നിങ്ങളില്‍ നിറങ്ങളുടെ സ്വാധീനം ഇങ്ങനെ...

മനോവികാരങ്ങളെയും പ്രവൃത്തികളെയും ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണത്തെയുമെല്ലാം നിറങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ആതുരാലയങ്ങളിലെ ഭിത്തികള്‍ക്കും കിടക്കവിരികള്‍ക്കും മറ്റും പച്ചനിറം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മനസ്സിന് ശാന്തതയും സമാധാനവും ഉണ്ടാക്കുന്ന നിറമാണ് പച്ച. ചുവന്ന നിറം ഭീതിയും ക്രൗര്യവും ജനിപ്പിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നു പറയുന്നതുപോലെ നിറങ്ങള്‍ മനസ്സിന്റെ വികാരങ്ങളെ ഉണര്‍ത്തുന്നു എന്നതും യാഥാര്‍ഥ്യമാണ്. സന്തോഷവും വിനോദവും നല്‍കുന്ന നിറങ്ങള്‍ നമ്മുടെ ജീവിതത്തിലെ മുഖ്യഭാഗമാണ്. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും വീടിനു ചായം പൂശുമ്പോഴും തെരഞ്ഞെടുക്കുന്ന നിറത്തില്‍ കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ശരീര താപനില പോലെ നിറങ്ങള്‍ക്കും താപനിലയുണ്ട്. ചൂടു കൂടുതലുളള നിറങ്ങളും ചൂടു കുറവുളള നിറങ്ങളുമുണ്ട്. ചുവപ്പ്. ഓറഞ്ച്, ചുവപ്പ് ഓറഞ്ച്, മഞ്ഞ, ഓറഞ്ച് എന്നിവയാണ് ചൂടു കൂടുതലുള്ള നിറങ്ങള്‍. മണ്ണിന്റെ നിറങ്ങള്‍ (എര്‍ത്തി കളര്‍) എന്നും ഇവ അറിയപ്പെടുന്നു. തണുത്ത കളറുളള മുറികളില്‍ ആളുകള്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കും. കളര്‍ തെറാപ്പി നമ്മുടെ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

ഓരോ നിറങ്ങളും വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ചിലത് പരിശോധിക്കാം:

വെളുപ്പ്

ഒരു വ്യക്തി പ്രായമുള്ളയാളാണെങ്കില്‍ വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത് പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ്. നഷ്ടമായ യൗവനവും ഉന്‍മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാണിത്. ലളിത ജീവിതത്തോടുള്ള ആഗ്രഹവും ഇത് സൂചിപ്പിക്കും.

ചുവപ്പ്

ശക്തി, ആരോഗ്യം, ഓജസ്സ് എന്നിവയുടെ നിറമാണ് ചുവപ്പ്. ഈ നിറം തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും ഉണര്‍വുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ശുഭാപ്തി വിശ്വാസികളായ ഇവര്‍ വിരസത ഇഷ്ടപ്പെടുന്നില്ല. അശ്രദ്ധരോ അന്തര്‍മുഖരോ ആയിരിക്കില്ല. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന ഇവര്‍ ചിലപ്പോള്‍ സ്വന്തം പോരായ്മകളെ കുറിച്ച് അജ്ഞരായിരിക്കും.

മെറൂണ്‍

ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും ജീവിതത്തില്‍ തകര്‍ന്നിട്ടും മുന്നോട്ട് പോകുന്നവരാണ്. ഇവര്‍ അച്ചടക്കശീലമുള്ളവരായിരിക്കും. കഠിനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന് വിജയം നേടുന്നവരായിരിക്കും.

പിങ്ക്

പിങ്ക് അവേശരഹിതമായ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്. സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും. പിങ്ക് ഇഷ്ടപ്പെടുന്ന സ്തീകള്‍ മാതൃഭാവമുള്ളവരാകും. ഇവര്‍ സുരക്ഷിതമായ ജീവിതവും സംരക്ഷണവും പ്രത്യേക പരിചരണവും ആഗ്രഹിക്കുന്നവരാണ്. സൗന്ദര്യത്തോടെയും ആഢംബരത്തോടെയും പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.

ഓറഞ്ച്

യുവത്വം, ശക്തി, ധൈര്യം, ആകാംക്ഷ, പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് ഓറഞ്ച്. ആഢംബരത്തിന്റെയും ആനന്ദത്തിന്റെയും നിറമാണ്. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരും സാമൂഹികജീവികളും ആയിരിക്കും. ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്തരും ആയിരിക്കും. അല്‍പം ചാഞ്ചല്യമുള്ളവരാണെങ്കിലും പൊതു സമ്മതരായിരിക്കും.

മഞ്ഞ

സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമാണ് മഞ്ഞ. സാഹസികരും അസാധാരണത്വവും ആത്മസംതൃപ്തിയും തിരയുന്നവരുമാണ് ഈ നിറം തെരഞ്ഞെടുക്കുന്നത്. ഈ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നരും ബുദ്ധിയുള്ളവരുമായിരിക്കും. മനസ്സുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍.

പച്ച

ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമാണ് പച്ച. സമാധാനം, പുതുമ, പ്രതീക്ഷ എന്നിവയെ ഈ നിറം പ്രതിഫലിപ്പിക്കുന്നു. സ്വതന്ത്ര ചിന്താഗതിക്കാരായ ഇവര്‍ സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും. ആത്മാര്‍ത്ഥതയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ് പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. സ്വയം വളരുന്നവരും പരിഷ്‌കൃതരും സമാധാനപ്രിയരും ആയിരിക്കും. മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്‌തേക്കാം. ഇവര്‍ പൊതുവെ സംസ്‌കാര സമ്പന്നരും ഉത്കൃഷ്ടരും ബഹുമാനിതരും ആയിരിക്കും.

