ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമോ? ആർത്തവവിരാമം അടുക്കുമ്പോഴും, അതിനുശേഷവും പലതരം ലക്ഷണങ്ങൾ ഉണ്ടാവാം

ആർത്തവവിരാമം ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ്. ഒരു സ്ത്രീക്ക് തുടർച്ചയായി 12 മാസത്തേക്ക് ആർത്തവം ഉണ്ടാകാതിരിക്കുമ്പോൾ ആർത്തവവിരാമം സംഭവിച്ചു എന്ന് പറയാം. സാധാരണയായി 45 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് സംഭവിക്കുന്നത്. എങ്കിലും ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. ശരീരത്തിൽ ചില ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന ജൈവിക പ്രക്രിയയാണിത്. അണ്ഡാശയങ്ങൾ, ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോൺ ഉത്പാദനം കുറയുന്നതാണ് കാരണം.

ആർത്തവവിരാമം അടുക്കുമ്പോഴും, അതിനുശേഷവും പലതരം ലക്ഷണങ്ങൾ കണ്ടേക്കാം. ഇവയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പെട്ടെന്നുണ്ടാകുന്ന ചൂടും, രാത്രിയിൽ അമിതമായി വിയർക്കുന്നത്, ഉറക്കമില്ലായ്മ, യോനിയിലെ വരൾച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശരീരഭാരം കൂടുന്നത്, ഓർമക്കുറവ്, അസ്ഥിക്ഷയം എന്നിവയും സംഭവിക്കാം. എല്ലാ സ്ത്രീകളിലും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍, അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ സമാനമാകണമെന്നില്ല. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയ മാത്രമാണ്. മെച്ചപ്പെട്ട ജീവിതശൈലികൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ സാധിക്കും.

സാധാരണയിൽ കവിഞ്ഞ അളവിലോ, കൂടുതൽ ദിവസങ്ങളിലോ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ, ആർത്തവചക്രത്തിൽ വലിയ വ്യതിയാനങ്ങൾ കാണുന്നുണ്ടെങ്കിൽ, ആർത്തവ സമയത്ത് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇടക്കിടെ സ്പോട്ടിങ് ഉണ്ടാകുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം. ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയെ ഹിസ്റ്റെറക്ടമി (Hysterectomy) എന്ന് പറയുന്നു. ഇത് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയയാണ്. മറ്റ് ചികിത്സകൾ ഫലപ്രദമല്ലാതിരിക്കുമ്പോഴോ അല്ലെങ്കിൽ ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോഴോ മാത്രമേ സാധാരണയായി ഡോക്ടർമാർ ഇത് നിർദേശിക്കാറുള്ളൂ.

45 വയസ്സിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിക്കുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സംഭവിക്കുന്നത് അപകട സൂചനയാണ്. ഇത്തരത്തില്‍ അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി കാരണം കണ്ടെത്തേണ്ടതും ചികിത്സ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചതിന്റെ ഭാഗമായോ അസാധാരണമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ആകാം ഇതിനുപിന്നില്‍.

ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം മനസ്സിനെയും ബാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതില്‍നിന്ന് രക്ഷനേടുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഗുണം ചെയ്യും. മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ശ്വസന വ്യായാമങ്ങള്‍, ധ്യാനം, യോഗ പോലുള്ളവയും മറ്റ് വ്യായാമങ്ങളും സഹായിക്കും. ആര്‍ത്തവ വിരാമം സംഭവിച്ചശേഷം വ്യായാമങ്ങള്‍ ചെയ്തു തുടങ്ങുന്നതിനേക്കാള്‍ നല്ലത് വളരെ നേരത്തേതന്നെ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതാണ്. ഈ സമയത്ത് എല്ലുകളുടെ ആരോഗ്യം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനാവശ്യമായ ഭക്ഷണരീതിയും വ്യായാമങ്ങളും പിന്തുടരാം. കാത്സ്യം, അയണ്‍ സപ്ലിമെന്റുകള്‍ ഈ സമയത്ത് കൃത്യമായി കഴിക്കാം.

Tags:    
News Summary - symptoms may occur during and after menopause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.