സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലേക്ക് 800 ഡോക്ടർമാരെ നിയമിക്കാൻ ശിപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള നിയമന ശിപാർശകളുമായി ആരോഗ്യ വകുപ്പ്. ചരിത്രത്തിൽ എക്കാലത്തെയും വലിയ നിയമന ശിപാർശയാണ് പരിഗണനയിൽ. മെഡിക്കൽ കോളജുകളിലേക്ക് സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലായി 800ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശിപാർശ നൽകിയത്.
ആരോഗ്യ വകുപ്പിൽ മൊത്തം 1800 ഡോക്ടർമാരുടെ നിയമനത്തിനായി വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. 1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശിപാർശയാണിതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിനുപുറമേ, ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ പ്രധാന തസ്തികകളിലേക്കായി ആയിരത്തോളം പേരുടെ നിയമനത്തിനും ശിപാർശ സമർപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 24 മണിക്കൂറും സ്പെഷാലിറ്റി സേവനങ്ങൾ ലഭ്യമാക്കാനുള്ള സർക്കാറിന്റെ വിപുലമായ പദ്ധതികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ സുപ്രധാന നടപടി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കെ. മുരളീധരൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.