കാൻസർ രോഗികൾക്ക് ആശ്വാസം; 137 മരുന്നുകൾക്ക് 70 ശതമാനം വരെ വില കുറയും, നവംബർ ഒമ്പത് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായി 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു. പട്ടികയിൽ ഉൾപ്പെടാത്ത (നോൺ-ഷെഡ്യൂൾഡ്) 137 കാൻസർ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) പരിമിതപ്പെടുത്തിയതാണ് വിലക്കുറവിന് ഇടയാക്കുന്നത്. നവംബർ ഒമ്പത് മുതൽ ഇത് പ്രാബല്യത്തിൽ വരും.

രാജ്യത്തെ പ്രമുഖ ഓങ്കോളജിസ്റ്റുകളും മെഡിക്കൽ വിദഗ്ധരും ഉൾപ്പെട്ട സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. മരുന്ന് നിർമ്മാതാക്കൾ പുതിയ നിരക്കുകൾ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാർമസികളും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുകയും പുതിയ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വേണം. കൂടാതെ, മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി നിലവിലെ ഉൽപ്പാദനവും വിതരണ നിലവാരവും നിലനിർത്താൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

20-ലധികം തരം കാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ, സ്തന, പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ ഉപയോഗിക്കുന്ന ഡെനോസുമബ് (Denosumab), കാൻസർ രോഗികളിൽ ന്യൂട്രോപീനിയ തടയാൻ ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം (Pegfilgrastim), കോളൻ, അണ്ഡാശയ, ഗർഭാശയ കാൻസർ എന്നിവ ചികിത്സിക്കാൻ അംഗീകൃതമായ മരുന്നായ ബെവാസിജുമാബ് (Bevacizumab) എന്നിവ വില കുറയുന്നവയിൽ ഉൾപ്പെടും.

പെംബ്രോലിസുമാബ് (Pembrolizumab), ഡുർവാലുമാബ് (Durvalumab), ഒസിമെർട്ടിനിബ് (Osimertinib) തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന കാൻസർ പ്രതിരോധ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വില കാൻസർ രോഗികൾക്ക് കൂടുതൽ പ്രാപ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചില കാൻസർ മരുന്നുകളുടെ റീട്ടെയിലർ വിലയും പരമാവധി ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള വലിയ അന്തരം സുപ്രീം കോടതി നേരത്തെ ഗുരുതരമായി ഉന്നയിച്ചിരുന്നു. ചില്ലറ വ്യാപാരികൾ നൽകുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം ചിലപ്പോൾ 10 മടങ്ങ് വരെയാണെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 137 cancer drugs to see up to 70 price cut from november 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.