ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതിയാകുന്ന ഇൻസുലിൻ പുറത്തിറക്കി ഡാനിഷ് കമ്പനി; ലോകത്തിലാദ്യം

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതിയാകുന്ന ഇൻസുലിൻ പുറത്തിറക്കി. ഡാനിഷ് മരുന്ന് കമ്പനിയായ നോവോ നോർഡിസ്ക് ആണ് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികൾക്കായി 'അവിക്ലി' (Awiqli - ഇൻസുലിൻ ഐക്കോഡെക്) എന്ന പേരിൽ പുതിയ മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഇൻസുലിനിലൂടെ വർഷത്തിൽ 365 തവണ കുത്തിവെപ്പ് എടുക്കുന്നതിന് പകരം ഇനി 52 തവണ മാത്രം മതിയാകും. പ്രമേഹ ചികിത്സയിലെ വലിയൊരു മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

ദിവസവും ഇൻസുലിൻ എടുക്കുന്നതിനോടുള്ള ഭയം കാരണം പലരും ചികിത്സ തുടങ്ങാൻ വൈകാറുണ്ട്. ഈ ഇൻസുലിൻ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നിരീക്ഷണം. 700 യൂനിറ്റുള്ള ഒരു പാക്കറ്റ് ഇൻസുലിന് 2,611 രൂപയാണ് വില (ഒരു യൂനിറ്റിന് 3.73 രൂപ). നിലവിലുള്ള ദൈനംദിന ഇൻസുലിനുകളെ അപേക്ഷിച്ച് 30-40 ശതമാനം വിലക്കുറവാണിത്. 'ഫ്ലെക്സ് ടച്ച്' (FlexTouch) എന്ന പേന രൂപത്തിലുള്ള ഉപകരണം ഉപയോഗിച്ചാണ് ആഴ്ചയിലൊരിക്കൽ ഈ ഇൻസുലിൻ കുത്തിവെക്കേണ്ടത്.

ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്.10.1 കോടിയിലധികം പേർക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. ഈ പുതിയ മരുന്ന് രോഗികൾക്ക് ചികിത്സയോടുള്ള മടി കുറയ്ക്കാനും കൃത്യസമയത്ത് ചികിത്സ തുടങ്ങാനും സഹായിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിൽ ഏകദേശം 60 ലക്ഷത്തോളം പേർ നിലവിൽ ഇൻസുലിൻ ഉപയോഗിക്കുന്നുണ്ട്, എന്നാൽ ഇതിന്‍റെ ഇരട്ടിയിലധികം ആളുകൾക്ക് ഇൻസുലിൻ അത്യാവശ്യമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിടവ് നികത്താൻ പുതിയ ഇൻസുലിൻ സഹായിക്കുമെന്നാണ് നോവോ നോർഡിസ്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ വിക്രാന്ത് ഷ്രോത്രിയ വ്യക്തമാക്കുന്നത്.

Tags:    
News Summary - Danish company launches insulin that only needs to be taken once a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.