ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ലയെന്ന് ഡി.എം.ഒ
പാലക്കാട്: ജില്ലയിൽ രണ്ടിടങ്ങളിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽനിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
എന്താണ് ഷിഗല്ല?
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധക്ക് കാരണമാവുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. എന്നാൽ, ഇതുസാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനജലം, കേടായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
രോഗലക്ഷണങ്ങൾ:
- വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ.
- ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കം ഉണ്ടാവുമ്പോൾ രക്തവും പുറം തള്ളപ്പെടാം.
- രണ്ടുമുതല് ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല.
മുൻകരുതലുകൾ
- പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.
- ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക.
- തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.
- കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്കരിക്കുക.
- രോഗ ലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.
- പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
- ഭക്ഷണ പദാർഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.
- ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക.
- ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.
- ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാതാതിരിക്കുക.
- വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക.
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
- വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.
- രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
- രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.
- ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർ ജോലി ചെയ്യുന്നില്ല എന്നും ഹോട്ടൽ ഉടമകൾ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.