കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കഫക്കെട്ടിനെ ഭയപ്പെടേണ്ട

 കുട്ടികളില്‍ പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന കഫക്കെട്ട് മാതാപിതാക്കളില്‍ കടുത്ത ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.
തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്‍െറ സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് കടുത്ത രോഗമെന്ന് കരുതി മാതാപിതാക്കള്‍ ഭയപ്പെട്ട്  ചികില്‍സ തേടുകയാണ് പതിവ്. സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്‍സക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്. അതേസമയം, കഫക്കെട്ടിന്‍െറ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.
രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്‍െറ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്‍െറ ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്. രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്‍സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.
അലര്‍ജിയാണ്  രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്‍െറയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍െറ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം.
മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്‍കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടതില്ല. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ്  പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന്് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.
പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.
ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്‍െറ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്‍െറ വ്യതിയാനം ശരീരത്തിന്‍െറ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.
ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക്  ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.
തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാവാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് സങ്കോചിച്ച് കൗമാരത്തോടെ പ്രവര്‍ത്തനം നിലക്കുന്ന ഈ ഗ്രന്ഥി ചുരുങ്ങാതിരിക്കുകയോ വലുതാവുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാവുന്നത്. ശസ്ത്രക്രിയ കൂടാതെ മരുന്ന് ഉപയോഗിച്ചുതന്നെ ഈ അസുഖം ഭേദമാക്കാം.
കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതും ഹോമിയോ മരുന്നുകളുടെ ഒരു ഗുണമാണ്. കൃത്യമായ അളവില്‍ ആവശ്യമുള്ള കാലയളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നല്‍കിയാല്‍ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരിടാവുന്നതാണ്.
(ലേഖകന്‍ കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവിയാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.