പ്രമേഹ രോഗികളും ഹൃദ്രോഗികളും ഏറെയുള്ള കേരളത്തിൽ ഇന്ന് ഏറ്റവും മികച്ച ഭക്ഷണം എന്ന നിലക്ക് ഏറെ പ്രചാരണം ലഭിച്ച ധാന്യമാണ് ഓട്സ്. ആരോഗ്യബോധമുള്ള ജീവിതശൈലി എന്ന രീതിയിൽ പലരും ഇതിനെ "സൂപ്പർ ഫുഡ്" എന്നും വിശേഷിപ്പിക്കാറുണ്ട്. മാത്രമല്ല, സൂപ്പർ മാർക്കറ്റുകളിൽ ഏറെ ആവശ്യക്കാരുള്ള ഓട്സ് ഇന്ന് മലയാളിക്ക് സ്റ്റാറ്റസ് സിംബൽ കൂടിയാണ്. മാത്രമല്ല, ആകർഷകമായ പരസ്യങ്ങളും ആളുകൾക്കിടയിൽ ഇതിനിതെ പ്രിയങ്കരമാക്കുന്നു. പ്രമേഹ രോഗികൾക്ക് അനുയോജ്യം, ഹൃദയാരോഗ്യത്തിന് ഉത്തമം, തടിക്കുറയ്ക്കാൻ സഹായിക്കും, കൊളസ്ട്രോൾ കുറയ്ക്കും, സൂപ്പർ ഫുഡ് എന്നിങ്ങനെയാണ് കമ്പനികളുടെ വാഗ്ദാനം. ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഓട്സ് കഴിക്കണം എന്ന് കരുതുന്നവരും ധാരാളമാണ്. എന്നാൽ ഇതിന്‍റെ വിവിധ വശങ്ങൾ ഇന്ന് സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഓട്സിനു പിന്നിലെ സത്യവും ശാസ്ത്രവും പങ്കുവെക്കുകയാണ് കോട്ടയത്തെ ഓങ്കോ സർജൻ ഡോ. ജോജോ വി. ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
യഥാർഥത്തിൽ ഓട്സ് സൂപ്പർ ഫുഡാണോ?
ഓട്സ് ഒരു ധാന്യവിളയാണ്. ഇതിൽ ധാരാളം നാരുകൾ (ഫൈബർ), പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് "ബീറ്റാ-ഗ്ലൂക്കാൻ" എന്ന ലയിക്കുന്ന നാരാണ് ഓട്സിന്റെ പ്രധാന സവിശേഷത. ഇത് രക്തത്തിലെ ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
അന്നജത്തിന്റെ അളവ്
പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഭക്ഷണം എന്ന ലേബലിലാണ് ഓട്സ് കേരളത്തിൽ സൂപ്പർ ഫുഡ് പട്ടികയിലേക്ക് എത്തിയത്. അരിയിൽ അന്നജം കൂടുതലുണ്ട് എന്നതിനാലാണ് അതിന് പകരമായി പലരും ഓട്സ് തിരഞ്ഞെടുക്കുന്നത്. ഓട്സിൽ അരിയേക്കാൾ അന്നജം കുറവാണ് എന്നതാണ് ഓട്സിനെ ജനപ്രിയമാക്കുന്നും.
എന്നാൽ വിവിധ ഇനം ധാന്യങ്ങളിലെ അന്നജം (കാർബോഹൈഡ്രേറ്റ്) നില പരിശോധിച്ചാൽ ഇതിൽ കാര്യമായ വ്യത്യാസം ഇല്ല എന്ന് മനസ്സിലാവും. 100 ഗ്രാം അരിയിൽ 77-80 ഗ്രാം വരെയാണ് അന്നജം. ബാർലിയിൽ ഇത് 73-75, റാഗിയിൽ 72-75, ഗോതമ്പിൽ 70-72, ചോളം 70-75, ഓട്സ് 66-68. അതായത് 100 ഗ്രാം അരിയിലും ഓട്സിലും അന്നജത്തിന്റെ വ്യത്യാസം 10 ഗ്രാം ആണ്.
പ്രോട്ടീൻ
ഓട്സിൽ വലിയ അളവിൽ പ്രോട്ടീൻ ലഭിക്കുന്നുവെന്നാണ് മറ്റൊരു പ്രചാരണം. പ്രോട്ടീൻ അളവ് നോക്കുമ്പോൾ ഓട്സ് 100 ഗ്രാമിൽ 13-17 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഗോതമ്പിൽ ഇത് 11-14. ഗോതമ്പും ഓട്സും താരതമ്യപ്പെടുത്തുമ്പോൾ രണ്ട് ഗ്രാം വ്യത്യാസം.
