ഏതു മൂഡിനും അനുയോജ്യമായ മ്യൂസിക് നമ്മൾ കേൾക്കാറുണ്ട്. സംഗീതം പലപ്പോഴും നമ്മുടെ മുറിവുകളെ സുഖപ്പെടുത്തുന്നതു പോലെ പലർക്കും അനുഭവപ്പെട്ടിട്ടുമുണ്ടാകും. കലയ്ക്കും സംഗീതത്തിനും അങ്ങനെയുള്ള സുഖപ്പെടുത്തൽ ഗുണമുള്ളതിനാൽ മാനസികാരോഗ്യ ചികിത്സയിൽ ഇപ്പോൾ അവ ഉപയോഗിച്ചുവരുന്നു.
പരമ്പരാഗത ചികിത്സാരീതികൾക്കൊപ്പം, കലാചികിത്സ (Art Therapy) യും സംഗീത ചികിത്സ (Music Therapy) യും പോലുള്ള സർഗാത്മക ചികിത്സാരീതികൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സർഗാത്മക ചികിത്സകൾ സമ്മർദ്ദം കുറയ്ക്കുന്നതിലും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും മറ്റ് മാനസിക പ്രശ്നങ്ങൾ ഭേദമാക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്നു.
ആധുനിക ജീവിതത്തിലെ തിരക്കേറിയ ദിനചര്യകൾ പലരിലും സമ്മർദ്ദത്തിന് കാരണമാകുന്നു. ആർട്ട് തെറാപ്പിയിൽ, ചിത്രരചന, ശിൽപ്പനിർമ്മാണം പോലുള്ളവ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നവയാണ്. ഇത് മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിൽ കോർട്ടിസോളിന്റെ (സ്ട്രെസ് ഹോർമോൺ) അളവ് കുറയ്ക്കുകയും ചെയ്യുന്നു. 45 മിനിറ്റ് വരെയുള്ള കലാ പ്രവർത്തനങ്ങൾ 25 ശതമാനം വരെ സമ്മർദ്ദം കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മ്യൂസിക് തെറാപ്പിയിൽ, സംഗീതം കേൾക്കുകയോ പാടുകയോ വാദ്യോപകരണങ്ങൾ വായിക്കുകയോ ചെയ്യുന്നത് ശ്വസനം നിയന്ത്രിക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യുന്നു. റിലാക്സേഷൻ മ്യൂസിക് കേൾക്കുന്നത് സന്തോഷ ഹോർമോണുകൾ (എൻഡോർഫിൻസ്) പുറപ്പെടുവിക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയുടെ പഠനമനുസരിച്ച്, സംഗീത ചികിത്സയിലൂടെ സമ്മർദ്ദം 60 ശതമാനം വരെ കുറക്കാൻ സഹായിക്കുന്നു.
വിഷാദരോഗികൾക്ക് സർഗാത്മക ചികിത്സകൾ ഏറെ ഗുണകരമാണ്. സ്വന്തം വികാരങ്ങൾ ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കുന്നത് സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത് ഡോപമൈൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനാൽ മാനസികാവസ്ഥ മെച്ചപ്പെട്ടതാകുന്നു.
സംഗീതം മസ്തിഷ്കത്തിലെ റിവാർഡ് സെന്ററുകളെ സജീവമാക്കുന്നു. ഒരു പഠനത്തിൽ, സംഗീത ചികിത്സ വിഷാദലക്ഷണങ്ങൾ 50 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. പാട്ടുകൾ പാടുന്നത് സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുകയും ഏകാന്തത കുറക്കുകയും ചെയ്യുന്നു. ഉൽക്കണ്ഠ, പി.ടി എസ്.ഡി (Post-Traumatic Stress Disorder), ഓട്ടിസം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ചികിത്സകൾ ഫലപ്രദമാണ്. ആർട്ട് തെറാപ്പി ട്രോമകൾ പ്രോസസ് ചെയ്യാൻ സഹായിക്കുന്നു - വാക്കുകളില്ലാതെ വികാരങ്ങൾ പുറത്തെടുക്കാൻ കഴിയുന്നു. വേൾഡ് ജേണൽ ഓഫ് സൈക്യാട്രി നടത്തിയ പഠനത്തിൽ, പി.ടി എസ്.ഡി രോഗികളിൽ അവരുടെ രോഗലക്ഷണങ്ങൾ 40 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തി.
മ്യൂസിക് തെറാപ്പി ഓട്ടിസമുള്ള കുട്ടികളിൽ ആശയവിനിമയം മെച്ചപ്പെടുത്തുന്നു. റിഥം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കലിനെ മെച്ചപ്പെടുത്തുന്നു. പലരും വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ പ്രയാസപ്പെടുന്നവരാണ്. ആർട്ട് തെറാപ്പി, നിറങ്ങൾ, ആകൃതികൾ എന്നിവയിലൂടെ അടിച്ചമർത്തപ്പെട്ട വികാരങ്ങൾ പുറത്തെടുക്കാൻ സഹായിക്കുന്നു. ഇത് സ്വയം അവബോധം സൃഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കുന്നു. സംഗീതം വികാരങ്ങളെ നേരിട്ട് സ്പർശിക്കുന്നു.
പാട്ടുകൾ എഴുതുന്നത്, അല്ലെങ്കിൽ കേൾക്കുന്നത് കരച്ചിൽ, സന്തോഷം തുടങ്ങിയവ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. സംഗീതം വികാരനിയന്ത്രണം മെച്ചപ്പെടുത്തുന്നതായി ജേണൽ ഓഫ് മ്യൂസിക് തെറാപ്പി പഠനത്തിൽ പറയുന്നു.മ്യൂസിക് - ആർട്ട് തെറാപ്പികൾ മാനസികാരോഗ്യത്തിന് സുരക്ഷിതവും ആകർഷകവുമായ മാർഗങ്ങളാണ്. ഇവ സമ്മർദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രൊഫഷണൽ മാർഗനിർദേശത്തോടെ ഈ ചികിത്സകൾ സ്വീകരിക്കുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.