ഇൻസുലിൻ കുത്തിവെപ്പ് ഇനി വേണ്ട! പ്രമേഹ രോഗികൾക്ക് ഒരു ഗുളിക മതി; ജപ്പാനിൽ നിർണായക കണ്ടെത്തൽ

ടോക്കിയോ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസം പകരുന്ന ശാസ്ത്രീയ കണ്ടെത്തലുമായി ജപ്പാനിലെ കുമാമോട്ടോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. നിത്യേനയുള്ള ഇൻസുലിൻ കുത്തിവെപ്പിന് പകരം ലളിതമായി കഴിക്കാവുന്ന 'ഇൻസുലിൻ ഗുളിക' കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകർ. ഒരു നൂറ്റാണ്ടിലേറെയായി വൈദ്യശാസ്ത്രം കാത്തിരുന്ന ഈ സ്വപ്ന നേട്ടം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.

ഇൻസുലിൻ ശരീരത്തിൽ ഫലം നൽകുന്നതിന് മുമ്പേ ദഹനപ്രക്രിയയിലൂടെ നശിപ്പിക്കപ്പെടുന്നു. ഇൻസുലിൻ പോലുള്ള വലിയ പ്രോട്ടീനുകളെ നേരിട്ട് രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ നമ്മുടെ കുടലുകൾക്ക് പ്രയാസമാണ്. ഇത് മറികടക്കാൻ 'ഡി.എൻ.പി പെപ്റ്റൈഡ്' എന്ന സവിശേഷമായ ഒരു തന്മാത്രയാണ് ഗവേഷകർ വികസിപ്പിച്ചത്. കുടലിലൂടെ ഇൻസുലിൻ നേരിട്ട് രക്തത്തിലേക്ക് കലരാൻ ഈ പെപ്റ്റൈഡ് സഹായിക്കും. കുമാമോട്ടോ സർവകലാശാലയിലെ അസോസിയറ്റ് പ്രഫസർ ഷിംഗോ ഇറ്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണത്തിന് പിന്നിൽ.

നിലവിൽ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതർ ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ കുത്തിവെക്കാറുണ്ട്. ഇത് വേദനക്കും വലിയ മാനസിക വിഷമത്തിനും കാരണമാകുന്നുണ്ട്. പുതിയ ഇൻസുലിൻ ഗുളികകൾ നിലവിൽ വരുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്ക് വലിയ ആശ്വാസമാകും. ലബോറട്ടറിയിൽ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ പൂർണ വിജയമായിരുന്നു. ഇൻസുലിൻ കുത്തിവെക്കുന്നതിന് സമാനമായ ഫലം ഗുളിക കഴിച്ചപ്പോഴും ലഭിച്ചതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

വലിയ മൃഗങ്ങളിലും മനുഷ്യരിലും ഈ പരീക്ഷണം വിജയിച്ചാൽ മാത്രമേ മരുന്ന് വിപണിയിൽ ലഭ്യമാകൂ. എങ്കിലും, പ്രമേഹ ചികിത്സ രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ജപ്പാനിൽ തുടക്കമായിരിക്കുന്നത്. മറ്റു പല കുത്തിവെപ്പ് മരുന്നുകളും ഗുളിക രൂപത്തിലേക്ക് മാറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - No more insulin injections! Diabetes patients only need one pill; Crucial discovery in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.