മഞ്ഞുകാലത്ത് ചുണ്ടുകൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. തണുത്ത കാറ്റും ഈർപ്പം കുറഞ്ഞ അന്തരീക്ഷവും ചുണ്ടുകൾ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ചുണ്ടുകൾ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലെങ്കിൽ ചർമം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകൾ, വേഗത്തിൽ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോൾ ചർമകോശങ്ങളിൽ ജലാംശം നിലനിർത്താൻ സാധിക്കുകയും, ഇത് ചുണ്ടുകൾ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കും.
മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കിൽ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നൽകാനും ജലാംശം നിലനിർത്താനും സഹായിക്കും. നിങ്ങൾ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടർ ബോട്ടിൽ കരുതുക. കണ്ണിന്റെ കാഴ്ചയിൽ വെള്ളം ഉണ്ടെങ്കിൽ കുടിക്കാൻ ഓർമ്മ വരും.
ചുണ്ടുകൾ ഉണങ്ങുമ്പോൾ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നൽകുമെങ്കിലും അത് ചുണ്ടുകൾ കൂടുതൽ വേഗത്തിൽ വരളാൻ കാരണമാകും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേർത്ത പോലുള്ള മൃദലമായ സ്ക്രബ്ബുകൾ ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. പഞ്ചസാരയും തേനും ചേർത്ത മിശ്രിതം സ്ക്രബ്ബറായി ഉപയോഗിക്കാം. എക്സ്ഫോളിയേഷൻ ശേഷം ഉടൻ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോൾ സ്കാർഫ് ഉപയോഗിച്ച് ചുണ്ടുകൾ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാൻ സഹായിക്കും.
എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകൽ സമയങ്ങളിൽ നിർബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏൽക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകൾക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടർ, കോക്കോ ബട്ടർ, സെറാമൈഡ്സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവൻ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചുണ്ടുകൾ വിണ്ടുകീറുമ്പോൾ, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതൽ മുറിവുകൾക്കും കാരണമാകും. മെന്തോൾ, കർപ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകൾ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതൽ വരണ്ടതാക്കാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകൾ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.