പല്ല് തേക്കുന്നത് നല്ല ശീലമാണെങ്കിലും തെറ്റായ രീതിയിൽ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ പല്ലിനും മോണക്കും ദോഷകരമായേക്കാം. ഇന്റർനാഷണൽ ഡെന്റൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം ഇടക്കിടെയോ പല്ല് തേക്കുന്നത് ഇനാമലിനെ ക്ഷയിപ്പിക്കുകയും മോണയെ പ്രകോപിപ്പിക്കുകയും ചെയ്യും എന്നാണ്. പല്ലിന്റെ ഏറ്റവും കടുപ്പമേറിയ പുറംപാളിയാണ് ഇനാമൽ. ഇത് കേടുപാടുകളെ പ്രതിരോധിക്കാൻ കഴിവുള്ളതാണെങ്കിലും, ക്രമേണ തേയ്മാനം സംഭവിക്കാം. ഓറഞ്ച്, കാപ്പി, വൈൻ, കാർബണേറ്റഡ് പാനീയങ്ങൾ പോലുള്ള അമ്ലാംശമുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് തൊട്ടുപിന്നാലെ ബ്രഷ് ചെയ്യുന്നത് പല്ലുകൾക്ക് ദോഷകരമാണ്.
അമ്ലങ്ങൾ ഇനാമലിനെ താൽക്കാലികമായി മൃദുവായി മാറ്റുന്നു. ഈ സമയത്ത് ബ്രഷ് ചെയ്യുമ്പോൾ, ഇനാമൽ പെട്ടെന്ന് തേഞ്ഞുപോവുകയും അതിനടിയിലുള്ള മൃദലമായ ഡെന്റിൻ പാളി പുറത്തുവരികയും ചെയ്യും. ഇത് കാലക്രമേണ പല്ലിന് സെൻസിറ്റിവിറ്റി ഉണ്ടാക്കും. ടൂത്ത് ബ്രഷ് തനിയെ പല്ലിന് കേടുപാടുകൾ വരുത്തുന്നത് അപൂർവമാണ്. മിക്ക ടൂത്ത് പേസ്റ്റുകളും മൃദുവാണ്. എന്നാൽ, വളരെയധികം ശക്തി ഉപയോഗിച്ച് ബ്രഷ് ചെയ്യുകയോ, ദിവസത്തിൽ മൂന്നോ നാലോ തവണ ബ്രഷ് ചെയ്യുകയോ ചെയ്യുന്നത് തേയ്മാനം കൂട്ടും.
തെറ്റായ ബ്രഷിങ് ശീലങ്ങൾ മോണയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വളരെയധികം ശക്തിയിൽ ബ്രഷ് ചെയ്യുന്നത് അല്ലെങ്കിൽ കട്ടിയുള്ള നാരുകളുള്ള ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നത് കാലക്രമേണ മോണ താഴ്ന്നുപോകാൻ കാരണമാകും. മോണ താഴ്ന്നുപോകുമ്പോൾ പല്ലിന്റെ വേരിന്റെ ഉപരിതലം തുറന്നുകാട്ടപ്പെടുന്നു. ഇനാമലിന്റെ സംരക്ഷണമില്ലാത്ത ഈ ഭാഗം പെട്ടെന്ന് ദ്രവിക്കാനും വേദനയുണ്ടാക്കാനും സാധ്യതയുണ്ട്. ഇലക്ട്രിക് ബ്രഷുകളോ മാനുവൽ ബ്രഷുകളോ ആകട്ടെ, അമിതമായ മർദം ഉപയോഗിക്കുന്നത് ദോഷകരമാണ്. മോണക്കും ഇനാമലിനും കേടുവരുത്താത്ത വൃത്താകൃതിയിലുള്ള മൃദുവായ ചലനങ്ങളാണ് ഏറ്റവും സുരക്ഷിതം.
പല്ലിന്റെ തേയ്മാനത്തിൽ ടൂത്ത് പേസ്റ്റുകൾക്ക് പ്രധാന പങ്കുണ്ട്. കറകളും പ്ലാക്കും നീക്കം ചെയ്യാനായി ടൂത്ത് പേസ്റ്റുകളിൽ അബ്രസീവുകൾ ചേർക്കാറുണ്ട്. എന്നാൽ, ഇവയുടെ അളവ് കൂടുന്നത് ഡെന്റിനെ ക്രമേണ ദ്രവിപ്പിക്കും.ദിവസത്തിൽ കൂടുതൽ തവണ ബ്രഷ് ചെയ്യുന്നതും അമിതമായി ശക്തി നൽകുന്നതും അബ്രസീവുകളുടെ ദോഷഫലങ്ങൾ വർധിപ്പിക്കും. അമ്ലാംശമുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ കഴിച്ച ശേഷം കുറഞ്ഞത് 20-30 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം ബ്രഷ് ചെയ്യുക. ഈ സമയത്ത് ഉമിനീർ സ്വാഭാവികമായി അമ്ലത്തെ നിർവീര്യമാക്കുകയും ഇനാമലിനെ പുനർനിർമിക്കുകയും ചെയ്യും.
മൃദലമായതോ ഇടത്തരം നാരുകളുള്ള ബ്രഷ് ഉപയോഗിക്കുക. കട്ടിയുള്ള ബ്രഷുകൾ ഒഴിവാക്കുക. പല്ലിൽ അമിതമായി അമർത്താതെ രണ്ട് മിനിറ്റ് സമയം എടുത്ത് മൃദലമായ, വൃത്താകൃതിയിലുള്ള ചലനങ്ങളിൽ ബ്രഷ് ചെയ്യുക. മിക്ക ദന്തരോഗ വിദഗ്ദ്ധരും ദിവസത്തിൽ രണ്ടുനേരം (രാവിലെയും രാത്രി കിടക്കുന്നതിന് മുമ്പും) ബ്രഷ് ചെയ്യാൻ തന്നെയാണ് നിർദേശിക്കുന്നത്. എന്നാൽ ഇത് ശരിയായ രീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.