ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഡെങ്കിപ്പനി ഹൃദയത്തെ ബാധിച്ചേക്കാം

മുംബൈ: പനി, കഠിനമായ ശരീരവേദന, രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക തുടങ്ങിയവ അനുഭവപ്പെടുന്ന ഗുരുതര അസുഖങ്ങളിലൊന്നാണ് ഡെങ്കിപ്പനിയെന്ന് എല്ലാവർക്കും അറിയാം. മഴക്കാലമായാൽ ഇതിന്റെ തോത് കൂടും. ചിലപ്പോൾ ഇത് രക്തസ്രാവത്തിലേക്കും ഗുരുതരമായ സങ്കീർണ്ണതകളിലേക്കും നയിക്കാറുമുണ്ട്. എന്നാൽ ഡെങ്കിപ്പനി ചിലപ്പോൾ ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് അധികം ആർക്കും അറിയില്ല. അതിൽ പ്രധാനമാണ് ഡെങ്കിപ്പനി ഹൃദയത്തിന് ഏൽപ്പിക്കുന്ന ആഘാതം. ശരിയായ ചികിത്സയും വിശ്രമവും വഴി ഭൂരിഭാഗം ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കാറുണ്ടെങ്കിലും, ചെറിയൊരു വിഭാഗം രോഗികൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ഡെങ്കിപ്പനി ഗുരുതരമായവരിലും, പ്രായമായവരിലും, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ നിലവിലുള്ളവരിലും ഹൃദയത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുംബൈയിലെ നാനാവതി മാക്സ് ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. ഹർഷദ് ലിമയേ പറയുന്നു. ഡെങ്കിപ്പനി മൂലമുണ്ടാകുന്ന പല ഹൃദയസംബന്ധമായ മാറ്റങ്ങളും താൽക്കാലികമാണെന്നതും അണുബാധ ഭേദമാകുമ്പോൾ അവ മെച്ചപ്പെടാറുണ്ടെന്നതും ആശ്വാസകരമാണ്. എങ്കിലും കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കിൽ അത് സങ്കീർണ്ണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു

ഡെങ്കിപ്പനി ഹൃദയത്തെ പല രീതിയിൽ ബാധിക്കാം. വൈറസ് ഹൃദയപേശികളിൽ വീക്കം ഉണ്ടാക്കാം. ഇതിനെ മയോകാർഡൈറ്റിസ് എന്ന് വിളിക്കുന്നു. ഇത് ഹൃദയത്തിന് ചുറ്റുമുള്ള പാളിയിൽ വീക്കം ഉണ്ടാക്കുന്ന പെരികാർഡൈറ്റിസിലേക്കും നയിച്ചേക്കാം. രക്തക്കുഴലുകളിൽ നിന്ന് ദ്രാവകം ചോരുന്നതിനും കുറഞ്ഞ രക്തസമ്മർദ്ദം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ (ധാതുക്കളുടെ അളവ് കൂടുകയും കുറയുകയും ചെയ്യുക), ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുക എന്നിവയ്ക്കും ഇത് കാരണമാകാം. ഇത്തരം മാറ്റങ്ങൾ ഹൃദയമിടിപ്പ് കുറയ്ക്കുകയോ താളം തെറ്റിക്കുകയോ ചെയ്തേക്കാം. ഇത്തരം പ്രശ്നങ്ങൾ അസാധാരണമാണെങ്കിലും, കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ അവ ഗുരുതരമായേക്കാം.

പൊതുവായ മാറ്റങ്ങൾ

ഡെങ്കിപ്പനി ബാധിക്കുന്നവരിൽ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണ് ബ്രാഡിക്രാർഡിയ, അതായത് അസാധാരണമായ കുറഞ്ഞ ഹൃദയമിടിപ്പ്. പല കേസുകളിലും രോഗി സുഖം പ്രാപിക്കുമ്പോൾ ഇത് തനിയെ മാറുന്നു. എന്നാൽ, കുറഞ്ഞ ഹൃദയമിടിപ്പിനൊപ്പം തലകറക്കം, ബോധക്ഷയം, നെഞ്ചിലെ അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് ഒരിക്കലും അവഗണിക്കരുത്.

അടിയന്തിര വൈദ്യസഹായം തേടണം

ഡെങ്കിപ്പനി സമയത്ത് ഹൃദ്രോഗ ലക്ഷണങ്ങൾ പനിയുടെ സാധാരണ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാം എന്നതാണ് പ്രധാന വെല്ലുവിളി. ക്ഷീണം, തളർച്ച, ശ്വാസംമുട്ടൽ അല്ലെങ്കിൽ ഹൃദയം വേഗത്തിൽ മിടിക്കുന്നതായി തോന്നുന്നത് അസുഖത്തിന്റെ ഭാഗമായി തോന്നാം. നെഞ്ചുവേദന, അസിഡിറ്റി അല്ലെങ്കിൽ പേശിവേദനയായി തെറ്റിദ്ധരിക്കപ്പെടാം. അപൂർവ്വ സന്ദർഭങ്ങളിൽ, ഡെങ്കിപ്പനി മൂലമുള്ള മയോകാർഡൈറ്റിസ് നെഞ്ചുവേദനയ്ക്കും ഇസിജി മാറ്റങ്ങൾക്കും കാരണമാകുന്നതിനാൽ ഹൃദയാഘാതമായി പോലും തോന്നാം. ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രായമായവരിലും പ്രമേഹം, രക്തസമ്മർദ്ദം, വൃക്കരോഗം അല്ലെങ്കിൽ നിലവിലുള്ള ഹൃദയ അവസ്ഥകൾ ഉള്ളവരിലും പ്രത്യേകിച്ചും പ്രധാനമാണ്.

രോഗം കൂടിയാൽ രോഗിയുടെ പൾസ് നിരക്ക്, രക്തസമ്മർദ്ദം, ജലാംശം, പ്ലേറ്റ്‌ലെറ്റ് എണ്ണം എന്നിവ നിരന്തരം പരിശോധിക്കണം. ഹൃദയത്തെ ബാധിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഇസിജി, കാർഡിയാക് എൻസൈം പരിശോധനകൾ അല്ലെങ്കിൽ എക്കോകാർഡിയോഗ്രാം പോലുള്ള കൂടുതൽ പരിശോധനകൾ നിർദ്ദേശിക്കപ്പെട്ടേക്കാം.

സ്വയം ചികിത്സ ഒഴിവാക്കുക

ഡെങ്കിപ്പനിയുള്ളവർ വൈദ്യോപദേശം കൂടാതെ മരുന്നുകൾ കഴിക്കരുത്. വേദനസംഹാരികൾ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഡോക്ടർ പ്രത്യേകം നിർദ്ദേശിക്കുന്നില്ലെങ്കിൽ അവ ഒഴിവാക്കണം. സങ്കീർണ്ണമല്ലാത്ത ഡെങ്കിപ്പനിക്ക്, പനിക്കും വേദനയ്ക്കും പാരാസെറ്റമോൾ സുരക്ഷിതമായ ഓപ്ഷനായി കണക്കാക്കപ്പെടുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, കൃത്യമായ വിശ്രമം എടുക്കുക എന്നിവ ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രധാനമാണ്.

Tags:    
News Summary - Can Dengue Affect Your Heart? Warning Signs Patients Should Not Ignore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.