വ്രതമെടുക്കുന്നവർ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍

ദുബൈ: രാജ്യത്ത് ചൂടിന് കാഠിന്യം കൂടി വരുന്ന സാഹചര്യത്തില്‍ റമദാനില്‍ നോമ്പനുഷ്​ഠിക്കുന്ന വിശ്വാസികള്‍ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ വിദഗ്​ധർ . 15 മണിക്കൂറോളം  ദൈര്‍ഘ്യമുള്ളതും ചൂട് കൂടി വരുന്നതുമായ  റമദാന്‍ ആയതിനാല്‍  സാധാരണയുള്ള തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ  ജീവിത ശൈലി വ്രത സമയത്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

സുബഹി ബാങ്കിന് മുമ്പായി വ്രതം തുടങ്ങുമ്പോഴുള്ള ഭക്ഷണം ഒഴിവാക്കാതെ നോക്കണം.  നോമ്പ്​ ദൈർഘ്യം കൂടുതലായതിനാൽ മെല്ലെ ദഹിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. പഴ വര്‍ഗങ്ങള്‍ , പയറുകൾ, വേവിക്കാത്ത പച്ചക്കറി, ഇലക്കറികൾ തുടങ്ങിയവയും ധാരാളം കഴിക്കുന്നത്‌ നല്ലതാണ്. ദഹനം മന്ദഗതിയിൽ ആകുമ്പോൾ കൂടുതൽ സമയത്തേക്ക് ഊർജം ലഭിക്കുന്നു. ബസ്മതി ,മൈദ, പോളിഷ് ചെയ്ത അരി, വൈറ്റ് ബ്രെഡ്,പച്ചരി എന്നിവയിൽ നിന്ന്​ ദീർഘ നേരത്തേക്ക് ശരീരത്തിന് ആവശ്യമായ ഊർജവും ഉന്മേഷവും കിട്ടാനിടയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരത്തി​​​​​​െൻറ നിര്‍ജലീകരത്തിന് സാധ്യത ഏറെയാണ്‌ . ഇത് തടയുന്നതിനായി ഉപവാസ സമയങ്ങള്‍ക്ക് മുമ്പായി ധാരാളം വെള്ളം കുടിക്കണമെന്ന്  ഡോക്​ടർമാർ ആവര്‍ത്തിക്കുന്നു.  

എരിവു ,പുളി, ഉപ്പു തുടങ്ങിയവയുടെ ഉപയോഗം അമിതമായാൽ നിർജലീകരണത്തിന് സാധ്യത കൂടുതൽ ആണ്.തുടർന്ന് ക്ഷീണവും ദാഹവും കൂടുതലായി അനുഭവപ്പെടും. രാത്രി വൈകിയുള്ള അത്താഴത്തോടൊപ്പം ധാരാളം വെള്ളവും കുടിക്കേണ്ടത് അത്യാവശ്യമാണ്. പകൽ സമയം പുറത്തു ജോലി ചെയ്യുന്നവർ കഴിയുന്നത്ര തണലിനെ ആശ്രയിക്കുക. നോമ്പ് തുറന്നു കഴിഞ്ഞാൽ ഉടൻ തന്നെ ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന പ്രവണത നന്നല്ല.നോമ്പ് തുറക്കുന്നതിനു തൊട്ടുമുൻപ് വരെ ആന്തരിക ഗ്രന്ഥികളുടെ പ്രവർത്തനം മന്ദഗതിയിൽ ആയിരിക്കും. ഇത് തുടര്‍ന്നുള്ള ദഹന പ്രക്രിയകളെ ബാധിക്കും .

നോമ്പ് തുറക്കുന്ന വേളയില്‍  തന്നെ ധാരാളം ഉപ്പിട്ട നാരങ്ങവെള്ളം, ഈത്തപ്പഴം, മറ്റു പഴ വര്‍ഗങ്ങള്‍ , എന്നിവ ധാരാളമായി കഴിക്കാന്‍ ശ്രമിക്കണം . ശരീരത്തില്‍ നഷ്​ടമാകുന്ന വെള്ളവും ലവണവും ഇവയേറെ ഗുണകരമാകും. കൂടിയ അളവില്‍  ഭക്ഷണം ഒന്നിച്ചു കഴിക്കാതെ കൂടുതലും ലഘു ഭക്ഷണങ്ങള്‍ അല്‍പാല്‍പമായി കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ ശരീരത്തിന് ഗുണം ചെയ്യുമെന്നതിനാല്‍ അവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തണം. പകല്‍ കൂടുതലും ചൂടില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികളാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് . ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ അവര്‍ക്ക് സോഡിയം,പൊട്ടാസ്യം എന്നിവ നഷ്​ടപ്പെടുമെന്നതിനാല്‍ വെള്ളം പോലെ തന്നെ ഉപ്പും ആവശ്യത്തിനു കഴിക്കണം .  രാത്രിയിൽ നന്നായി ഉറങ്ങുക എന്നത് ശരീരത്തി​​​​​​െൻറ സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായിക്കുന്നു. 
രാത്രിയുടെ ദൈർഘ്യം കുറവായതിനാലും പുലർച്ചെ തന്നെ എഴുന്നേൽക്കേണ്ടി വരുന്നതിനാലും രാത്രി ഉറക്കമിളച്ച്  സൽക്കാരങ്ങളിൽ പങ്കെടുക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി . 

നോമ്പ് വേളയിൽ അമിതമായ നെഞ്ചെരിച്ചിൽ, വയർ വേദന, മൂത്ര തടസ്സമോ വേദനയോ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. 
  പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.  ലോകത്തില്‍ മൊത്തം അഞ്ചു​ കോടി പ്രമേഹ രോഗികള്‍ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നുണ്ടെന്നാണ് കണക്ക്.  ഉയര്‍ന്ന രക്ത സമ്മര്‍ദവും താരതമ്യേന താഴ്ന്ന നിലയില്‍ ഉള്ളവരും നോമ്പ് അനുഷ്ഠിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണമെന്ന് എമിറേറ്റ്‌സ് ഡയബറ്റിസ് സൊസൈറ്റി പുറത്തിറക്കിയ ജേര്‍ണലില്‍ വ്യക്തമാക്കുന്നു. പ്രായോഗിക ചികിത്സാരീതികള്‍ അനുവര്‍ത്തിച്ചുകൊണ്ട് വേണം പ്രഷര്‍, പ്രമേഹരോഗികള്‍ നോമ്പ് എടുക്കേണ്ടത്.  ധാരാളം വെള്ളം കുടിക്കണം .അല്ലെങ്കില്‍ രക്തം കട്ടപിടിക്കുന്നതു പോലെയുള്ള രോഗങ്ങള്‍ക്ക് അത് കാരണമായേക്കും. 

Tags:    
News Summary - ramdan 2017 uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.