കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് നിര്‍ണായകമായ പ്ലാസ്മ ചികിത്സ പരീക്ഷണം നടത്താൻ അപേക്ഷിച്ചിട്ടും കേരളത്തിലെ ആശുപത്രികൾക്ക് അനുമതിയില്ല. രണ്ടാംഘട്ട പ്ലാസ്മ ചികിത്സക്കായി ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്) 28 ആശുപത്രികളെയാണ് തിരഞ്ഞെടുത്തത്.
113 ആശുപത്രികളാണ് പ്ലാസ്മ ചികിത്സ പരീക്ഷണത്തിന് അപേക്ഷിച്ചത്. കേരളത്തിൽനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, തലശ്ശേരി മലബാർ കാൻസർ െസൻറർ, തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് എന്നിവയായിരുന്നു പ്ലാസ്മ ചികിത്സ പരീക്ഷണത്തിന് അനുമതി തേടിയത്. അപേക്ഷ പരിഗണനയിലാണെന്നാണ് ഐ.സി.എം.ആറിെൻറ വിശദീകരണം. ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനും അനുമതി ലഭിച്ചിട്ടില്ല.
ഇന്ത്യയിലാദ്യമായി പ്ലാസ്മ ചികിത്സക്ക് പദ്ധതി സമർപ്പിച്ചത് കേരളമായിരുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ ഗവ. മെഡിക്കൽ കോളജുകൾ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, അമല ഹോസ്പിറ്റൽ, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കുമെന്നായിരുന്നു ആദ്യം കേരളം അറിയിച്ചത്. ആദ്യം അനുമതി നൽകിയ ഐ.സി.എം.ആർ പിന്നീട് മാർഗനിർദേശം മാറ്റുകയായിരുന്നു. സംയുക്ത പദ്ധതി ഒഴിവാക്കിയ ഐ.സി.എം.ആർ, ഒാരോ ആശുപത്രിയും സ്വന്തംനിലയിൽ അപേക്ഷ നൽകണമെന്ന് അറിയിക്കുകയായിരുന്നു.
കൺവാലൻറ് പ്ലാസ്മ തെറപ്പിയിൽ കോവിഡ് രോഗം ഭേദമായവരുടെ രക്തം സ്വീകരിച്ച് അതിൽനിന്ന് പ്ലാസ്മ വേർതിരിച്ച് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ രോഗാണുവിനെതിരായ ആൻറിബോഡി രോഗികളുടെ ശരീരത്തിൽ നിർമിച്ചെടുത്ത് രോഗത്തെ പരാജയപ്പെടുത്തുന്നതാണ് ചികിത്സ രീതി. ഇതിന് രോഗം മാറിയവർ രക്തം നൽകാൻ തയാറാകണം. ചികിത്സ സ്വീകരിക്കാൻ രോഗികളും.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്മ വേർതിരിക്കാനും മറ്റും സൗകര്യമുള്ളതിനാൽ ചികിത്സ നടത്തിനോക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാറിനെ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജി. സജീത് കുമാർ പറഞ്ഞു. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവിയും രക്തബാങ്ക് മേധാവിയുടെയും പേരിലായിരുന്നു അപേക്ഷ കൊടുത്തത്. ഗുരുതര രോഗികൾ ഇല്ലാത്തതിനാലാകാം അനുമതി ലഭിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.