കേരളത്തിലാകെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന കാലമാണ്. സമൂഹവ്യാപനം ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. സമൂഹവ്യാപനം എന്നാല്‍ ആരില്‍നിന്നും ലഭിച്ചു എന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കാത്ത തരത്തില്‍ പലര്‍ക്കും കോവിഡ് പിടിപെടുന്ന അവസ്ഥയാണ്; എല്ലാ ദിവസവും പുറത്തു വിടുന്ന കണക്കുകളില്‍ ഉറവിടം കണ്ടെത്താത്ത നിരവധി കേസുകള്‍ ഉണ്ടല്ലോ. അതായത് സമൂഹത്തില്‍ പൊതുവില്‍ രോഗം നിലനില്‍ക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്.

എന്താണ് റിവേഴ്സ് ക്വാറന്റൈന്‍ ?

ഈ അവസരത്തില്‍ കൂടുതലായി പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ് റിവേഴ്സ് ക്വാറന്റീന്‍. സമൂഹത്തില്‍ വ്യാപനം ഉള്ളതുകൊണ്ട് രോഗം പിടിപെട്ടാല്‍ കൂടുതല്‍ കരുതല്‍ വേണ്ടിവരുന്ന വിഭാഗത്തിനെ വീടുകളില്‍ ഇരിക്കാന്‍ സാമൂഹികസമ്മര്‍ദത്തിലൂടെയോ, നിര്‍ദേശങ്ങളിലൂടെയോ, അതുമല്ലെങ്കില്‍ നിയമത്തിലൂടെയോ നിര്‍ബന്ധിക്കുക. ഈ വിഭാഗം ആരെന്നു ഒന്ന് ചിന്തിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്, കോവിഡ് നമുക്ക് അത്രമേല്‍ പരിചിതമായിക്കഴിഞ്ഞല്ലോ. മുതിര്‍ന്ന പൗരന്മാര്‍ അഥവാ വയോജനങ്ങള്‍, ശ്വാസകോശ സംബന്ധമായി മറ്റു രോഗങ്ങള്‍ ഉള്ളവര്‍, അര്‍ബുദരോഗത്തിന് ചികിത്സയിലുള്ളവര്‍ എന്നിവര്‍ പ്രധാനമായും ഇതില്‍ പെടും. ഇവരെ നമുക്ക് സംബോധന സൗകര്യത്തിനായി രൂക്ഷ രോഗസാധ്യതാ വിഭാഗം എന്ന് വിളിക്കാം. റിവേഴ്സ് ക്വാറന്റീന്‍ എന്ന വാക്കു പരിചിതമാണെങ്കിലും അല്ലെങ്കിലും 'പുറത്തൊക്കെ മുഴുവന്‍ കോവിഡ് അല്ലെ, പ്രായമായവര്‍ റിസ്‌ക് എടുക്കാതെ വീട്ടിലിരിക്കണം' എന്ന വാദം പരിചിതമായിരിക്കണം; എല്ലാം ഫലത്തില്‍ ഒന്നുതന്നെ.

റിവേഴ്സ് ക്വാറന്റൈന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു മുതിര്‍ന്ന പൗരന്മാരെയാണ്. വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു

