മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്കും പകരാവുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങൾ. അത്തരത്തിലുള്ള മാരകരോഗമാണ് ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി. 2022 മുതൽ മനുഷ്യരിലെ എലിപ്പനിബാധയും അതുമൂലമുള്ള മരണങ്ങളും കേരളത്തിൽ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പശു, എരുമ, ആട്, പന്നി, നായ് തുടങ്ങിയ വളർത്തുമൃഗങ്ങളെയും എലികളെയും ബാധിക്കുന്ന രോഗമാണിത്. മൃഗങ്ങളിൽ പനി, വിളർച്ച, മഞ്ഞപ്പിത്തം, ന്യൂമോണിയ, ഗർഭമലസൽ, അകിടുവീക്കം എന്നിവക്കെല്ലാം കാരണമാകുന്ന ഈ രോഗബാധ ഗുരുതരമായാൽ കരൾ, വൃക്ക, ശ്വാസകോശം, തലച്ചോറ് എന്നീ അവയവങ്ങളെ ബാധിക്കാനും മരണത്തിന് വരെ കാരണവുമാകാം.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയക്ക് 280ഓളം ഉപവിഭാഗങ്ങളുള്ളതിനാലും, ഇവ ജീവനോടെ മണ്ണിൽ വളരെക്കാലം നിലനിൽക്കുന്നതിനാലും രോഗനിയന്ത്രണം വളരെ ശ്രമകരമാണ്. ചൂടുകൊണ്ടും അണുനാശിനികൾകൊണ്ടും ഇവയെ നശിപ്പിക്കാമെങ്കിലും വെള്ളത്തിൽ ഏറെക്കാലം ജീവനോടിരിക്കാൻ ഇവക്ക് സാധിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഒഴുക്കുവെള്ളത്തിലേതിനേക്കാൾ കൂടുതലായി ഈ ബാക്ടീരിയകളെ കാണുന്നത്.
രോഗബാധയുള്ള മൃഗത്തിന്റെ മൂത്രവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അത്തരം മൂത്രത്താൽ മലിനമാക്കപ്പെട്ട വെള്ളമോ തീറ്റയോ കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. തൊലിപ്പുറത്തുള്ള മുറിവിലൂടെയും കണ്ണിലൂടെയുമെല്ലാം രോഗാണുക്കൾ ശരീരത്തിലെത്താം. രോഗമുള്ള മൃഗത്തിന്റെ മൂത്രം കലർന്ന മേച്ചിൽസ്ഥലങ്ങളിൽനിന്നും മറ്റ് പശുക്കളിലേക്ക് രോഗം പകരും. രോഗബാധയേറ്റ് ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിലൂടെ നായ്ക്കൾക്ക് രോഗബാധയേൽക്കാം.പശുക്കളിൽനിന്നും പശുക്കുട്ടികളിലേക്ക് രോഗം പകരുന്നത് കൂടുതലായും പാലിലൂടെയാണ്. രോഗബാധയുള്ള മൃഗത്തിന്റെ ദേഹത്തുള്ള ചെള്ളിലൂടെയും രോഗം പകരും.
മൃഗങ്ങളുടെ ശരീരത്തിൽ കയറുന്ന രോഗാണുക്കൾ, രക്തത്തിൽ പ്രവേശിച്ചുപെരുകുന്നത്, ശക്തമായ പനിക്ക് കാരണമാകും. തുടർന്ന് അണുക്കൾ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. പിന്നീട് തലച്ചോറ്, വൃക്കകൾ, ശ്വാസകോശം, ഗർഭപാത്രം, അകിട് എന്നീ അവയവങ്ങളിലും ബാക്ടീരിയ എത്താം. രോഗാണുക്കൾ മൃഗത്തിന്റെ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നു മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും.
രോഗബാധക്കുള്ള സാഹചര്യസാധ്യത, ലക്ഷണങ്ങൾ, രക്തം, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധന, പോസ്റ്റ്മോർട്ടം എന്നിവയിലൂടെയാണ് രോഗനിർണയം സാധ്യമാകുന്നത്. രോഗം ബാധിച്ചാൽ മൃഗങ്ങളുടെ നില അപകടകരമാകാതിരിക്കാൻ, നേരത്തെയുള്ള രോഗനിർണയം അനിവാര്യമാണ്.
കൃത്യസമയത്ത് രോഗനിർണയം സാധ്യമായാൽ, ആന്‍റിബയോട്ടിക്കുകൾ, മറ്റ് അനുബന്ധ മരുന്നുകൾ എന്നിവകൊണ്ട് ഫലപ്രദമായി ചികിത്സിക്കാമെങ്കിലും, ചിലപ്പോഴൊക്കെ രോഗാവസ്ഥ സങ്കീർണമാകുന്നത് ഇവയുടെ മരണത്തിന് കാരണമാകാറുണ്ട്. ഇതൊഴിവാക്കാൻ, രോഗപ്രതിരോധത്തിൽ അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്;
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവഹാനിക്ക് കാരണമാകാവുന്ന മാരകരോഗമായതിനാൽ, എലിപ്പനി വരാതിരിക്കാനും, വന്നുപോയാൽ ഫലപ്രദമായ ചികിത്സ അടിയന്തരമായി ലഭ്യമാക്കി, രോഗത്തിന്റെ സങ്കീർണതകൾ ഒഴിവാക്കാനും ജാഗ്രത അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.