ആശങ്കകള്‍ കുറക്കാം; ശുഭാപ്തിവിശ്വാസിയാവാം


ലോകത്തെ മുഴുവൻ വ്യക്തികളും ഇന്ന് കോവിഡ്-19 എന്ന വൈറസ് രോഗത്തെക്കുറിച്ച് ആശങ്കപ്പെടുകയാണ്. അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള ഒരു മാരകമായ പകർച്ചവ്യാധിയെയാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ ശാരീരിക ശുചിത്വം, പ്രതിരോധം എന്നീ കാര്യങ്ങളിൽ വ്യാപകമായ ബോധവത്കരണങ്ങൾ നടക്കുകയും അതി​​​െൻറ ഭാഗമായി ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ ഒരു പരിധിവരെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, രോഗത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും പുതിയ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പ്രയാസങ്ങളും ചേർന്ന് സൃഷ്​ടിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് സമൂഹത്തിൽ വലിയതോതിലുള്ള ബോധവത്കരണങ്ങൾ നടന്നിട്ടില്ല എന്നത്​ ഒരു യാഥാർഥ്യമാണ്​. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ വിദ്യാസമ്പന്നർക്കിടയിൽപോലും ആവശ്യത്തിനുള്ള അറിവില്ല. ഇൗ സാഹചര്യത്തിൽ നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാനസിക പ്രതിരോധശേഷി കൈവരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

 

സദാസമയവും വാർത്തകളിൽ മുഴുകരുത്
നിലവിൽ വീടുകൾക്കകത്തും ക്വാറൻറീനിൽ കഴിയുന്നവരിലും, പരിമിതമായെങ്കിലും ചില ജോലികളിൽ  മുഴുകുന്നവരിലും, 
ഒരുപോലെ കണ്ടുവരുന്ന ഒരു സ്വഭാവമാണ് കോവിഡ്-19മായി ബന്ധപ്പെട്ട വാർത്തകൾ നിരന്തരം പിന്തുടരുക എന്നത്. പത്രങ്ങൾ, ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ആശങ്കയിലാണ് പലരും. വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്​റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾ നമ്മുടെ നാട്ടിൽ വ്യാപകമാണ്. അതുകൊണ്ടുതന്നെ  മിക്കവരും വിവരങ്ങൾ കൂടുതലായി അറിയുന്നത് ഇത്തരം മാധ്യമങ്ങളിലൂടെയാണ്. കഴിയാവുന്ന സമയങ്ങളിലൊക്കെ ആളുകൾ  രോഗവ്യാപനത്തെയും കോവിഡ് മരണങ്ങളെയുംകുറിച്ച് പുതിയ വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്. എന്നാൽ, ഈ പ്രവണത  അത്ര നല്ലതല്ല. എന്തെന്നാല്‍, ഇങ്ങനെ ചെയ്യുന്ന വ്യക്തികൾക്കിടയിൽ തുടർച്ചയായി ആശങ്കകളും മാനസികസംഘർഷങ്ങളും ഉത്കണ്ഠകളും ഉണ്ടാകാന്‍ ഇത് കാരണമാവും. 

മനസ്സിൽ എല്ലായ്​പ്പോഴും നിഷേധചിന്തകൾ മാത്രം നിറയുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളില്‍, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം എന്നിവ വളർത്തുകയാണ് വേണ്ടത്.

ഇൗ പ്രശ്നത്തെ അതിജീവിക്കാൻ മേല്‍പറഞ്ഞ  ശീലങ്ങളിൽ നിർബന്ധമായും ചില മാറ്റങ്ങളും നിയന്ത്രണങ്ങളും വരുത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ദിവസത്തിൽ നിരവധി തവണ കോവിഡുമായി ബന്ധപ്പെട്ട വാർത്തകളെ പിന്തുടരാതിരിക്കുക എന്നത്. ഒന്നോ രണ്ടോ തവണമാത്രമായി വാർത്തകൾ കാണുന്നത് ചുരുക്കുക. അതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കുക. സമൂഹമാധ്യമങ്ങളിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ധരിക്കാതെ ഒൗദ്യോഗിക സംവിധാനങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക. കൂടാതെ, അതിജീവനത്തി​​​െൻറ വാർത്തകളും വിവരങ്ങളും പരമാവധി വായിക്കുകയും കാണുകയും അതേക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യുക. ഇത്തരം കാര്യങ്ങൾ വ്യക്തികളിൽ ശുഭചിന്തയും ആത്മവിശ്വാസവും വളർത്തും.