റിവേഴ്സ് ക്വാറന്റീനിന്റെ ഗുണവശങ്ങള്‍

പ്രത്യക്ഷത്തില്‍ ഏറ്റവും യുക്തിസഹമായ ഒരു നയം ആയി റിവേഴ്സ് ക്വാറന്റീന്‍ അനുഭവപ്പെട്ടേക്കാം. ഈ നയത്തിലൂടെ കോവിഡിനെ അതിജീവിക്കാന്‍ സാധ്യത കുറവുള്ളവരെ കോവിഡില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സാധിക്കും. അതിലൂടെ മരണനിരക്ക് കുറയ്ക്കാം; ഇപ്പോള്‍ത്തന്നെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തില്‍ ആണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. രൂക്ഷരോഗസാധ്യതാ വിഭാഗത്തിനു തന്നെയാണ് രോഗം പിടിപെട്ടാല്‍ ഏറ്റവും കൂടുതല്‍ ആശുപത്രിവാസം വേണ്ടിവരിക. അവരെ രോഗത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിലൂടെ ആശുപത്രികിടക്കകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. അതിലൂടെ ആശുപത്രികളില്‍ കൂടുതല്‍ രോഗികളെ പരിചരിക്കാനും സാധിക്കും. പ്രത്യക്ഷത്തില്‍ ഇതൊക്കെയാണെങ്കിലും പരോക്ഷമായി മറ്റു ചില യുക്തികളും ഇതില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ട്. രൂക്ഷാരോഗസാധ്യതാ വിഭാഗം കൂടുതലും പ്രായമായവരോ മറ്റു രോഗം ബാധിച്ചവരോ ആണെന്നിരിക്കെ ലോക്ക്ഡൗണിനെ അപേക്ഷിച്ചു റിവേഴ്സ് ക്വാറന്റീന്‍ മൂലം തൊഴില്‍മേഖലയിലും സമ്പദ്വ്യവസ്ഥയിലും ഉള്ള ആഘാതം പരിമിതമായിരിക്കും. ഇങ്ങനെയൊക്കെ നോക്കിയാല്‍ സാമൂഹികമായും സാമ്പത്തികമായും ഗുണങ്ങള്‍ മാത്രമേയുള്ളു!

റിവേഴ്സ് ക്വാറന്റീനും നൈതികതയും

ജനാധിപത്യ ഭരണകൂടം ഉറപ്പായും നല്‍കേണ്ടതും, ഇന്ത്യയില്‍ നമ്മുടെ ഭരണഘന ഉറപ്പുനല്കുന്നതുമായ നിരവധി അവകാശങ്ങള്‍ ഉണ്ട്. ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം എന്നിവയൊക്കെ അതില്‍ മുഖ്യമായി വരുന്നവയാണ്. റിവേഴ്സ് ക്വാറന്റീന്‍ എന്ന നയത്തെ, ഇത്തരം അവകാശങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്ന് നോക്കിയാലോ?

സാമൂഹികസമ്മര്‍ദത്തിലൂടെയായാലും നിര്‍ദേശങ്ങളിലൂടെയായാലും നിയമത്തിലൂടെയായാലും റിവേഴ്സ് ക്വാറന്റീന്‍ ആത്യന്തികമായി ചെയ്യുന്നത് ഒരു വിഭാഗം മനുഷ്യരെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കുള്ള പ്രയോജനത്തെ മുന്‍നിര്‍ത്തി വീടുകളില്‍ കഴിയാന്‍ പ്രേരിപ്പിക്കുക എന്നതാണ്. ഇതിലൂടെ നാം അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ യുക്തിയുടെ അടിസ്ഥാനം പ്രയോജനവാദം (utilitarianism) എന്ന തത്വമാണ്. ഒരു നയത്തെ അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രയോജനത്തിന്റെ ആകെത്തുക വെച്ച് അളക്കുക എന്നതാണ് പ്രയോജനവാദം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ജെറമി ബെന്തം: പ്രയോജനവാദത്തിന്റെ ഉപജ്ഞാതാവ്

