വയറിന് പണികിട്ടുന്നത് തടയാം, മഴക്കാലത്ത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

മഴക്കാലം വേനൽച്ചൂടിൽ നിന്ന് വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും പകർച്ച വ്യാധികളുടെ കാലംകൂടിയാണ്. ഭക്ഷണത്തിൽ ഒരൽപ്പം ശ്രദ്ധ കുറഞ്ഞാൽ ആരോഗ്യം അപകടത്തിലാവും. ഭക്ഷണത്തിൽ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവ വളരാൻ പറ്റിയ അന്തരീക്ഷമാണ് മഴക്കാലം. അതിനാൽ ഭക്ഷണത്തിലും വെള്ളത്തിലും ഒരു കരുതൽ അത്യാവശ്യമാണ്. ശ്രദ്ധിച്ചിട്ടില്ലെങ്കിൽ വയറ്റിൽ അണുബാധക്ക് സാധ്യത കൂടുതലാണ്. മഴക്കാലത്ത് ഭക്ഷ്യവിഷബാധ, വയറിളക്കം, ഗ്യാസ്ട്രോഎന്ററൈറ്റിസ്, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവയുടെ പല കേസുകളും ഉണ്ടാകാറുണ്ട്.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതോ എളുപ്പത്തിൽ കേടുവരുന്നതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും പുതുതായി പാകം ചെയ്ത ഭക്ഷണങ്ങളും സുരക്ഷിതമായ കുടിവെള്ളവും തിരഞ്ഞെടുക്കുന്നതും സീസണൽ അസുഖങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

തെരുവോര ഭക്ഷണം

മഴക്കാലത്ത് ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് തെരുവോര ഭക്ഷണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതും തുറന്നുവെച്ച് സൂക്ഷിക്കുന്നതുമായ പലഹാരങ്ങൾ വാങ്ങി കഴിക്കുന്നത് ഒഴിവാക്കണം. തുറസ്സായ അന്തരീക്ഷത്തിൽ ഈച്ചകളും മറ്റും ഇരുന്ന് ഭക്ഷണം എളുപ്പത്തിൽ അണുബാധ വരും. സുരക്ഷിതമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതും വയറ്റിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണം കാണാൻ പുതുമയുള്ളതാണെങ്കിലും, ഹാനികരമായ അണുക്കൾ അതിൽ ഉണ്ടായേക്കാം. പുതുതായി തയ്യാറാക്കിയ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് വളരെ സുരക്ഷിതമായ ഒരു ഓപ്ഷനാണ്.

പച്ച ഇലക്കറികളും സാലഡുകളും

സാലഡും കട്ട് ഫ്രൂട്സും പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് പച്ച ഇലക്കറികളിൽ അഴുക്ക്, പരാന്നഭോജികൾ, ഹാനികരമായ സൂക്ഷ്മാണുക്കൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അവ ശരിയായി കഴുകിയില്ലെങ്കിൽ, അവ ദഹന സംബന്ധമായ അണുബാധകൾക്ക് കാരണമായേക്കാം. ഇതു കാരണമാണ് പാകം ചെയ്ത പച്ചക്കറികൾ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. നിങ്ങൾക്ക് സാലഡ് കഴിക്കണമെന്നുണ്ടെങ്കിൽ, വീട്ടിൽ വെച്ച് ശുദ്ധമായ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുന്നതിന് മുമ്പ് അല്പം വിനാഗിരി ചേർത്ത വെള്ളത്തിൽ മുക്കിവെക്കാവുന്നതാണ്.

പഴകിയ കടൽവിഭവങ്ങൾ

കടൽ വിഭവങ്ങൾ മഴക്കാലത്ത് വളരെ ശ്രദ്ധാപൂർവ്വം കഴിക്കണം. കാരണം പല മത്സ്യങ്ങളുടെയും കക്കയിറച്ചിയുടെയും പ്രജനനകാലമാണിത്. ഈ കാലയളവിൽ മലിനീകരണത്തിനും കേടുപാടുകൾക്കും സാധ്യത കൂടുതലാണ്. നിങ്ങൾ സീഫുഡ് കഴിക്കുമ്പോൾ അത് പഴകിയിട്ടില്ലെന്നും പൂർണമായി വേവിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. വേവിക്കാത്തതോ പഴകിയതോ ആയ സീഫുഡ് ഭക്ഷ്യജന്യ രോഗങ്ങൾക്കും വയറ്റിലെ അണുബാധയ്ക്കുമുള്ള സാധ്യത വർധിപ്പിക്കും.

 പഴകിയ ഭക്ഷണം

ദീർഘകാലം ഫ്രിഡ്ജിൽ വെച്ചതോ അല്ലെങ്കിൽ പല മണിക്കൂറുകളോളം പുറത്തുവെച്ചതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഈർപ്പമുള്ള കാലാവസ്ഥയിൽ ബാക്ടീരിയകൾ വളരെ വേഗത്തിൽ പെരുകുന്നു, ഇത് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ബാക്കിവന്ന ഭക്ഷണം കേടാവും. മഴക്കാലത്ത് പുതുതായി പാകം ചെയ്ത ഭക്ഷണമാണ് സുരക്ഷിതം. നിങ്ങൾ ഭക്ഷണം സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ പാകം ചെയ്ത് ഉപയോഗിക്കുന്നതിന് മുമ്പ് മാറ്റിവെക്കുക. ഉപയോഗിച്ചതിന്‍റെ ബാക്കി വരുന്നത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം.

എണ്ണയിൽ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ

എണ്ണപ്പലഹാരങ്ങൾ കനമുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമാണ്. വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അസിഡിറ്റി, വയറു വീർക്കൽ, ദഹനക്കേട്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. അത്തരം ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതും ലഘുവായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതും സീസണിലുടനീളം നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങളും മധുരപലഹാരങ്ങളും വീക്കത്തിന് കാരണമാകുകയും മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്തേക്കാം. പുറത്ത് വിൽക്കുന്ന മുളപ്പിച്ച പയർവർഗ്ഗങ്ങളും മുറിച്ചുവെച്ച പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്, കാരണം മഴക്കാലത്ത് അവ എളുപ്പത്തിൽ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയേക്കാം. പകരം, വാഴപ്പഴം, മാതളനാരങ്ങ തുടങ്ങിയ തൊലികളയാവുന്ന സീസണൽ പഴങ്ങൾ തിരഞ്ഞെടുക്കുക, കാരണം അവ സാധാരണയായി കഴിക്കാൻ സുരക്ഷിതമാണ്.

വയറിന്‍റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* കുപ്പിയിലടച്ചതോ തിളപ്പിച്ചാറിയതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക.

* പുതുതായി പാകം ചെയ്ത ഭക്ഷണം കഴിക്കുക. ഭക്ഷണം ചൂടോടെയാണെന്ന് ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക

* മുളപ്പിച്ച പയർവർഗ്ഗങ്ങളും മുറിച്ച പഴങ്ങളും പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കുക

* പാകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് അവ നന്നായി കഴുകുക.

* ധാരാളം ദ്രാവകങ്ങൾ കുടിക്കുക, പക്ഷേ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

* ഭക്ഷണം കഴിക്കുന്നതിന് മുമ്പും ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും കൈകൾ കഴുകുക.

Tags:    
News Summary - Digestive Health In Rainy Season: Doctors Share 6 Foods You Must Stop Eating To Prevent Stomach Infections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.