ലോക്ഡൗണും സമൂഹവും 
സമൂഹത്തിലെ വിവിധതലത്തിലുള്ളവരെ പലരീതിയിലാണ് ലോക്ഡൗൺ ബാധിക്കുന്നത്. ജോലിക്കു പോകുന്ന സ്ത്രീ-പുരുഷന്മാർ, കുടുംബനാഥൻ, വീട്ടമ്മ, വിദ്യാർഥികൾ, ചെറിയ കുഞ്ഞുങ്ങൾ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ ഇന്ന് ലോക്ഡൗണി​​​െൻറ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ചിലരുടെ ജീവിതരീതികളെ ഇൗ സാഹചര്യം മൊത്തത്തിൽ മാറ്റിമറിച്ചുവെങ്കിൽ മറ്റുചിലരെ ഭാഗികമായി മാത്രവും ചിലരെ വളരെെചറിയ രീതിയിലും മാത്രമാണ് ബാധിച്ചിരിക്കുന്നത്. കുട്ടികൾക്കും വിദ്യാർഥികൾക്കും ജീവിതത്തി​​​െൻറ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരാത്തതിനാൽ മാതാപിതാക്കളെ മുഴുവനായി അടുത്തുകിട്ടിയ സന്തോഷത്തിലാണവർ. പുറത്തേക്ക് കളിക്കാനും യാത്രപോകാനും കഴിയുന്നില്ലല്ലോ എന്നൊരു പ്രയാസം മാത്രമേ അവരെ അലട്ടുന്നുള്ളൂ. അതേസമയം, ജോലിക്കു പോകുന്ന സ്ത്രീ-പുരുഷന്മാർക്ക് വരുമാനം നിലച്ചുപോയതി​​​െൻറ ആശങ്കകൾ ഒഴിവാക്കാൻ കഴിയില്ല. അതുപോലെത്തന്നെ കുട്ടികളുടെ പഠനം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ അവരെ അലട്ടുന്നത് സ്വാഭാവികമാണ്. വീട്ടമ്മമാരിലും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ അലട്ടാൻ സാധ്യതയുണ്ട്. ജോലി ലഭിച്ച് അധികകാലം കഴിയാത്തവർ, വിവാഹസമയമായവർ, അവരുടെ ബന്ധുക്കൾ, ബിസിനസുകാർ, വിദേശയാത്രക്ക്​ തയാറെടുത്തവർ തുടങ്ങിയവർക്കൊക്കെ വിവിധതരത്തിലുള്ള സംഘർഷങ്ങളും ഉത്കണ്ഠകളും ഉണ്ടാവുന്നതിൽ കുറ്റംപറയാനാവില്ല. 

ആശങ്കകളുടെയും ഉത്കണ്ഠകളുടെയും ഫലം
ആശങ്കകളും ഉത്കണ്ഠകളുമെല്ലാം നമ്മുടെ നിത്യജീവിതത്തി​​​െൻറ ഭാഗമാണെങ്കിലും  പരിധികടന്നാൽ മാനസികാരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ അമിതമായി ഇത്തരം വികാരങ്ങളുടെ പിറകെ പോകാതെ നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളെ േനരിടാനുള്ള ശക്തിയാർജിക്കുകയാണ് വേണ്ടത്. പലപ്പോഴായി നിരവധി വെല്ലുവിളികൾ നേരിട്ടാണ് എല്ലാവരും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അത്തരം ഒരു വെല്ലുവിളിയായി ഇൗ സന്ദർഭത്തെയും കാണേണ്ടതുണ്ട്. ഈ സാഹച്യത്തില്‍ ആരും ഒറ്റക്കല്ല,  ലോകം ഒരുമിച്ചുനിന്നാണ് ഇതിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ പ്രശ്നത്തിന് ഉടൻതന്നെ ഒരു പരിഹാരം ഉണ്ടാവാതിരിക്കില്ല. ഇത്തരം ചിന്തകൾക്ക് പ്രാധാന്യംകൊടുത്ത്  മനസ്സിനെ ശാന്തമാക്കുകയാണ് വേണ്ടത്.

അതേസമയം, നിരന്തരമായ മാനസിക സമ്മർദങ്ങൾ ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തലവേദന, ഉന്മേഷമില്ലായ്മ, തോളിലും കഴുത്തിലും പുറത്തുമുള്ള വേദന, തൊണ്ടവരളുക, ഉറക്കക്കുറവ്, നെഞ്ചിന് ഭാരം, മനംപിരട്ടൽ, വയറ്റിൽ അസ്വസ്ഥത, നെഞ്ചിടിപ്പ്, ലൈംഗികപ്രശ്നങ്ങൾ തുടങ്ങിയ ശാരീരികപ്രശ്നങ്ങൾക്ക് പിറകിൽ ഒരുപക്ഷേ, വ്യക്തിയുടെ മാനസിക സമ്മർദങ്ങളായിരിക്കാന്‍  സാധ്യതയുണ്ട്. 
മറ്റു മ​നോരോഗങ്ങളിലേക്കു നയിക്കാനും  ഇവ വഴിവെക്കാറുണ്ട്. ശ്രദ്ധക്കുറവ്, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവില്ലായ്മ, ഉറക്കപ്രശ്നങ്ങൾ, വിമ്മിട്ടം, നിരന്തരമുള്ള ആധികൾ, മറവി എന്നിവയെല്ലാം ഇൗ അവസരത്തിൽ വ്യക്തികളിൽ കണ്ടുവരാന്‍ സാധ്യതയുണ്ട്.

