ബ്ലഡ് ഷുഗർ എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ പ്രധാന ഊർജ സ്രോതസാണിത്. ആരോഗ്യമുള്ള മുതിർന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫാസ്റ്റിങ്ങിന് മുമ്പ് 70-100 എം.ജി/ഡി.എൽ ആയിരിക്കും. ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറിന് ശേഷം അത് 140 എം.ജി/ഡി.എല്ലിൽ താഴെയുമായിരിക്കും. സാധാരണ ഷുഗർ ലെവൽ കൂടിയാൽ ശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഡയബറ്റിക് കെറ്റോഅസിഡോസിസ്: പ്രധാനമായും ടൈപ്പ് 1 പ്രമേഹമുള്ളവരിലാണ് കാണപ്പെടുന്നത്. ശരീരം ഊർജ്ജത്തിനായി കൊഴുപ്പിനെ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന കീറ്റോണുകൾ എന്ന ആസിഡുകൾ രക്തത്തിൽ അടിഞ്ഞുകൂടുന്നു. കഠിനമായ ദാഹം, ഇടക്കിടെ മൂത്രമൊഴിക്കൽ, ഓക്കാനം, ഛർദ്ദി, വയറുവേദന, ശ്വാസത്തിന് പഴത്തിന്റെ മണം, ആശയക്കുഴപ്പം എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഹൈപ്പർഗ്ലൈസെമിക് നോൺ-കെറ്റോട്ടിക് സിൻഡ്രോം: പ്രധാനമായും ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് കാണപ്പെടുന്നത്. രക്തത്തിൽ ഷുഗർ ലെവൽ (പലപ്പോഴും 600 mg/dL-ലും കൂടുതൽ) വളരെയധികം കൂടുകയും, ഇത് ഗുരുതരമായ നിർജ്ജലീകരണത്തിന് (Dehydration) കാരണമാവുകയും ചെയ്യുന്നു. കഠിനമായ ദാഹം, ആശയക്കുഴപ്പം, മയക്കം, കോമ എന്നിവയാണ് ലക്ഷണങ്ങൾ.
വർഷങ്ങളോളം ഷുഗർ ലെവൽ നിയന്ത്രിക്കാതെ നിലനിർത്തിയാൽ ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം, രക്തക്കുഴലുകൾക്ക് തകരാറ് എന്നിവക്ക് സാധ്യത കൂടുന്നു. വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ച് വൃക്കസ്തംഭനത്തിലേക്ക് നയിക്കാം. ഇതിന് ഡയാലിസിസ് ആവശ്യമായി വന്നേക്കാം. കണ്ണിലെ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾക്ക് തകരാറുണ്ടാകുകയും, കാഴ്ച മങ്ങുക, തിമിരം, ഗ്ലോക്കോമ എന്നിവക്ക് കാരണമാവുകയും ചെയ്യാം. ചികിത്സിച്ചില്ലെങ്കിൽ അന്ധതയിലേക്ക് നയിക്കും.
ബ്ലഡ് ഷുഗർ ലെവൽ ആരോഗ്യകരമായി നിലനിർത്താൻ പ്രത്യേകിച്ച് പ്രീ-ഡയബറ്റിസ്, അല്ലെങ്കിൽ ഡയബറ്റിസ് ഉള്ളവർ ജീവിതശൈലിയിൽ ശ്രദ്ധയോടെയുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ധാരാളം നാരുകൾ അടങ്ങിയ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ (തവിട് കളയാത്ത ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ) കഴിക്കുക. വെളുത്ത അരി, മൈദ, പഞ്ചസാര എന്നിവ പൂർണ്ണമായും ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ഭക്ഷണം കഴിക്കുന്ന സമയം സ്ഥിരമാക്കുക. ഇടക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും, ഒരുമിച്ച് കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക. ഇലക്കറികളും, മറ്റ് പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കോഴിയിറച്ചി, മീൻ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പ്രോട്ടീൻ ഉറവിടങ്ങൾ കഴിക്കുക. ശീതള പാനീയങ്ങൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. ഭക്ഷണം കഴിച്ച ഉടൻ ഒരു 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഷുഗർ ലെവൽ കുറക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഭാരം ഉപയോഗിച്ചുള്ള ലഘു വ്യായാമങ്ങൾ ചെയ്യുന്നത് പേശികളുടെ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കും.
അമിതവണ്ണം ബ്ലഡ് ഷുഗർ നിയന്ത്രണത്തെ തടസ്സപ്പെടുത്തും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറക്കാൻ പ്രധാനമാണ്.
ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും. ദീർഘകാല സമ്മർദം, കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ഷുഗർ ലെവൽ ഉയർത്തുകയും ചെയ്യും. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ ശീലിക്കുക.
ഡോക്ടറുടെ നിർദേശമനുസരിച്ച് മരുന്നുകൾ കൃത്യസമയത്ത് കഴിക്കുക. ഡോക്ടർ പറഞ്ഞതനുസരിച്ച് ഷുഗർ ലെവൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് സ്വയം പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.