സ്ത്രീകളിലെ ഉയർന്ന രക്തസമ്മർദം; ശ്രദ്ധിക്കേണ്ട കാരണങ്ങളും അപകടസാധ്യതകളും

ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ ചില ഘട്ടങ്ങളിൽ സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദത്തിന്‍റെ കാരണങ്ങളും അപകടസാധ്യതകളും ചികിത്സകളും വ്യത്യാസപ്പെടാം. സ്ത്രീകളിലെ ഉയർന്ന രക്തസമ്മർദം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് ഹൃദയം, മസ്തിഷ്കം, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുന്നു. ഗർഭധാരണവും ആർത്തവവിരാമവുമായി ഇതിന് ബന്ധമുള്ളതിനാൽ. പതിവായുള്ള പരിശോധനകൾ നിർണായകമാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും ഉയർന്ന റീഡിങ്ങുകൾ കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തും. ജീവിതശൈലിയിലെ മാറ്റങ്ങളും വൈദ്യോപദേശവും ഈ അവസ്ഥ നിയന്ത്രിക്കുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രധാനമാണ്.

ആർത്തവവിരാമം സംഭവിക്കുന്നതോടെ സ്ത്രീകളിലെ ഹൃദയസംരക്ഷണ ഘടകമായ ഈസ്ട്രജൻ കുറയുന്നു. ഇതോടെ ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരുടേതിന് തുല്യമാവുകയും പിന്നീട് അവരെക്കാൾ കൂടുകയും ചെയ്യാം. പ്രീ-എക്ലാംസിയ ഒരു മുന്നറിയിപ്പാണ്. ഗർഭകാലത്ത് പ്രീ-എക്ലാംസിയ ഉണ്ടാകുന്ന സ്ത്രീകൾക്ക് പിന്നീട് ജീവിതത്തിൽ ഉയർന്ന രക്തസമ്മർദവും മറ്റ് ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത ഇരട്ടിയോ അതിലധികമോ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉയർന്ന രക്തസമ്മർദം എന്നാൽ ധമനികളുടെ ഭിത്തികളിൽ രക്തത്തിന്‍റെ മർദം ആവശ്യമുള്ളതിലും കൂടുതലായി നിലനിൽക്കുന്നു എന്നാണ്. ഇത് ഹൃദയത്തെ കൂടുതൽ കഠിനമായി പ്രവർത്തിപ്പിക്കുകയും ഹൃദയം, മസ്തിഷ്കം, വൃക്കകൾ, കണ്ണുകൾ തുടങ്ങിയ അവയവങ്ങളിലെ രക്തക്കുഴലുകൾക്ക് ക്രമേണ കേടുവരുത്തുകയും ചെയ്യുന്നു. ചികിത്സിക്കാത്ത ഹൈപ്പർടെൻഷൻ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാറുകൾ, കാഴ്ചക്കുറവ്, വാസ്കുലർ ഡിമെൻഷ്യ, ഓർമക്കുറവ് എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സമയവും സാഹചര്യവും വളരെ പ്രധാനമാണ്. ഏകദേശം 64 വയസ്സ് വരെ പുരുഷന്മാർക്കാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതെന്ന് മായോ ക്ലിനിക്ക് പറയുന്നു. എന്നാൽ 65 വയസ്സിന് ശേഷം സ്ത്രീകളിൽ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭധാരണവും ആർത്തവവിരാമവും അപകടസാധ്യത ഘടകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അതായത് ഒരു സ്ത്രീയുടെ ഹോർമോണുകളും പ്രത്യുൽപാദന ചരിത്രവും ഉയർന്ന രക്തസമ്മർദം എങ്ങനെ, എപ്പോൾ പ്രത്യക്ഷപ്പെടുന്നു എന്ന് നിർണയിച്ചേക്കാം.

മിക്ക അപകടസാധ്യത ഘടകങ്ങളും എല്ലാവരിലും പൊതുവായുള്ളതാണ്. കുടുംബ ചരിത്രം, പ്രായം വർധിക്കുന്നത്, അമിതവണ്ണം, ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിതമായ മദ്യപാനം, പുകവലി, വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം, സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസം നിലക്കുന്ന അവസ്ഥ) എന്നിവയെല്ലാം കാലക്രമേണ രക്തസമ്മർദം വർധിപ്പിക്കുന്നു. പൊട്ടാസ്യം കുറവും ഉപഭോഗവും അമിതമായ സമ്മർദവും ഇതിൽ ഒരു പങ്കുവഹിക്കാമെന്നും മായോ ക്ലിനിക്ക് പറയുന്നു.

സ്ത്രീകളിലെ ഹൈപ്പർടെൻഷൻ ധമനികളുടെ കട്ടിയാകൽ ത്വരിതപ്പെടുത്തുന്നു. ഇത് നേരിട്ട് ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകും. ദീർഘകാലമായുള്ള ഉയർന്ന രക്തസമ്മർദം കാരണം രക്തക്കുഴലുകൾ ചുരുങ്ങുകയും ദുർബലമാവുകയും ചെയ്യുന്നത് വൃക്കകൾക്കും കണ്ണുകളിലെ ചെറിയ രക്തക്കുഴലുകൾക്കും കേടുവരുത്തും. നിയന്ത്രിക്കാത്ത ഉയർന്ന രക്തസമ്മർദം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നതിലൂടെ വൈജ്ഞാനിക പ്രശ്നങ്ങളും വാസ്കുലർ ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മായോ ക്ലിനിക്ക് പറയുന്നു.

Tags:    
News Summary - High blood pressure in women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.