഒരുക്കിത്തരുന്ന നിരവധി സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. റേയ്ജ് റൂം/ സ്മാഷ് റൂം വൈകാതെ ചെറുനഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 2008ൽ ജപ്പാനിലാണ് ആദ്യമായി റേജ് റൂമുകൾ തുടങ്ങിയത്.
പിന്നീട് ഈ ആശയം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യൻ നഗരങ്ങളിലെ ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് പത്ത് മിനിറ്റും പൊട്ടിക്കാനുള്ള ആറ് സാധനങ്ങളുമടങ്ങിയ പാക്കേജിന് 500 രൂപയാണ് നിരക്ക്. 800 രൂപ നൽകിയാൽ പൊട്ടിക്കാൻ 18 സാധനങ്ങളും 15 മിനിറ്റ് സമയവും തരും.
1500 രൂപയുടെ പാക്കേജിൽ 35 -40 സാധനങ്ങളുണ്ടാകും. അര മണിക്കൂർ സമയം അനുവദിക്കും. 6700 രൂപയുടെ ടി.വി സ്മാഷ് പാർട്ടിയിൽ ആറുപേരെ ഒരുമിച്ച് കടത്തിവിടുകയും പഴയ ടി.വി ഉൾപ്പെടെ 65 സാധനങ്ങൾ ഒരുക്കിത്തരുകയും ചെയ്യും. കേടുവന്ന ലാപ്ടോപ്, പൊട്ടിയ പാത്രങ്ങളും ഫർണിച്ചറുകളും, കുപ്പി തുടങ്ങി പലവിധ വസ്തുക്കളാണ് ഉണ്ടാവുക. നിങ്ങളുടെ പിടിവിടാതെ നിയന്ത്രിച്ചുനിർത്താനും നിങ്ങൾ അലങ്കോലമാക്കിയ മുറി വൃത്തിയാക്കാനും ജീവനക്കാരുണ്ടാകും. സുരക്ഷ മുൻകരുതലുകളും ഒരുക്കിയിട്ടുണ്ടാകും.
അതേസമയം, നശീകരണത്തിലൂടെ സമാധാനം കണ്ടെത്തുന്നത് താൽക്കാലിക പരിഹാരം മാത്രമാണെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ചില സന്ദർഭങ്ങളിൽ ഇത്തരം പ്രവൃത്തികൾ കൂടുതൽ ദേഷ്യം പിടിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
ജപ്പാനിൽ ചില കമ്പനികളിൽ പ്രത്യേക മുറിയിൽ മേലധികാരിയുടെ പേര് എഴുതിയ ബൊമ്മ വെച്ചിട്ടുണ്ടാകും. ദേഷ്യം തീർക്കാൻ ജീവനക്കാർക്ക് കയറി അതിൽ ഇടിക്കാൻ അനുമതിയുണ്ടാകും. അത് കഴിഞ്ഞു വന്ന് ശാന്തമായി കാര്യക്ഷമതയോടെ ജോലി ചെയ്താൽ മതി. മേലധികാരി തന്നെയാണ് ഇത് ഒരുക്കിത്തരുന്നത് എന്നതാണ് രസകരം. അവർക്ക് ഉൽപാദനക്ഷമതയിലാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.