പ്രതീകാത്മക ചിത്രം

ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ എന്ത് സംഭവിക്കും?

തലച്ചോറ്, ഹൃദയം, വൃക്കകൾ, പേശികൾ, ഞരമ്പുകൾ തുടങ്ങിയ പ്രധാന അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്. രക്തത്തിൽ സാധാരണയായി 3.5 മുതൽ 5.0-5.3 mEq/L വരെയാണ് പൊട്ടാസ്യത്തിന്റെ അളവ്. ഇതിൽ കുറവ് വന്നാൽ പല ലക്ഷണങ്ങളും ഉണ്ടാകാം. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഹൈപ്പോകലീമിയ (Hypokalemia). ഇത് വളരെ അപകടകരമായ അവസ്ഥയാണ്. പൊട്ടാസ്യത്തിന്റെ കുറവ് നേരിയ തോതിലാണെങ്കിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കാം. എന്നാൽ കൂടിയാൽ ലക്ഷണങ്ങൾ തീവ്രമാകും.

ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പേശികൾ ശരിയായി പ്രവർത്തിക്കാത്തത് കാരണം വലിവുകളും വേദനകളും ഉണ്ടാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യാം. ഹൃദയപേശികളുടെ സങ്കോചത്തിനും വിശ്രമത്തിനും ആവശ്യമായ വൈദ്യുത സിഗ്നലുകൾ കൈമാറാൻ പൊട്ടാസ്യം അത്യാവശ്യമാണ്. ഇതിന്റെ കുറവോ കൂടുതലോ ഹൃദയ താളത്തിൽ വ്യതിയാനം ഉണ്ടാക്കുകയും അത് ഹൃദയസ്തംഭനം വരെ ഉണ്ടാകാൻ കാരണമാവുകയും ചെയ്യാം.

മലബന്ധം, വയറുവീർക്കൽ എന്നിവ ഉണ്ടാകാം. കൈകാലുകളിൽ ഇക്കിളിയോ മരവിപ്പോ അനുഭവപ്പെടാം.ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളാണ്. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം. പൊട്ടാസ്യം, സോഡിയം എന്നീ ഇലക്ട്രോലൈറ്റുകൾ പരസ്പരം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. ഭക്ഷണത്തിലെ അമിതമായ സോഡിയം രക്തസമ്മർദം വർധിപ്പിക്കുമ്പോൾ, പൊട്ടാസ്യം വൃക്കകളിലൂടെ അധികമുള്ള സോഡിയത്തെ പുറന്തള്ളാൻ സഹായിക്കുകയും, അതുവഴി രക്തക്കുഴലുകളുടെ ഭിത്തികളെ അയച്ച് രക്തസമ്മർദം കുറക്കുകയും ചെയ്യുന്നു.

വൃക്ക രോഗികളിലാണ് പൊട്ടാസ്യം അസന്തുലനം കൂടുതലായി കാണുക. ശരീരത്തിൽ പൊട്ടാസ്യം സന്തുലനം നിലനിർത്തുന്നതിൽ വലിയ പങ്കും വൃക്കകളാണ്. പൊട്ടാസ്യം നില മൂന്നിൽ താഴെയാണെങ്കിൽ നിർബന്ധമായും വൈദ്യപരിശോധന നടത്തണം. ഇതിന്‍റെ കാരണങ്ങൾ ഭക്ഷണക്രമത്തിലെ അപര്യാപ്തത, അതിസാരം, ഛർദ്ദി, ചില മരുന്നുകൾ എന്നിവയാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പൊട്ടാസ്യം ഉൾപ്പെടുത്തുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - What happens if potassium levels in the body decrease?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.