ന്യൂഡൽഹി: അർബുദം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ തിരുത്തേണ്ട കാലമായെന്ന് ആരോഗ്യവിദഗ്ധർ. മുപ്പതുകളിലുള്ളവരിലും അർബുദം പടരുന്ന സാഹചര്യത്തിൽ പ്രായത്തെ ഒരു സുരക്ഷാ കവചമായി കാണരുതെന്ന് എസ്.എസ്.ഒ കാൻസർ ഹോസ്പിറ്റൽ ഡയറക്ടറും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ചേതൻ അഞ്ചൻ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ പ്രായമായവരിൽ കണ്ടുവന്നിരുന്ന സ്തനാർബുദം, കൊളോറെക്റ്റൽ കാൻസർ, തൈറോയ്ഡ് കാൻസർ എന്നിവ ഇപ്പോൾ യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്.
രോഗം തിരിച്ചറിയാൻ വൈകുന്നതാണ് യുവാക്കളിൽ പലപ്പോഴും ചികിത്സ സങ്കീർണ്ണമാക്കുന്നത്. "ഞാൻ ചെറുപ്പമാണ്, എനിക്ക് കാൻസർ വരില്ല" എന്ന ചിന്ത രോഗലക്ഷണങ്ങളെ അവഗണിക്കാൻ കാരണമാകുന്നു. യുവാക്കളിലെ അർബുദം കൂടുതൽ വേഗത്തിൽ പടരുന്ന സ്വഭാവമുള്ളതാണെന്നും അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച ശേഷമാണ് പലരും ചികിത്സ തേടുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
മാറുന്ന ജീവിതശൈലി വില്ലനാകുന്നു
നഗരകേന്ദ്രീകൃതമായ ആധുനിക ജീവിതശൈലിയാണ് അർബുദത്തിന്റെ നേരത്തെയുള്ള വരവിന് പ്രധാന കാരണം. വ്യായാമമില്ലായ്മ, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, പരിസ്ഥിതിയിലെ വിഷാംശങ്ങൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. പൊണ്ണത്തടി, പ്രമേഹം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ അർബുദത്തിന് അനുകൂലമായ സാഹചര്യം ശരീരത്തിൽ സൃഷ്ടിക്കുന്നു.
അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
രോഗലക്ഷണങ്ങളെ സാധാരണ ദഹനപ്രശ്നമായോ ജോലിഭാരം മൂലമുള്ള തളർച്ചയായോ കണ്ട് സ്വയം ചികിത്സിക്കുന്നത് അപകടമാണെന്ന് വിദഗ്ധർ പറയുന്നു. വേദനയില്ലാത്ത മുഴകളോ വീക്കമോ, കാരണമില്ലാത്ത ശരീരവേദന, ശോധനയിലോ വിശപ്പിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, വിശദീകരിക്കാനാവാത്ത ക്ഷീണവും ശരീരഭാരം കുറയലും, വിശ്രമിക്കുമ്പോഴും അനുഭവപ്പെടുന്ന വേദന എന്നീ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നാൽ നിർബന്ധമായും ഡോക്ടറെ കാണണം.
നേരത്തെയുള്ള രോഗനിർണ്ണയം മാത്രമാണ് അർബുദ ചികിത്സയിൽ മികച്ച ഫലം നൽകുന്നത്. ലക്ഷണങ്ങളെ ഭയപ്പെടുകയല്ല, മറിച്ച് അവ ശ്രദ്ധയോടെ നിരീക്ഷിക്കുകയും കൃത്യസമയത്ത് വൈദ്യസഹായം തേടുകയുമാണ് വേണ്ടതെന്ന് ഡോ. ചേതൻ അഞ്ചൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.