ലൂപസ് - പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗം

കേന്ദ്രമന്ത്രി ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറുടെ ദുരൂഹമരണത്തോടെ വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച രോഗമാണ് ‘ലൂപസ്’. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരപൂര്‍വ രോഗം. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖമാണിത്.പ്രതിരോധ സംവിധാനം താറുമാറായി ശരീരഭാഗങ്ങളെ ബാധിക്കുന്നതോടെ വിവിധ അവയവങ്ങള്‍ രോഗത്തിന്‍െറ പിടിയിലാവുന്നു. രോഗാണുക്കളോടും ശരീരത്തിനകത്തത്തെുന്ന അന്യവസ്തുക്കളോടുമുള്ള പ്രതിരോധത്തിന്‍െറ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്‍റിബോഡികളാണ് ഇവിടെ രോഗകാരണമാകുന്നത്. ഇവയുടെ പ്രവര്‍ത്തനം അനിയന്ത്രിതമാവുകയും അത് വിവിധ അവയവങ്ങളിലെ കോശങ്ങളെയും കലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് ലൂപസ് രോഗം പിടിപെടുന്നത്. 
കൈകാല്‍മുട്ടുകള്‍, കണങ്കൈ, തോള്‍ഭാഗം തുടങ്ങിയ ശരീരസന്ധികളില്‍ കഠിനമായ വേദന, വീക്കം, കൈകാലുകളിലും മുഖത്തും കഴുത്തിലുമുള്ള തൊലിപ്പുറത്തെ തിണര്‍പ്പ്, പനി തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ ഈ രോഗത്തിനുണ്ട്. വിളര്‍ച്ച, ശ്വസിക്കുമ്പോള്‍ നെഞ്ചുവേദന, മുടികൊഴിച്ചില്‍, വായ്പുണ്ണ്, കണ്ണുകളില്‍ വരള്‍ച്ച, ഭാരംകുറയല്‍, സൂര്യപ്രകാശത്തോട് അലര്‍ജി തുടങ്ങിയവയും ലൂപസിന്‍െറ ലക്ഷണങ്ങളാണ്. ഇതിനെല്ലാം പുറമെ, മാനസികാരോഗ്യത്തെയും ഈ രോഗം ബാധിച്ചേക്കാം. രോഗബാധിതരായ ചില വ്യക്തികളില്‍ ഉത്കണ്ഠ, വിഷാദം, ഓര്‍മക്കുറവ് എന്നിവയും കണ്ടുവരുന്നു.
രോഗം രൂക്ഷമായാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചിലരില്‍ രക്തസ്രാവത്തിനും ധമനികളില്‍ രക്തം കട്ടപിടിക്കാനും ഇടയാക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ളെങ്കില്‍ മാരകമായേക്കാവുന്ന അവസ്ഥയാണിത്. രോഗം ഹൃദയത്തെ ബാധിക്കുകയാണെങ്കില്‍ ഹൃദയാഘാതത്തിനും ഇടയാക്കും. ഗര്‍ഭിണികളില്‍ ഗര്‍ഭഛിദ്രത്തിനും ഇത് കാരണമാവും. 
സാധാരണഗതിയില്‍ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ശരീരത്തിനകത്തത്തെുമ്പോള്‍ ഉടന്‍തന്നെ നമ്മുടെ പ്രതിരോധ സംവിധാനം ആന്‍റിബോഡിസ് എന്ന പേരിലുള്ള ഒരുതരം പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കും. ഈ പ്രോട്ടീനുകളാണ് രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ച് അവയെ  നശിപ്പിക്കുന്നത്. എന്നാല്‍, ലൂപസ് രോഗംബാധിച്ച ഒരാളില്‍ ഈ പ്രക്രിയ ശരിയായ രീതിയിലല്ല നടക്കുക. പകരം ശരീരത്തില്‍ രൂപപ്പെടുന്ന ആന്‍റിബോഡികള്‍ക്ക്  രോഗാണുക്കളെയും  ആരോഗ്യമുള്ള കലകളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ അത് ശരീരകലകളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ശരീരം നടത്തുന്ന ഒരു സ്വയം നശിപ്പിക്കല്‍ പ്രക്രിയയാണിത്. ഇത്തരം പ്രവണതയെയാണ് പൊതുവായി ‘ലൂപസ്’ എന്ന് വിശേഷിപ്പിക്കുന്നത്.
