പ്രതീകാത്മക ചിത്രം

ചൂട് കൂടും, വ്യായാമം കുറയും; വർധിച്ചുവരുന്ന ചൂട് 2050ഓടെ മനുഷ്യന്റെ ശാരീരിക പ്രവർത്തനങ്ങളെ തളർത്തുമെന്ന് പഠനം

ആഗോളതാപനം മൂലം വർധിച്ചുവരുന്ന ചൂട് 2050ഓടെ ദശലക്ഷക്കണക്കിന് ആളുകളെ വ്യായാമരഹിതമായ ജീവിതശൈലിയിലേക്ക് തള്ളിവിടുമെന്ന് മെഡിക്കൽ ജേണലായ ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ ഇതിന്റെ ആഘാതം ആഗോള ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.

ശരാശരി താപനില 27.8 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന ഓരോ മാസവും ആഗോളതലത്തിൽ ശാരീരിക പ്രവർത്തനങ്ങളിൽ 1.5 ശതമാനം കുറവുണ്ടാക്കുന്നു. വികസ്വര രാജ്യങ്ങളിൽ ഇത് 1.85 ശതമാനമാണ്. 2050ഓടെ ഇന്ത്യയിലെ വ്യായാമരഹിതരായ മുതിർന്നവരുടെ എണ്ണത്തിൽ 2 ശതമാനം വർധനവുണ്ടാകാം. ഇത് പ്രതിവർഷം ലക്ഷക്കണക്കിന് അകാല മരണങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

പുറത്തിറങ്ങാൻ കഴിയാത്തവിധം ചൂട് കൂടുന്നതോടെ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് മൂലം ലക്ഷത്തിൽ 10.62 മരണങ്ങൾ സംഭവിക്കാമെന്ന് പഠനം കണക്കാക്കുന്നു. ഇന്ത്യക്ക് പ്രതിവർഷം ഏകദേശം 401.9 ദശലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇതിലൂടെ ഉണ്ടായേക്കാം. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെയും ചൂടുള്ള പ്രദേശങ്ങളിലെയും ജനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങൾക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാൽ അവർ കൂടുതൽ അപകടസാധ്യത നേരിടുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നഗരങ്ങളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, കെട്ടിടങ്ങൾക്ക് മുകളിൽ പച്ചപ്പ് വളർത്തുക എന്നിവ വഴി അന്തരീക്ഷ താപനില കുറക്കാം. തണലുള്ള നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ചൂട് കുറക്കുന്ന തരം റോഡ് നിർമാണ സാമഗ്രികൾ എന്നിവ ഉപയോഗിക്കുക. കഠിനമായ ചൂടുള്ള സമയങ്ങളിൽ വീടിനുള്ളിലിരുന്ന് ചെയ്യാവുന്ന വ്യായാമമുറകൾ ശീലമാക്കുക. കുറഞ്ഞ ചിലവിൽ വ്യായാമം ചെയ്യാൻ കഴിയുന്ന ശീതീകരിച്ച പൊതു ഇടങ്ങൾ ഒരുക്കുക.

Tags:    
News Summary - hotter days can make Indians physically inactive by 2050

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.