ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീന്‍. നല്ല പേശികള്‍ക്കും ഹോര്‍മോണ്‍ ഉത്പാദനം, മുടി, ചര്‍മം എന്നിവയുടെ ആരോഗ്യത്തിനുമെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. പ്രായം, ഭാരം, ഫിറ്റ്‌നസ്, രോഗങ്ങള്‍, എത്രത്തോളം ആരോഗ്യവാനാണ് എന്നിവയെല്ലാം ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് എത്രത്തോളം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് പറയാനാവുക. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോ ഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ എന്ന ക്രമത്തിലാണ് ആവശ്യമായി വരുന്നത്. ആ വ്യക്തി എത്രത്തോളം കായികാധ്വാനമുള്ളയാളാണ് എന്നതു കൂടി അടിസ്ഥാനമാക്കിയാണിത്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്.
എന്നാൽ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം അത് പേശികളില്‍നിന്നും എല്ലുകളില്‍നിന്നും വലിച്ചെടുക്കും. ക്രമേണ പേശികള്‍ ദുര്‍ബലമാവുകയും ശരീരത്തിന് പ്രായം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുകയേ മാര്‍ഗമുള്ളു. ഭക്ഷണത്തിൽ പ്രോട്ടീൻ കുറവുള്ള ആളുകൾക്ക് തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും ചില സൂക്ഷ്മമായ ലക്ഷണങ്ങളുണ്ട്. നിങ്ങളുടെ ശരീരത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമാണെന്നതിന്റെ ആറ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ എത്തുന്നില്ല എന്നതിന്‍റെ ആദ്യ ലക്ഷണം ബലഹീനതയാണ്. അതോടൊപ്പം നിരന്തരമായ ക്ഷീണവും. പേശികളുടെ വളർച്ചക്കും ഉറപ്പിക്കലിനും മനുഷ്യ ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തപ്പോൾ ശരീരത്തിലെ പേശി കലകളെ പ്രോട്ടീൻ സ്രോതസ്സായി ഉപയോഗിക്കുന്നു. ഇത് പേശികളുടെ ബലഹീനതക്കും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ബലഹീനതക്കും കാരണമാകുന്നു. പ്രോട്ടീൻ കുറഞ്ഞാൽ സ്ഥിരം ചെയ്യുന്ന ശാരീരിക പ്രവർത്തികൾ, ശീലങ്ങൾ എന്നിവയിൽ ക്ഷീണമുണ്ടാക്കും.
മുടിയുടെയും നഖങ്ങളുടെയും വളർച്ചയും പരിപാലനവും പ്രോട്ടീനിന്‍റെ അടിസ്ഥാന ഘടകമാണ്. ശരീരത്തിലെ പ്രോട്ടീന്‍റെ അളവ് അപര്യാപ്തമാകുമ്പോൾ അമിതമായ മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച കുറയൽ എന്നിവ പ്രകടമാകും. പ്രോട്ടീൻ കുറയുന്നത് മുടിയുടെ ഗുണമേന്മയെ ബാധിക്കുകയും കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യാം. പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ആഹാരമാണ്. ഇവ സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. നഖങ്ങൾ പൊട്ടുന്നതിനും കാരണമാകുന്നു.
പ്രോട്ടീൻ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്ന ഒരു പോഷകമാണ്. പ്രോട്ടീൻ കുറവാണെങ്കിൽ കഴിച്ച ഉടൻ വീണ്ടും വിശക്കുകയും കാർബോഹൈഡ്രേറ്റ് പോലുള്ള മറ്റ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ തോന്നുകയും ചെയ്യും. ഇത് കാലക്രമേണ അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം.
ശരീരത്തിലെ മുറിവുകൾ, ചതവുകൾ, പോറലുകൾ എന്നിവ വേഗത്തിൽ ഉണങ്ങുന്നതിന് പുതിയ കോശങ്ങളെ നിർമിക്കാൻ പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ കുറവാണെങ്കിൽ മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയം എടുക്കും.
രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ ആന്‍റിബോഡികളും മറ്റ് പ്രതിരോധ കോശങ്ങളും നിർമിക്കുന്നത് പ്രോട്ടീൻ ഉപയോഗിച്ചാണ്. പ്രോട്ടീൻ കുറയുമ്പോൾ, രോഗപ്രതിരോധ ശേഷി ദുർബലമാവുകയും പെട്ടെന്ന് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുകയും ചെയ്യും.
പ്രോട്ടീനുകളിലൊന്നായ ആൽബുമിൻ രക്തക്കുഴലുകളിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്നു. പ്രോട്ടീൻ കുറയുമ്പോൾ ഈ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും രക്തക്കുഴലുകളിൽ നിന്ന് ദ്രാവകം ടിഷ്യൂകളിലേക്ക് ഊർന്നിറങ്ങി കൈകളിലും കാലുകളിലും കണങ്കാലുകളിലും നീര് (വീക്കം) ഉണ്ടാകുകയും ചെയ്യാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ദീർഘകാലമായി അനുഭവിക്കുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നത് ഉചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.