രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 137 ക്യാൻസർ മരുന്നുകളുടെ വിലയിൽ കുറവ് വരുന്നു. നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ലാഭവിഹിതം ക്രമീകരിക്കുന്ന 'ട്രേഡ് മാർജിൻ റാഷണലൈസേഷൻ' (TMR) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ തെരഞ്ഞെടുത്ത കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (MRP) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വില ഘടനയെ ആശ്രയിച്ചായിരിക്കും ഓരോ മരുന്നിന്റെയും വിലക്കുറവിന്റെ തോത് നിശ്ചയിക്കുക. കൂടാതെ, വ്യാപാരികളുടെ ലാഭവിഹിതം മരുന്നുകളുടെ എം.ആർ.പി.യുടെ 30 ശതമാനമായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

പ്രയോജനം ലഭിക്കുന്ന പ്രധാന മരുന്നുകൾ

ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി മരുന്നുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള മരുന്നുകൾ ഈ വിലനിയന്ത്രണ പരിധിയിൽ വരും. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടലിലെ ക്യാൻസർ, അണ്ഡാശയ ക്യാൻസർ, ഗർഭാശയഗള ക്യാൻസർ (സെർവിക്കൽ ക്യാൻസർ) എന്നിവയുടെ ചികിത്സയ്ക്കുള്ള പ്രധാന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.

ഇമ്യൂണോതെറപ്പി മരുന്നുകൾ: 20-ലധികം തരത്തിലുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവ.

പെംബ്രോലിസുമാബ്, ഡുർവാലുമാബ്, ഒസിമെർട്ടിനിബ്: വ്യാപകമായി ഉപയോഗിച്ചുവരുന്ന ക്യാൻസർ മരുന്നുകൾ.

ഡെനോസുമാബ്: സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ രോഗികൾക്ക് ഉപയോഗിക്കുന്നത്.

പെഗ്ഫിൽഗ്രാസ്റ്റിം: ക്യാൻസർ രോഗികളിൽ ന്യൂട്രോപീനിയ (Neutropenia) തടയാൻ നൽകുന്നത്.

ബെവാസിസുമാബ്: വൻകുടൽ, അണ്ഡാശയം, ഗർഭാശയഗളം എന്നിവിടങ്ങളിലെ ക്യാൻസർ ചികിത്സയ്ക്കുള്ളത്.

മരുന്നുകളുടെ വ്യാപാര-ചില്ലറ വിൽപ്പന ശൃംഖലകളിലെ അമിതലാഭം നിയന്ത്രിക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. അതേസമയം, മരുന്ന് നിർമ്മാതാക്കൾക്ക് ന്യായമായ വരുമാനം ഉറപ്പാക്കുമെന്നും വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാകുന്നത് തടയുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകളുടെ പുതുക്കിയ വില വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫാർമ സഹി ദാം മൊബൈൽ ആപ്പിലൂടെയോ എൻ.പി.പി.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അറിയാവുന്നതാണ്.

Tags:    
News Summary - Cancer Drug Prices Reduced in India: 137 Medicines to Cost Less From November 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.