നമ്മുടെ നിയമക്രമത്തില്‍ കുറ്റവാളികളുടെ അവകാശങ്ങള്‍ നിയന്ത്രിക്കാറുണ്ട്; അതിനാണല്ലോ ജയിലുകള്‍. എന്നാല്‍ ഇവിടെ രൂക്ഷരോഗസാധ്യതാവിഭാഗം എന്നതില്‍പെടുന്നവര്‍ തങ്ങളുടേതല്ലാത്ത കാരണം നിമിത്തം ആ വിഭാഗത്തില്‍ പെട്ടവരാണ്. സ്വന്തം പ്രായം ആരും നിശ്ചയിക്കുന്നില്ലല്ലോ. ഇതിനോടൊപ്പം, കേരളത്തിലെ സാമൂഹിക സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ ഇടയില്‍ ഇപ്പോഴും പ്രായമായവര്‍ എന്നാല്‍ 'പ്രാര്‍ത്ഥനയും ഒക്കെയായി വീട്ടില്‍ കഴിയേണ്ടവര്‍' എന്ന ഒരു ധാരണ ശക്തമാണ്. ആ ധാരണയുടെ നിശബ്ദ അന്തരീക്ഷത്തില്‍ കൂടെയാണ് റിവേഴ്സ് ക്വാറന്റീന്‍ നമുക്ക് സ്വാഗതാര്‍ഹമാകുന്നത് എന്ന് കാണേണ്ടതുണ്ട്. രൂക്ഷരോഗസാധ്യതാവിഭാഗം എന്ന് പൊതുവില്‍ പറയുമ്പോഴും, റിവേഴ്സ് ക്വാറന്റീന്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷത്തില്‍ ബാധിക്കുന്നതു പ്രായമായവരെ ആണെന്ന് കാണണം. ഒരാളെ കാണുമ്പോള്‍ തന്നെ പ്രായം വ്യക്തമാണ്, പക്ഷെ ഒരാളെ കാണുമ്പോള്‍ നമുക്ക് അയാള്‍ മറ്റു രോഗാവസ്ഥമൂലം രൂക്ഷരോഗസാധ്യതാവിഭാഗത്തില്‍ പെടുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ റിവേഴ്സ് ക്വാറന്റീന്‍ എന്നതിന് സമൂഹത്തില്‍ സ്വീകാര്യത ഏറുന്ന ഘട്ടത്തില്‍, അതുമൂലമുള്ള സാമൂഹികസമ്മര്‍ദം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ ആയിരിക്കും. ഇങ്ങനെ നാം നമ്മുടെ മുതിര്‍ന്ന പൗരന്മാരെ സമ്മര്‍ദത്തില്‍ ആക്കുന്നത് ശരിയാണോ? പ്രയോജനവാദം എന്നത് ഒഴിച്ചുള്ള തത്വശാസ്ത്ര സിദ്ധാന്തങ്ങള്‍ ഒന്നും തന്നെ റിവേഴ്സ് ക്വാറന്റീന്‍ എന്ന നയത്തെ പിന്തുണക്കുന്നില്ല. അങ്ങനെയുള്ള തത്വങ്ങളില്‍ അര്‍ഹത (desert), സമത്വം/നൈതികത (egalitarianism) എന്നിങ്ങനെയുള്ളവ പെടും എന്ന് നമുക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. റിവേഴ്സ് ക്വാറന്റീന്‍ വിഭാഗം അതിനര്‍ഹരാണെന്നോ ആ നയം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് സമൂഹത്തില്‍ സമമായി വിതരണം ചെയ്യപ്പെടുമെന്നോ പറയാന്‍ തീര്‍ത്തും വയ്യല്ലോ.

പറഞ്ഞുവരുന്നത്, നൈതികമായി തെറ്റും പ്രയോജനപരമായി ശരിയും ആയിട്ടുള്ള ഒരു നയമാണ് റിവേഴ്സ് ക്വാറന്റൈന്‍. അത്യസാധാരണമായ സന്ദര്‍ഭത്തില്‍ അത്യസാധാരണമായ നയങ്ങള്‍ പിന്‍പറ്റേണ്ടിവരും എന്ന യുക്തിയില്‍ നമുക്ക് റിവേഴ്സ് ക്വാറന്റൈന്‍ സ്വീകരിക്കേണ്ടിവന്നാലും, അതിന്റെ ന്യൂനതകള്‍ നാം മനസ്സിലാക്കുക തന്നെ വേണം.