നീല

കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ് നീല. സമാധാനം, സത്യസന്ധത, ക്ഷമ, ആത്മനിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്നു. വ്യക്തിയുടെ സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ് പ്രതിഫലിപ്പിക്കുന്നത്. നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കുമെങ്കിലും അചഞ്ചലമായ വിശ്വാസങ്ങളാല്‍ ഇടയ്ക്കിടെ ദുഖിതരാകും. ഉത്കണ്ഠാകുലരായ ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിനിട നല്‍കും.

നീല കലര്‍ന്ന പച്ച

ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ലോലഹൃദയരും ബുദ്ധിയുള്ളവരും നിര്‍മ്മല സ്വഭാവക്കാരുമായിരിക്കും. സ്ഥിരത ഉള്ളവരും സ്വഭാവത്തില്‍ ഇരുത്തം വന്നവരും സൗന്ദര്യവും കഴിവും ഉള്ളവരായിരിക്കും ഇവര്‍. പരസഹായവും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇവര്‍ ഇഷ്ടടപ്പെടുന്നില്ല.

ഹരിത നീലം

സങ്കീര്‍ണതയും ഭാവനയും സ്വാഭാവികതയും ഉള്ളവരായിരിക്കും ഹരിതനീലം ഇഷ്ടപ്പെടുന്നവര്‍. ഇവര്‍ കര്‍ക്കശ സ്വഭാവക്കാരാണ്. തണുപ്പന്‍ പ്രകൃതം മൂലം വഴക്കുകളില്‍ ചെന്നുപെട്ടേക്കാം.

ലാവെന്‍ഡര്‍ (ഇളം വയലറ്റ്)

എപ്പോഴും വൃത്തിയായും മനോഹരമായും വസ്ത്രധാരണം നടത്തുന്നവരായിരിക്കും ഇവര്‍. സംസ്‌കാരസമ്പന്നവും ഉത്കൃഷ്ടവുമായ ജീവിതത്തിന് വേണ്ടി നില കൊള്ളുന്നവരുമായിരിക്കും. ക്രിയാത്മകതയും പരിഷ്‌കാരവും രസികത്വവും ഇവരുടെ പ്രത്യേകതയാണ്.

പര്‍പ്പിള്‍

ഇവര്‍ വ്യത്യസ്തതയും അതുല്യതയും ആഗ്രഹിക്കുന്നവരായിരിക്കും. മികച്ച വ്യക്തിത്വം, തൃപ്തിപ്പെടാന്‍ പ്രയാസം, രസികത്വം, പെട്ടെന്നുള്ള പ്രതികരണം എന്നിവയാണ് പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകള്‍. എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്തരിച്ച് പറയുന്നവരും കലാപ്രേമികളും ആയിരിക്കും ഇവര്‍.

വീടിന് തെരഞ്ഞെടുക്കുന്ന നിറങ്ങളുടെ സ്വാധീനം

വീടിന് നമ്മള്‍ തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്കുമുണ്ട് സ്വാധീനം. ഉദാഹരണത്തിന്, പ്രസരിപ്പു തരുന്ന മഞ്ഞയും അലോസരമുണ്ടാക്കുന്ന മഞ്ഞയുമുണ്ട്.
പ്രകൃതിദത്തമായ നിറമാണ് ബ്രൗണ്‍ അഥവാ തവിട്ടു നിറം. ഗുണനിലവാരമുളള പെയിന്റുകളും ലെഡ് കലര്‍ന്നതും മറ്റ് ഘനലോഹങ്ങളും അപകടകാരികളായ രാസവസ്തുക്കളും ഇല്ലാത്തതോ കുറവായതോ ആയ പെയിന്റുകള്‍ ഉപയോഗിക്കുക എന്നതാണ് പൊതുവെ നിര്‍ദേശിക്കപ്പെടുന്നത്..

കിഴക്കു ഭാഗത്തുളള മുറികളുടെ ഭിത്തി ചൂടാകാനുളള സാധ്യത കുറവായതുകൊണ്ട് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ഉപയോഗിക്കാം. പടിഞ്ഞാറു ഭാഗത്തുളള മുറികളില്‍ വൈകുന്നേരംവരെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഈ കളറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

തണുത്ത നിറങ്ങളായ നീല, പച്ച, നീലപച്ച, മഞ്ഞപച്ച എന്നിവ തണുത്ത അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറു ഭാഗത്തുളള മുറികളുടെ ചുവരുകള്‍ ദീര്‍ഘനേരം സൂര്യ രശ്മി പതിക്കുന്നതുകൊണ്ട് ചൂടായിത്തന്നെ ഇരിക്കും. അതുകൊണ്ട് ഈ മുറികളില്‍ കൂള്‍ നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചൂട് ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

തെക്ക് പടിഞ്ഞാറ് ഭാഗത്തും ഇതേ സ്ഥിതി ആയതുകൊണ്ട് അവിടെയും കൂള്‍ നിറങ്ങളാണ് ഉത്തമം.
വടക്ക് കിഴക്ക് ഭാഗത്തുളള മുറികളില്‍ ഏതു നിറവും അനുയോജ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.