ന്യൂഡൽഹി: ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ റിപ്പോർട്ട്. 75 വയസ്സ് തികയുന്നതിന് മുൻപ് പത്തിലൊരാൾക്ക് ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും, നൂറിൽ ഏഴുപേർക്ക് രോഗം മൂലം മരണം സംഭവിക്കാമെന്നുമാണ് 'ഗ്ലോബോകാൻ' (GLOBOCAN) കണക്കുകൾ വ്യക്തമാക്കുന്നത്. 2024-ൽ മാത്രം ഇന്ത്യയിൽ 16 ലക്ഷത്തോളം പുതിയ ക്യാൻസർ കേസുകളും ഒൻപത് ലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് 'ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ട് 2026' കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യയിലെ ക്യാൻസർ ബാധിതരുടെ എണ്ണം വരും ദശകങ്ങളിൽ കുത്തനെ ഉയരും. 2050-ഓടെ ഇന്ത്യയിൽ പ്രതിവർഷം 28 ലക്ഷം പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനസംഖ്യാ വർധനവ്, ആയുർദൈർഘ്യം കൂടുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങൾ, പുകയിലയുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ലോകത്തെ ക്യാൻസർ എണ്ണത്തിൽ പകുതിയിലധികവും ഇന്ത്യയിലും ചൈനയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ക്യാൻസർ പാറ്റേണാണ് ഇന്ത്യയിലുള്ളത്. സ്ത്രീകളിൽ സ്തനാർബുദമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാലിലൊന്ന് സ്ത്രീകളിലും സ്തനാർബുദം കണ്ടെത്തുമ്പോൾ, ഗർഭാശയ ഗള ക്യാൻസറാണ് രണ്ടാമതുള്ളത്. പുരുഷന്മാരിൽ വായിലെയും തൊണ്ടയിലെയും ക്യാൻസറുകളാണ് മുൻപന്തിയിൽ. പുകയിലയുടെയും ഗുട്ക പോലുള്ള ലഹരി വസ്തുക്കളുടെയും അമിതമായ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. കൂടാതെ, വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മൂലം കോളോറെക്റ്റൽ ക്യാൻസർ (കുടലിലെ ക്യാൻസർ) കേസുകളും വർധിച്ചുവരികയാണ്.
രോഗം നേരത്തെ കണ്ടെത്തുന്നതിലെ അലംഭാവമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂരിഭാഗം രോഗികളും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ചികിത്സ തേടുന്നത്, ഇത് മരണനിരക്ക് കൂട്ടുകയും ചികിത്സാച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിലുള്ള സ്ക്രീനിങ്, എച്ച്.പി.വി (HPV) വാക്സിനേഷൻ, ആരോഗ്യകരമായ ഭക്ഷണശീലം, പുകയില നിയന്ത്രണം എന്നിവയിലൂടെ ക്യാൻസറിനെ വലിയൊരു പരിധി വരെ തടയാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, ക്യാൻസർ ചികിത്സ എന്നത് ഒരു വ്യക്തിയുടെ ആരോഗ്യ പ്രശ്നം മാത്രമല്ല, അത് കുടുംബങ്ങളെ സാമ്പത്തികമായി തകർക്കുന്ന ഒരു ദുരന്തം കൂടിയാണ്. രോഗബാധിതരായ 45 ശതമാനം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും പകുതിയിലധികം പേർ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് അടിമകളാണെന്നും ലോകാരോഗ്യ സംഘടനയുടെ സർവേ വ്യക്തമാക്കുന്നു. ചികിത്സാ സൗകര്യങ്ങളിലെ അസന്തുലിതാവസ്ഥയും വിദഗ്ധ ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതും രോഗികൾക്ക് വലിയ ഭാരമാണ്.
ആശുപത്രികൾ നിർമ്മിക്കുന്നതിനപ്പുറം, ക്യാൻസർ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണ്ണയത്തിനും തുല്യമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. രോഗികളുടെ എണ്ണം കൂടുമ്പോൾ ആ കണക്കുകൾക്ക് പിന്നിലെ മനുഷ്യജീവിതങ്ങളെ കൂടി പരിഗണിച്ചുകൊണ്ടുള്ള ആരോഗ്യസംവിധാനമാണ് രാജ്യത്തിന് അടിയന്തരമായി ആവശ്യമുള്ളതെന്നും സർവേ വ്യക്തമാക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.