റിവേഴ്സ് ക്വാറന്റീനും സമൂഹവും

സമൂഹത്തിലെ ഒരു പ്രത്യേക സ്ഥിതിവിശേഷത്തില്‍ റിവേഴ്സ് ക്വാറന്റീന്‍ നിഷ്‌കര്‍ഷിക്കപ്പെടുമ്പോള്‍ വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും നാം എന്താണ് ചെയ്യേണ്ടത്? രൂക്ഷരോഗസാധ്യതാവിഭാഗം വീട്ടില്‍ കഴിയുമ്പോള്‍ ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ ബാക്കിയുള്ളവര്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? അഥവാ റിവേഴ്സ് ക്വാറന്റീന്‍ നമ്മളില്‍ ഏല്‍പ്പിക്കുന്ന നൈതിക കടമ എന്താണ്?

ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കായി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വീകാര്യമായ തത്വശാസ്ത്രം നമുക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജോണ്‍ റൗള്‍സ് എന്ന തത്വചിന്തകന്‍ പ്രയോജനവാദത്തിനു ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെപ്പറ്റിയാണ് - റൗളസിയന്‍ പ്രമാണങ്ങള്‍ എന്നാണ് അവ അറിയപ്പെടുന്നത് - പറഞ്ഞുവരുന്നത്. അദ്ദേഹം പറയുന്നത് ഒരു സമൂഹത്തിലെ അസമത്വങ്ങള്‍ അതില്‍ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങള്‍ അനുഭവിക്കുന്നവരുടെ പ്രയോജനത്തിനായി നിലകൊള്ളണം എന്നാണ്. പ്രായോഗികതലത്തില്‍ അസമത്വങ്ങളുടെ പ്രതികൂലവശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അനുകൂലമായി എന്തൊക്കെ ചെയ്യാമോ, അതൊക്കെ ചെയ്യണം എന്നാണു റൗള്‍സ് പറഞ്ഞുവെയ്ക്കുന്നത്. അത്തരം ഉദ്യമങ്ങള്‍ സാമൂഹിക ഐക്യദാര്‍ഡ്യം വര്‍ധിപ്പിക്കുന്നതും മനുഷ്യര്‍ തമ്മിലുള്ള പരസ്പരപൂരകങ്ങളായ ഇടപെടലുകളില്‍ അധിഷ്ഠിതവും ആകണം എന്നും റൗള്‍സ് വാദിക്കുന്നു. റിവേഴ്സ് ക്വാറന്റീന്‍ കൊണ്ടുവരുന്ന അസമത്വം സഞ്ചാരസ്വാതന്ത്ര്യത്തിന്റേതാണ്. അതില്‍ ഏറ്റവും പ്രതികൂലമായ സാഹചര്യം അനുഭവിക്കുന്നവര്‍ രൂക്ഷരോഗസാധ്യതാവിഭാഗവും. റൗള്‍സിന്റെ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായി ചിന്തിക്കുമ്പോള്‍ നാം അന്വേഷിക്കേണ്ടത് ആ വിഭാഗത്തിന്റെ അസൗകര്യങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതാണ്.

ജോണ്‍ റൗള്‍സ്: പ്രയോജനവാദത്തിനു ബദലായി റൗളസിയന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച പ്രശസ്ത തത്വചിന്തകന്‍

ഈ അന്വേഷണം പലതലത്തില്‍ നടത്താം. ഒന്ന് സര്‍ക്കാര്‍ / ഭരണ തലത്തില്‍, മറ്റൊന്ന് ചെറിയ പ്രാദേശിക കൂട്ടായ്മകളുടെ തലത്തില്‍, മൂന്നാമത് വ്യക്തിയുടെ തലത്തില്‍. സര്‍ക്കാറിന് ചെയ്യാവുന്നത് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണവും മറ്റു നിത്യോപയോഗസാമഗ്രികളും ആവശ്യത്തിനുള്ള മരുന്നുകളും എത്തിച്ചുകൊടുക്കുക എന്നതാണ്. നിലവിലെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ ഈ ദിശയിലേക്കുള്ള ഉദ്യമങ്ങള്‍ ആയി കാണാം. തദ്ദേശഭരണസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ കാലത്തു നടത്തിയിരുന്ന സാമൂഹിക അടുക്കളകള്‍ ചെറിയതോതില്‍ ആണെങ്കില്‍ കൂടി രൂക്ഷരോഗസാധ്യതാവിഭാഗത്തിനായി പ്രവര്‍ത്തിപ്പിക്കാമോ എന്ന് ആലോചിക്കാവുന്നതാണ്.