ബീറ്റാ-ഗ്ലൂക്കാൻ
ഓട്സിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളാണ് (Soluble Fiber) ബീറ്റാ-ഗ്ലൂക്കാൻ. കൊളസ്ട്രോൾ കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഏറെ സഹായിക്കുന്നു. ഇതും ഓട്സിനെ താരമാക്കുന്നുണ്ട്. ബീറ്റാ-ഗ്ലൂക്കാൻ നല്ല പ്രീബയോട്ടിക് (കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്ന നാരുകളാൽ സമ്പന്നവുമായ ഭക്ഷണങ്ങളെയാണ് പ്രീബയോട്ടിക്). ഇവ അടങ്ങിയ ഓട്സ് കഴിക്കുമ്പോൾ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നുകയും നമ്മൾ കഴിക്കുന്ന അളവ് കുറയുകയും ചെയ്യും. ഇത് ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. പിത്തരസ ആസിഡുകളുടെ ആഗിരണം കുറയുകയും എൽ.ഡി.എൽ. കൊളസ്ട്രോൾ കുറയുകയും ചെയ്യും.
ഓട്സിനെക്കാൾ കൂടുതൽ ലഭിക്കുന്ന ധാന്യങ്ങളും പഴങ്ങളും നമ്മുടെ നാട്ടിൽ ധാരാളം ലഭിക്കും. ബാർലിയിൽ ഓട്സിനെക്കാൾ കൂടുതൽ ബീറ്റാ-ഗ്ലൂക്കാൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബാർലിയിൽ 2-20 ഗ്രാം വരെ ബീറ്റാ-ഗ്ലൂക്കാൻ അടങ്ങിയിട്ടുണ്ട്. എന്നാൽ 100 ഗ്രാം ഓട്സിലൂടെ നമുക്ക് ലഭിക്കുന്നത് 3-8 ഗ്രാം വരെ ബീറ്റാ-ഗ്ലൂക്കാൻ ആണ്. അതായത് 45 ഗ്രാം ബാർലി കഴിക്കുമ്പോൾ ലഭിക്കുന്ന ബീറ്റാ-ഗ്ലൂക്കാൻ ലഭിക്കണമെങ്കിൽ 75 ഗ്രാം ഓട്സ് കഴിക്കണം.
സൊള്യൂബിൾ ഫൈബർ ധാരാളം ലഭിക്കുന്ന മറ്റ് ഇനങ്ങൾ
വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നതും ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നതുമായ നാരുള്ള ഭക്ഷണങ്ങളാണ് സൊള്യൂബിൾ ഫൈബർ (Soluble Fiber) അഥവാ ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. ഇവ രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്സിനു പുറമേ, ബാർലി, ചിയാ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ, ആപ്പിൾ, പേരയ്ക്ക, നാടൻ പഴം, ഓറഞ്ച്, നേന്ത്രപ്പഴം തുടങ്ങയവയിലും ധാരാളം സൊള്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു ബൗൾ ഓട്സ് കഴിക്കുന്നതിന് പകരം ഒരു പേരക്കയോ, ഒരു ഓറഞ്ചോ കഴിച്ചാൽ മതി.
ഓട്സ് ഏത് രൂപത്തിൽ കഴിക്കണം
ഇന്ന് മാർക്കറ്റിൽ വിവിധ രൂപത്തിൽ ഓട്സ് ലഭിക്കും. ഓട്ട് ഗ്രോട്ട്സ്, സ്റ്റീൽ-കട്ട് ഓട്സ്, റോൾഡ് ഓട്സ്, ഇൻസ്റ്റന്റ് (ക്വിക്ക് ഓട്സ്), ഓട്സ് പൊടി, ഓട്സ് തവിട്, മസാല ഓട്സ് എന്നിങ്ങനെ പല തരത്തിൽ ലഭിക്കും. എന്നാൽ ഇതിൽ രണ്ടു രൂപത്തിലുള്ളവക്ക് മാത്രമാണ് ഗുണനിലവാരം ലഭിക്കുകയുള്ളു എന്ന് ഡോ. ജോജോ വി. ജോസഫ് പറയുന്നു.
കൂടുതൽ പ്രോസസ് ചെയ്യാത്ത ഓട്ട് ഗ്രോട്ട്സ്, സ്റ്റീൽ-കട്ട് ഓട്സ് എന്നീ ഇനങ്ങൾക്കാണ് ഗുണനിലവാരം ലഭിക്കുക. ഇൻസ്റ്റന്റ് രൂപത്തിലും ബിസ്കറ്റ്, മാവ് ഉപയോഗിച്ച് പുട്ട്, ദോശ തുടങ്ങിയവ കഴിച്ചാൽ നമുക്ക് സാധാരണ മറ്റ് മാവുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
പാൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ പകരം നിർദേശിക്കപ്പെടുന്ന ഓട്സ് മിൽക്ക് വെറും പഞ്ചസാര ലായനി മാത്രമാണ് എന്നും ഡോക്ടർ വ്യക്തമാക്കുന്നു. ഒരിനം ധാന്യം മാത്രം ശീലമാക്കുന്നതിന് പകരം വ്യത്യസ്ത ഇനങ്ങൾ മാറിമാറി കഴിക്കുക എന്നതാണ് ഉത്തമമെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.