ഓർമക്കുറവിലാണ് തുടക്കം; തലച്ചോറിനെ തകരാറിലാക്കാൻ വെറും നാല് ദിവസത്തെ ജങ്ക് ഫുഡ് മതി!

വെറും നാല് ദിവസത്തെ ഉയർന്ന കൊഴുപ്പുള്ളതും ജങ്ക് ഫുഡ് പോലുള്ളതുമായ ഭക്ഷണക്രമം തലച്ചോറിനെ തകരാറിലാക്കുമെന്ന് പുതിയ പഠനം. അമിത കൊഴുപ്പുള്ള ജങ്ക് ഫുഡ്, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തലച്ചോറിലെ ഓർമകളെ നിയന്ത്രിക്കുന്ന ഭാഗമായ ഹിപ്പോകാമ്പസിനെ (Hippocampus) പ്രതികൂലമായി ബാധിക്കാൻ തുടങ്ങുമെന്ന് പഠനം പറയുന്നു. പുതിയ ഓർമകൾ രൂപീകരിക്കുന്നതിലും സംഭരിക്കുന്നതിലും ഹിപ്പോകാമ്പസിന് നിർണ്ണായക പങ്കുണ്ട്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമായ അമിഗ്ഡലയുമായി ചേർന്ന് ഇത് വികാരങ്ങൾ നിയന്ത്രിക്കുന്നതിലും ഒരു പരിധി വരെ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ, തലച്ചോറിലെ ഇന്‍റർ ന്യൂറോണുകൾ അമിതമായി പ്രവർത്തനക്ഷമമാകുന്നു. ഇത് ഗ്ലൂക്കോസ് സ്വീകരിക്കാനുള്ള തലച്ചോറിന്‍റെ കഴിവിനെ തകരാറിലാക്കുകയും തൽഫലമായി ഓർമകൾ പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യുന്നു.

ഓർമക്കുറവ്, കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ തുടങ്ങുന്നതിന് മുമ്പുതന്നെ ഈ മാറ്റങ്ങൾ തലച്ചോറിൽ സംഭവിച്ചു തുടങ്ങുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. ജങ്ക് ഫുഡും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം വിഷാദം, ഉത്കണ്ഠ, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവ ഡോപാമിൻ പോലുള്ള സന്തോഷം നൽകുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തെയും ബാധിക്കുന്നു. ഡോപാമിന്‍റെ ഈ പെട്ടെന്നുള്ള വർധനവ് ഒരു താൽക്കാലിക സന്തോഷം നൽകുന്നു. എന്നാൽ ഇത് തുടരുമ്പോൾ തലച്ചോറിന് പഴയ സന്തോഷം ലഭിക്കാൻ കൂടുതൽ കൂടുതൽ ജങ്ക് ഫുഡ് ആവശ്യമായി വരുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിന് നിർണായകമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ജങ്ക് ഫുഡിൽ വളരെ കുറവാണ്. ഈ പോഷകങ്ങളുടെ കുറവ് തലച്ചോറിലെ കോശങ്ങൾ രൂപപ്പെടുന്നതിനും ന്യൂറോണുകൾ തമ്മിൽ ശരിയായി ആശയവിനിമയം നടത്തുന്നതിനും തടസ്സമുണ്ടാക്കുന്നു. ഇത് ശ്രദ്ധക്കുറവ്, വിജ്ഞാനപരമായ തകരാറുകൾ എന്നിവക്ക് കാരണമാകും.

ജങ്ക് ഫുഡുകളിൽ അടങ്ങിയ പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ എന്നിവ ശരീരത്തിലും തലച്ചോറിലും വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ വിട്ടുമാറാത്ത വീക്കം, വിഷാദം പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങളുമായി ബന്ധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് വിഷാദം വരാനുള്ള സാധ്യത കൂടുതലാണ്. ജങ്ക് ഫുഡിൽ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നീട് കുറക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഈ വലിയ ഏറ്റക്കുറച്ചിലുകൾ മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, ക്ഷീണം, വിശ്രമമില്ലായ്മ, ഉത്കണ്ഠ എന്നിവക്ക് കാരണമാകും.

Tags:    
News Summary - Just four days of junk food is enough to brain damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.