ചില കാര്യങ്ങൾ ആവർത്തിച്ച് പരിശോധിക്കാറുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്! അമിത വൃത്തി മാത്രമല്ല ഒ.സി.ഡി

ഒ.സി.ഡി. അഥവാ ഒബ്സസീവ് കംപൽസീവ് ഡിസോർ‍ഡറിനേക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണയുള്ളവർ ഏറെയാണ്. അമിത വൃത്തിയാണ് ഒ.സി.ഡി.എന്നു കരുതുന്നവരുമുണ്ട്. എല്ലാം കൃത്യതയോടെയും പൂർണമായും ചിട്ടയോടെയും വേണമെന്നുള്ളതാണ് ഒ.സി.ഡി.യുടെ പ്രധാനസവിശേഷത. ഒത്തിരി വൃത്തിയുള്ള ഒരാളെ കാണുമ്പൊൾ അല്ലെങ്കിൽ പതിവിൽ കഴിഞ്ഞും അടുക്കും ചിട്ടയുമുള്ള ഒരാളെ കാണുമ്പോൾ അവർക്ക് ഒ.സി.ഡിയുണ്ടെന്ന് ആളുകൾ പറയും. ​ഒബ്സസീവ്-കംപൽസീവ് ഡിസോർഡർ എന്നത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകളും ആവർത്തിച്ചുള്ള പ്രവൃത്തികളും ഉൾപ്പെടുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ്.

'നോർത്ത് 24 കാതം' എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഹരികൃഷ്ണൻ എന്ന കഥാപാത്രത്തിന് ഒബ്സസ്സീവ്-കംപൽസീവ് ഡിസോർഡറിന്‍റെ ലക്ഷണങ്ങൾ ഉണ്ട്. ശുചിത്വത്തെക്കുറിച്ചും രോഗാണുക്കളെക്കുറിച്ചും അയാൾക്ക് കടുത്ത പേടിയുണ്ട്. കൈകൾ കൊണ്ട് ഡോർ ഹാൻഡിലുകളിലോ ടാപ്പുകളിലോ പിടിക്കാതിരിക്കാൻ ശ്രമിക്കുകയും, സ്വന്തമായി പ്ലേറ്റുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നതൊക്കെ ഇതിന്‍റെ ഭാഗമാണ്. ഒരു വ്യക്തിയുടെ മനസ്സിലേക്ക് ആവർത്തിച്ച് കടന്നുവരുന്ന, അനാവശ്യവും, കടുത്ത ഉത്കണ്ഠയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ചിന്തകളോ, പ്രേരണകളോ, ചിത്രങ്ങളോ ആണ് ഒബ്സഷൻസ്. ഈ ചിന്തകൾ യുക്തിസഹമല്ലെന്ന് ആ വ്യക്തിക്ക് അറിയാമെങ്കിലും, അവയെ തടയാൻ അവർക്ക് സാധിക്കുന്നില്ല. ഒബ്സഷൻ ചിന്തകൾ മൂലമുണ്ടാകുന്ന ഉത്കണ്ഠയും അസ്വസ്ഥതയും കുറക്കുന്നതിന് വേണ്ടി ഒരു വ്യക്തി ആവർത്തിച്ച് ചെയ്യുന്ന പ്രവൃത്തികളാണ് കംപൽഷൻസ്. ഇത് ശാരീരികമായ പ്രവൃത്തികളോ, മനസിൽ ചെയ്യുന്ന പ്രവൃത്തികളോ ആകാം. ഈ പ്രവൃത്തികൾ ചെയ്യുന്നത് ഉത്കണ്ഠയിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുന്നു.

പതിവ് ദിനചര്യയിലോ ചിട്ടകളിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇത്തരക്കാർക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. യാത്ര ചെയ്യാനുള്ള ഭയമുണ്ടാകുന്നതും ഈ ചിട്ടകൾ തെറ്റുമോ എന്ന ആശങ്കയിൽ നിന്നാണ്. മയോ ക്ലിനിക്കിന്റെ റിപ്പോർട്ട് പ്രകാരം ഒരു ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ രോഗിക്ക് എപ്പോഴും രോഗാണുക്കളുമായി സമ്പർക്കം പുലർത്തുന്നതായി തോന്നൽ ഉണ്ടാവുകയും അതുവഴിയുണ്ടാകുന്ന ഭയത്തിന്റെയും സമ്മർദ്ദത്തിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിൽ സെറോടോണിൻ എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉണ്ട്. ഇവയുടെ അളവ് കുറയുമ്പോൾ ചില ജോലികൾ പൂർത്തിയാക്കിയാലും അവ അപൂർണമാണെന്ന ചിന്ത വരുന്നു. ഇത് കാരണം ചെയ്ത പ്രവൃത്തി വീണ്ടും ചെയ്യാൻ തലച്ചോർ പ്രേരിപ്പിക്കും.

​സാധാരണയായി ചില കാര്യങ്ങളിൽ ചെറിയ ചിട്ടയോ ആവർത്തനമോ എല്ലാവർക്കും ഉണ്ടാകാം. എന്നാൽ ഒ.സി.ഡി രോഗമായാൽ നിസാരമായി തള്ളികളയരുത്. ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കാൻ കഴിയാതിരിക്കുക, ചിട്ടകൾക്കോ ചിന്തകൾക്കോ വേണ്ടി ഒരു ദിവസം ഒരു മണിക്കൂറിലധികം സമയം ചെലവഴിക്കുക. ചിന്തകളും പ്രവൃത്തികളും കാരണം ദൈനംദിന ജീവിതം, ജോലി, പഠനം, ബന്ധങ്ങൾ എന്നിവ താറുമാറാകുക എന്നീ അവസ്ഥയിലെത്തിയാൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്. 

​പുരുഷന്മാരിലും സ്ത്രീകളിലും ഈ രോഗാവസ്ഥ ഒരുപോലെ കാണാറുണ്ട്. അനാവശ്യഭീതി ഒ.സി.ഡിയുടെ ലക്ഷണങ്ങളിലൊന്നാണ്. അപകടം സംഭവിക്കുമോ, മരിച്ചുപോകുമോ എന്നിങ്ങനെയുള്ള ചിന്തകൾ ഇവരെ വേട്ടയാടികൊണ്ടിരിക്കും. 2‐5% ആളുകൾക്ക് ഇങ്ങിനെയൊരു മാനസ്സിക അവസ്ഥ ഉണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രാരംഭ ഘട്ടത്തിലാണെങ്കിൽ ചിന്തകൾ തുടർച്ചയായി എഴുതുന്നത് വഴി ഒരു പരിധി ഒ.സി.ഡി നിയന്ത്രിക്കാൻ കഴിയും. കാര്യങ്ങളെ കൂടുതൽ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കേണ്ടതും പ്രധാനപ്പെട്ടതാണ്. കൗൺസിലിങ്ങിന്റെയും ബിഹേവിയറൽ തെറാപ്പിയുടെയും സഹായത്തോടെയാണ് ഡോക്ടർമാർ ഇത്തരത്തിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്നുകൾക്ക് നിർദേശിക്കാറുമുണ്ട്.

Tags:    
News Summary - OCD is not just about excessive cleanliness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.