രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ചുള്ള ഡയറ്റ്; വണ്ണം കുറക്കാൻ ശ്രമിച്ച യുവതിക്ക് ഗുരുതര മസ്തിഷ്ക രോഗം

സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി പല രീതിയിലും വിധത്തിലുമുള്ള ഡയറ്റിങ് രീതികളും ട്രെന്‍റുകളും നമ്മൾ കാണാറുണ്ട്. ഡയറ്റെടുത്ത് ഫലം ഉണ്ടായവരും പണി കിട്ടിയവരും ഇക്കൂട്ടത്തിലുണ്ട്. വണ്ണം കുറക്കാൻ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് ഡയറ്റെടുത്ത യുവതിക്ക് ഗുരുതര മസ്തിഷ്ക രോഗം ബാധിച്ചിരിക്കുകയാണിപ്പോൾ. തീവ്രമായ ഫാസ്റ്റിംഗ് രീതിയായ ബിഗുവാണ് 31 കാരിയായ ചൈനീസ് യുവതി പിന്തുടർന്നത്. ഇതൊരു പരമ്പരാഗത താവോയിസ്റ്റ് രീതിയാണ്.

സ്ഥിരമായി നടക്കാനാവാത്ത വിധം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോൾ ഇവർ നേരിടുന്നത്. വെള്ളം മാത്രം കുടിച്ചുള്ള ഡീട്ടോകിസിങ് വഴി യുവതിക്ക് 20 കിലോഗ്രാം ഭാരമാണ് കുറഞ്ഞത്. എന്നാൽ ഇത് അവരുടെ ശരീരത്തെ ഗുരുതരമായി ബാധിക്കുകയും എന്നെന്നേക്കുമായി നടക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും ചെയ്തു.

ചൈനയിലെ ക്വിൻ രാജവംശത്തിന് മുമ്പ് രൂപംകൊണ്ടതായി വിശ്വസിക്കപ്പെടുന്ന ഒരു താാവോയിസ്റ്റ് ഫാസ്റ്റിംഗ് രീതിയാണ് ബിഗു. ധാന്യങ്ങൾ ഒഴിവാക്കുക എന്നാണ് ഈ വാക്കിന്റെ അർത്ഥം. പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന ഊർജ്ജമായ ചി മാത്രം സ്വീകരിച്ചുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്ന ഈ രീതിയിലൂടെ അനശ്വരതയും ആത്മീയ ഔന്നത്യവും നേടാനാകുമെന്നാണ് ഇതിന്റെ വിശ്വാസികൾ കരുതുന്നത്.

ഇന്ന് ശരീരഭാരം കുറക്കാനും ശരീരം ശുദ്ധീകരിക്കാനുമുള്ള മാർഗ്ഗമായി പലരും സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കുന്നുണ്ട്. വെറും വെള്ളവും വിറ്റാമിൻ സപ്ലിമെന്റുകളും മാത്രം കഴിച്ച് ഒരു മാസം കൊണ്ട് 10 കിലോഗ്രാമിലധികം ഭാരം കുറച്ചതായി ചിലർ അവകാശപ്പെടുന്നു. നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ധ്യാനിച്ചുകൊണ്ട് 'ചി' സ്വീകരിക്കണമെന്നാണ് ഇതിന്റെ ഉപയോക്താക്കൾ നിർദ്ദേശിക്കുന്നത്.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ ഇത്തരം കഠിനമായ പട്ടിണി കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെയും സമാനമായ നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020-ൽ ഹീലോങ്ജിയാങ് പ്രവിശ്യയിൽ 52 ദിവസം വെള്ളം മാത്രം കുറിച്ച് ജീവിച്ച 26 കാരനായ യുവാവ് മരിച്ചിരുന്നു.

കഴിഞ്ഞ വർഷം സെജിയാങ് പ്രവിശ്യയിൽ വെള്ളവും എനർജി ഗുളികയും മാത്രം കഴിച്ച് ഒരാഴ്ചകൊണ്ട് 5 കിലോ കുറച്ച യുവതിക്ക് കുടലിന് ഗുരുതരമായി പരിക്കേൽക്കുകയും രക്തത്തിൽ ബാക്ടീരിയൽ അണുബാധയും ജീവന് തന്നെ ഭീഷണിയായ ഹൈപ്പോകലീമിയയും ബാധിക്കുകയുണ്ടായി. ആരോഗ്യകരമായ ശരീരഭാരം കുറക്കൽ എന്നത് കഠിനമായ പട്ടിണിയിലൂടെയല്ല, മറിച്ച് സമീകൃതാഹാരത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയുമാണ് സാധ്യമാവുക എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. 

Tags:    
News Summary - Diet, weight loss, serious brain disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.