പ്രതീകാത്മക ചിത്രം

​ഭക്ഷണത്തിന് ശേഷം ചെറുനടത്തമായാലോ? നേട്ടങ്ങളേറെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം

രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയിലാണ് വർധിക്കുന്നത്. വേൾഡ് ഹാർട്ട് ഫെഡറേഷൻ റിപ്പോർട്ടനുസരിച്ച് 2021-ൽ മാത്രം ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ (സി.വി.ഡി) മൂലം മരിച്ചത് 2,873,266 ആളുകളാണ്. 2021 നും 2023 നും ഇടക്ക് ആകെയുണ്ടായ മരണങ്ങളുടെ മൂന്നിലൊന്ന് വരുമിത്. ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണ​മെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണശീലം മുതൽ വ്യായാമം വ​രെ കൃത്യമാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാവും. ഭക്ഷണത്തിന് ശേഷം അൽപം നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുതിർന്ന പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. ബ്രിജ്മോഹൻ അറോറ ചൂണ്ടിക്കാട്ടുന്നു.

ഹൃദയാഘാത സാധ്യത കുറക്കാം

ദിവസവും മൂന്ന് 10 മിനിറ്റ് നടത്തം പ്രീഹൈപ്പർടെൻഷൻ ഉള്ള വ്യക്തികളിൽ ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിൽ നിന്നുള്ള ഗവേഷണം കാണിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള പതിവ് നടത്തം ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രാഥമിക കാരണങ്ങളിലൊന്നായ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നിങ്ങനെ ഹൃദയാഘാത സാധ്യതയുള്ള രോഗികൾക്ക് പോലും ഈ ശീലം ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനു ശേഷം 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും. രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറക്കാനും, ദഹനം എളുപ്പമാക്കാനും സഹായിക്കും.

നടന്ന് പഞ്ചസാര നിയന്ത്രിക്കാം

സ്​പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനപ്രകാരം ഭക്ഷണശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ കയറ്റിറക്കങ്ങൾ നിയ​ന്ത്രിക്കാനുതകും. നടക്കുമ്പോൾ രക്തത്തിലെ ഇൻസുലിൻ അളവുകൾ സ്ഥിരമായി തുടരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിന് പിന്നാലെ 60മുതൽ 90 മിനിറ്റ് വരെ സമയത്താണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുത്തനെ വർധിക്കുന്നത്. ഈ സമയത്ത് നടക്കുന്നത് കൂടുതൽ ഗുണകരമാവും.

ട്രൈഗ്ലിസറൈഡുകളെ പിടിച്ചുകെട്ടാം

രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം അകത്താക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും. അധികമായി രൂപീകരിക്കപ്പെടുന്ന ട്രൈഗ്ളിസറൈഡുകൾ രക്തക്കുഴലുകളിൽ അടിയുന്നത് ഹൃദയാഘാതമടക്കം സാഹചര്യങ്ങളിലേക്ക് വഴിവെക്കും. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറക്കാനുതകുമെന്ന് വിദഗ്ദർ പറയുന്നു.

രക്തത്തിലെ നൈട്രിക് ഓക്സൈഡ് വർധിപ്പിക്കുന്നു

ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്‌സൈഡിന് ആന്റി വൈറല്‍ ഗുണവിശേഷങ്ങളുണ്ട്. വിവിധ അവയവങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണായി ഇത് പ്രവര്‍ത്തിക്കുന്നു. രക്തക്കുഴലുകളിലെ സമ്മര്‍ദവും അവയവങ്ങള്‍ക്കിടയിലെയും അവയ്ക്കുള്ളിലെയും രക്തചംക്രമണവും നിയന്ത്രിക്കാനും നൈട്രിക്ഓക്‌സൈഡ് സഹായിക്കും.

ഭക്ഷണത്തിനു ശേഷം നടക്കുന്നത് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തസമ്മർദം (ബി.പി) കുറക്കാനുതകുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട ദഹനം

ക്ഷണശേഷമുള്ള നടത്തം ആമാശയത്തെയും കുടലുകളെയും ഉത്തേജിപ്പിക്കുകയും ദഹനവ്യവസ്ഥയിലൂടെ വേഗത്തിലുള്ള ഭക്ഷണ ചലനം സാധ്യമാക്കുകയും ചെയ്യുന്നുവെന്ന് PLOS One-ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ദഹിക്കാത്ത ഭക്ഷണത്തിൽ നിന്നോ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴും വിഴുങ്ങിയ വായുമൂലമോ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് കുറക്കാൻ ഇത് സഹായകമാവും.

ശരീരഭാരം കുറക്കാൻ സഹായിക്കുന്നു

ജിമ്മിൽ പോകാതെ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഭക്ഷണത്തിന് ശേഷം അഞ്ചുമിനിറ്റ് നടക്കാനിറങ്ങുക. ഭക്ഷണത്തിന് ശേഷം നടക്കുന്നത് കലോറി കത്തിച്ച് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. 75 കിലോ ഭാരമുള്ള ഒരാൾ ഒരു മൈൽ ദൂരം നടക്കുമ്പോൾ ഏകദേശം 100 കലോറി കത്തിക്കുന്നുവെന്നാണ് കണക്ക്. ഭക്ഷണത്തിനു ശേഷം മിതമായ വേഗതയിലുള്ള 30 മിനിറ്റ് നടത്തം 150 കലോറി വരെ കത്തിക്കാൻ സഹായിക്കും.

സമ്മർദ്ദം കുറക്കുന്നു

മാനസിക സമ്മർദ്ദം കുറക്കാനും നടത്തം പൊതുവേ സഹായകരമാ​വുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എൻഡോർഫിനുകൾ, ഓക്സിടോസിൻ തുടങ്ങിയ പോസിറ്റീവ് ഹോർമോണുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറക്കാനും വ്യായാമം സഹായിക്കുന്നു. ഈ ഹോർമോൺ മാറ്റങ്ങൾ മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം എങ്ങനെ ശീലമാക്കാം?

ഭക്ഷണശേഷം നടത്തം ശീലമാക്കാൻ ചില കുറുക്കുവഴികളുണ്ട്. ഭക്ഷണശാലകളിൽ നിന്ന് വാഹനങ്ങൾ ദൂരെ മാറ്റി പാർക്ക് ​ചെയ്ത് നടന്നുപോകുക, ലിഫ്റ്റുകൾക്ക് പകരം പടിക്കെട്ടുകളെ ആശ്രയിക്കുക, ഓഫീസ് ജോലിക്കിടെ ഹ്രസ്വമായി നടക്കുക എന്നിങ്ങനെ ലളിതമായ ശീലങ്ങൾ രൂപപ്പെടുത്തുന്നത് ഗുണം ചെയ്യും. 

Tags:    
News Summary - brisk walk after eating can do well with your health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.