ലൂപസ് രോഗംതന്നെ പലതരത്തിലുണ്ട്. ഇതില്‍, തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്നവയെ ഡിസ്കോയ്ഡ്  എന്നും ആന്തരികാവയവങ്ങളെ ബാധിക്കുന്നവയെ എസ്.എല്‍.ഇ അഥവാ സിസ്റ്റമിക് ലൂപസ് എറിതീമാറ്റോസസ് എന്നും വിളിക്കുന്നു. 
ഇതില്‍, ഡിസ്കോയ്ഡ് ലൂപസ്  ഗുരുതരമല്ല. തൊലിപ്പുറത്ത് മാത്രമാണ് ഇതിന്‍െറ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. മുഖത്തും കഴുത്തിലും ശിരോചര്‍മത്തിലും ചുവന്ന് തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുകയാണ് പ്രധാനലക്ഷണം. മൂക്കും കവിളും ചേരുന്നടത്ത് ശലഭാകൃതിലില്‍ ചുവന്ന പാടുകള്‍ രൂപപ്പെടുകയുംചെയ്യും. സാധാരണഗതിയില്‍ ഈയവസ്ഥയില്‍  രോഗം ഗുരുതരമാകാനിടയില്ല. എന്നാല്‍, 10 ശതമാനത്തില്‍ കുറഞ്ഞ രോഗികളില്‍ ഡിസ്കോയ്ഡ് ലൂപസ് എസ്.എല്‍.ഇയായി മാറാനും സാധ്യതയുണ്ട്.
എസ്.എല്‍.ഇ  ശരീരാവയവങ്ങളിലെ സന്ധികളെയും ശ്വാസകോശം, വൃക്കകള്‍, ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയെയുമാണ് ബാധിക്കുക. ഇടവേളകളില്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്വഭാവവും ഈ രോഗത്തിനുണ്ട്.
രോഗം തലച്ചോറിനെ ബാധിക്കുമ്പോള്‍ കഠിനമായ തലവേദന, ശരീരഭാഗങ്ങള്‍ തളര്‍ന്ന് പോകല്‍, കാഴ്ചക്കുറവ്, മറവിരോഗം എന്നീ ലക്ഷണങ്ങളാണ് പ്രകടമാവുക.
ശ്വാസകോശത്തെ രോഗം ബാധിച്ചാല്‍ ആസ്ത്മ, തുടര്‍ച്ചയായ ചുമ, ന്യൂമോണിയ എന്നീ ലക്ഷണങ്ങളാണുണ്ടാവുക. രക്തക്കുഴലുകളെ ബാധിച്ചാല്‍ വിളര്‍ച്ച, രക്തം കട്ടപിടിക്കാതിരിക്കല്‍, രക്തത്തിലെ ഘടകങ്ങളുടെ എണ്ണംകുറയല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തില്‍ പ്രോട്ടീന്‍െറ അളവ് കൂടി വൃക്കസ്തംഭനം എന്നിവയും സംഭവിക്കും. 
കൃത്യമായ രോഗകാരണം ഇതുവരെ കണ്ടത്തെിയിട്ടില്ളെങ്കിലും പാരമ്പര്യം ഒരു ഘടകമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതു തരക്കാരിലും ഈ രോഗം ബാധിച്ചേക്കാമെങ്കിലും യുവതികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ, സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യം രോഗകാരണമാകുന്നുണ്ടെന്ന് ഒരുകൂട്ടം ആരോഗ്യവിദഗ്ധര്‍ കരുതുന്നുണ്ട്. 
കടുത്തതും നിരന്തരവുമായ മാനസികസമ്മര്‍ദം, സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘകാലം ശരീരത്തില്‍ നേരിട്ടുപതിക്കല്‍, പുകവലി, ചിലതരം മരുന്നുകളുടെ ഉപയോഗം, ചില രാസവസ്തുക്കളുമായുള്ള നിരന്തരസമ്പര്‍ക്കം എന്നിവയാണ് പ്രധാന രോഗകാരണങ്ങളായി കരുതുന്നത്. 
തുടക്കത്തില്‍ കണ്ടത്തെുകയും വിദഗ്ധചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ദീര്‍ഘകാലം ഈ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താനാകും. അത്രയധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ളെങ്കിലും നമ്മുടെ നാട്ടിലും നിരവധിയാളുകളില്‍ ഈ രോഗം കണ്ടുവരുന്നുണ്ട്. 
 
 
(വയനാട്ടിലെ ഡി.എം  വിംസ് ഹോസ്പിറ്റലിലെ 
മെഡിക്കല്‍ സൂപ്രണ്ടാണ് ലേഖകന്‍)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.