ഒഴിഞ്ഞുമാറൽ, ഭക്ഷണത്തോട് വിരക്തി അല്ലെങ്കിൽ ആസക്തി, ലഹരിപദാർഥങ്ങളോടുള്ള അമിതമായ ആഭിമുഖ്യം എന്നിവയെല്ലാം ഗൗരവമായി കാണേണ്ട  പ്രശ്നങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ കാണുന്നപക്ഷം ഉടൻ ഒരു വിദഗ്​ധ​​​​െൻറ സഹായം തേടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇവ  ഉത്കണ്ഠാ രോഗം, വിഷാദരോഗം തുടങ്ങിയ മ​േനാരോഗങ്ങളുടെയോ  അല്ലെങ്കില്‍ മറ്റു ശാരീരിക അസുഖങ്ങളുടെയോ ലക്ഷണങ്ങളാവാം.

മാനസിക പിരിമുറുക്കങ്ങളെ അതിജീവിക്കാം
കൃത്യസമയങ്ങളിൽ ആവശ്യത്തിന് ഉറങ്ങാൻ ശ്രമിക്കുകയാണ് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകം. അതിനായി ഉറക്കത്തിനുമുമ്പ്​ മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. കൂടാതെ കാപ്പി, ചായ, േകാളകൾ തുടങ്ങിയ ഉത്തേജനം നൽകുന്ന പാനീയങ്ങള്‍ ഒഴിവാക്കുക, ഉറങ്ങാനായി വെളിച്ചക്കുറവുള്ള ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. വ്യായാമം, വായന, ഫോണിലൂടെ സൗഹൃദം പങ്കുവെക്കൽ, പാചകം, കലാപരമായ പ്രവർത്തനങ്ങൾ എന്നിവവഴി  മനസ്സി​​​െൻറ മടുപ്പിനെ ഒരു പരിധിവരെ അതിജീവിക്കാനാവും.

ചിത്രരചന, സംഗീതം, തയ്യൽ, സിനിമ, ഗെയിമുകൾ തുടങ്ങിയ ഇഷ്​ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കും.  വളരെ കാലമായി ചെയ്യാന്‍ ആഗ്രഹിച്ചതും വീട്ടിലിരുന്നു ചെയ്യാന്‍ സാധിക്കുന്നതുമായ ചിലകാര്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാവാം.

മാനസിക സംഘർഷങ്ങൾ കുറക്കാനുള്ള വഴികള്‍ 
1. അലട്ടുന്ന ചിന്തകളെ അപഗ്രഥിച്ച്​, പ്രശ്നത്തി​​​​െൻറ മൂലകാരണം തിരിച്ചറിയുക.
2. പ്രശ്നം എന്തുതന്നെയായാലും, അതിനു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നു മനസ്സിലാക്കുക 
3.  കാര്യങ്ങൾ സ്വയം പരിഹരിക്കാനാവില്ലെങ്കിൽ അക്കാര്യം മനസ്സുകൊണ്ട് അംഗീകരിക്കുക.
4.  ശുഭചിന്തകൾ നൽകുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി  കാര്യങ്ങൾ ചർച്ചചെയ്ത്  ഉചിതമായ പരിഹാരം കാണുക.
5 പരിഹാരമാർഗങ്ങള്‍ പ്രായോഗികവും ത​ൃപ്തികരവുമാണെന്ന് ഉറപ്പുവരുത്തുക. 
6 ലക്ഷ്യങ്ങള്‍ തീരുമാനിച്ച്​ ഉറപ്പിക്കുന്നത് നിഷ്ക്രിയത ഇല്ലാതാക്കാനും  ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും ഉപകരിക്കും.
7. ജോലികള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ ചെയ്യുകയും പ്രത്യക്ഷമായ മാറ്റങ്ങള്‍ സൃഷ്​ടിക്കുന്നവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുക.
8. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധത്തോടെ, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ, അതത് ദിവസത്തെ കാര്യങ്ങളില്‍ വ്യാപൃതരാകാന്‍ ശ്രമിക്കുക.

Tags:    
News Summary - how to reduce mental strain-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.