ലോക്ഡൗണ്‍ കാലത്തെ കേരളത്തിലെ ഒരു സാമൂഹിക അടുക്കള

കൂടാതെ ഈ വിഭാഗത്തിന് വീട്ടില്‍ ചെന്നുള്ള ആരോഗ്യ ചെക്കപ്പും ആവശ്യാനുസരണം നടപ്പിലാക്കാവുന്നതാണ്. സര്‍ക്കാര്‍ തലത്തില്‍ ചെയ്യുന്നതിനേക്കാള്‍ ഉപരി റിവേഴ്സ് ക്വാറന്റീന്‍ വിഭാഗത്തെ ഒരുപക്ഷെ ഉള്ളില്‍തട്ടുന്ന വിധത്തില്‍ സഹായിക്കാന്‍ സാധിക്കുന്നത് പ്രാദേശിക കൂട്ടായ്മകള്‍ക്കാവണം. അയല്‍പക്കത്തുള്ളവര്‍ 'സുഖമല്ലേ, എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണേ' എന്ന് ചോദിക്കുന്നത് നല്‍കുന്ന ആശ്വാസം ഒരിക്കലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലല്ലോ. നമ്മുടെ പട്ടണങ്ങളില്‍ ആര്‍ട്‌സ് ക്ലബ്ബുകളും പ്രാദേശികമായ റെസിഡന്റ്സ് അസോസിയേഷനുകളും നിരവധിയാണല്ലോ. അവര്‍ക്കു ഈ കാലയളവില്‍ ചെയ്യാവുന്ന ഏറ്റവും അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും തങ്ങളുടെ ഇടയില്‍ താമസിക്കുന്ന രൂക്ഷരോഗസാധ്യതാ വിഭാഗത്തിന്റെ നാലുഭിത്തികള്‍ക്കിടയിലുള്ള ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുക എന്നത്. വ്യക്തി എന്ന നിലയില്‍ പ്രായമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇടയ്ക്കു വിളിച്ചു കാര്യവിവരം അന്വേഷിക്കുക എന്നത് ചെയ്യാവുന്നതില്‍വെച്ചു ഏറ്റവും കുറഞ്ഞ കാര്യമാണ്.

പ്രയോജനവാദത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യത്തിലെ അസമത്വങ്ങള്‍ നാം പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ റിവേഴ്സ് ക്വാറന്റീന്‍ അതനുഭവിക്കുന്നവര്‍ക്കു അസൗകര്യങ്ങള്‍ കുറയ്ക്കും വിധം സാമൂഹികാവസ്ഥ ക്രമീകരിക്കുക എന്നത് നമ്മുടെ എല്ലാം കടമ തന്നെയാണ്. അത് നാം മനസ്സിലാക്കുന്നിടത്താണ്, അതിനുതകുന്ന പ്രവര്‍ത്തനത്തിലൂടെ സാമൂഹിക ഐക്യദാര്‍ഢ്യം കൈവരിക്കുന്നിടത്താണ്, റിവേഴ്സ് ക്വാറന്റീന്‍ ഒരു ജനതയുടെ രോഗത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായി മാറുന്നത്.

യു.കെയിലെ ക്വീന്‍സ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍.
ഇമെയില്‍: deepaksp@acm.org 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.