പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കര്‍മ്മപരിപാടി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡിസംബറില്‍ തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യപടിയായി എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ഇതിന്‍റെ തടര്‍ച്ചയായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗം വിളിക്കും. ജനുവരിയില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും യോഗം തീരുമാനിച്ചു. 

തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത് തൊഴില്‍, വനം തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് കര്‍മ്മപരിപാടി നടപ്പാക്കുക. കൊതുക് നശീകരണത്തിനും കൊതുക് നിയന്ത്രണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയാണ് കര്‍മ്മപരിപാടി തയ്യാറാക്കിയിട്ടുളളത്.  

ഖര-ദ്രവ മാലിന്യ സംസ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതാണ്​ കര്‍മ്മപരിപാടിയിലെ പ്രധാന ഇനം. വാര്‍ഡുതല ആരോഗ്യസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനു നടപടിയെടുക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 

ജലക്ഷാമമുളള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തും. തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്സിനേഷനും സാങ്കേതിക സഹായം നല്‍കും. ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കും. 

കൊതുക് പെരുകുന്നത് തടയാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായി. പൊതുജന പങ്കാളിത്തത്തോടെയാണ് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മധ്യവേനല്‍ അവധിക്കുശേഷം സ്കൂള്‍ തുറക്കുന്നതിനു മുമ്പ് സമഗ്രമായ ശുചികരണവും കൊതുകു കൂത്താടി നശീകരണവും നടത്തും. ബോധവല്‍ക്കരണ പരിപാടികളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. റബ്ബര്‍ത്തോട്ടങ്ങള്‍ ഉള്‍പ്പെടെയുളള കൃഷിസ്ഥലങ്ങളില്‍ കൊതുകു പെരുകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഫിഷിംഗ് ഹാര്‍ബറുകളിലും തീരപ്രദേശങ്ങളിലും കൊതുക് പെരുകുന്നതിനുളള സാഹചര്യം ഇല്ലാതാക്കും. മലമ്പനി ബാധിത സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തീവണ്ടി കോച്ചുകളില്‍ കൊതുക് നശീകരണം ഉറപ്പാക്കും. റെയില്‍വെ സ്റ്റേഷനിലും പരിസരങ്ങളിലും കൊതുക്, എലി എന്നിവ പെരുകുന്ന സാഹചര്യം നിയന്ത്രിക്കും ആശുപത്രികളും പരിസരങ്ങളും ശുചീകരിച്ച് കൊതുക് മുക്തമാക്കും. 

മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, ജി. സുധാകരന്‍, കെ.ടി ജലീല്‍, കെ. രാജു, സി. രവീന്ദ്രനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കര്‍മ്മ പരിപാടി അവതരിപ്പിച്ചു. 
 

Tags:    
News Summary - Epidamic - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.