യുവത്വത്തിന് എന്നും ഇഷ്ടം

ദുബൈ: അറബ് ലോകത്തെ യുവജനത ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇ ആണെന്ന് സർവേ. തുടർച്ചയായ 11ാം വർഷമാണ് യു.എ.ഇ ഈ നേട്ടം കൊയ്യുന്നത്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പബ്ലിക്ക് റിലേഷൻ ഏജൻസിയായ അസ്ദ ബി.സി.ഡബ്ല്യു തയാറാക്കിയ വാർഷിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നിൽ രണ്ട് അറബ് യുവത്വങ്ങളും താമസിക്കാൻ ഇഷ്ടപ്പെട്ട നഗരം യു.എ.ഇയാണെന്ന് അറിയിച്ചു.

18-24 വയസ്സിനിടയിലുള്ളവരിലാണ് സർവേ നടന്നത്. തങ്ങളുടെ രാജ്യങ്ങളും യു.എ.ഇയുടെ പാത പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെ 17 രാജ്യങ്ങളിൽ നിന്ന് 3400 പേരാണ് സർവേയിൽ പങ്കെടുത്തത്. നേരിട്ടുള്ള ഇൻറർവ്യൂ നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. താമസിക്കാൻ ഇഷ്ടപ്പെട്ട നഗരം ഏതെന്ന ചോദ്യത്തിന് 57 ശതമാനം പേരും യു.എ.ഇ എന്നാണ് മറുപടി നൽകിയത്.

തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം, മേഖലയിലെ സാംസ്കാരിക സമ്പന്നത തുടങ്ങിയവയാണ് യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നത്. രണ്ടാം സ്ഥാനത്ത് യു.എസ് ആണ്.

24 ശതമാനം പേരാണ് യു.എസ് തിരഞ്ഞെടുത്തത്. കനഡയിൽ താമസിക്കാൻ 20 ശതമാനം പേരും ഫ്രാൻസ്, ജർമനി രാജ്യങ്ങളിൽ താമസിക്കാൻ 15 ശതമാനം പേരും ആഗ്രഹിക്കുന്നു. ആദ്യ സർവേ നടന്ന 2012ൽ 33 ശതമാനം പേരായിരുന്നു യു.എ.ഇയെ ഇഷ്ടനഗരമായി തിരഞ്ഞെടുത്തത്. 2014ൽ ഇത് 39 ശതമാനമായി ഉയർന്നെങ്കിലും 2015ൽ 20 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഗ്രാഫ് ഉയർന്നു.

27 ശതമാനം പേരെയും ആകർഷിച്ചത് യു.എ.ഇയിലെ വളരുന്ന സാമ്പത്തിക മേഖലയാണ്. സുരക്ഷിതമായ അന്തരീക്ഷം 2 6 ശതമാനം പേരെ ആകർഷിച്ചു. മികച്ച ശമ്പളവും 26 ശതമാനം പേരെ യു.എ.ഇയിലേക്ക് ക്ഷണിക്കുന്നു.

യു.എ.ഇയിലെ പുതിയ വിസ പരിഷ്കാരങ്ങളെ 94 ശതമാനം പേരും പിന്തുണച്ചു. പ്രവാസികൾക്ക് 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനങ്ങൾ തുടങ്ങാമെന്ന തീരുമാനം മികച്ചതാണെന്ന് 84 ശതമാനം പേർ അഭിപ്രായപ്പെട്ടു. വാരാന്ത്യ അവധിമാറ്റത്തെ 87 ശതമാനം പേരും പിന്തുണച്ചു. വിവാഹം കഴിക്കാത്തവർ ഒരുമിച്ച് താമസിക്കുന്നതിനെ പിന്തുണച്ചത് 54 ശതമാനം പേരാണ്. തങ്ങളുടെ മികച്ച ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഭൂരിപക്ഷം അറബ് യുവത്വവും പറയുന്നത്.

ഇമാറാത്തി യുവജനതയിൽ 91 ശതമാനം പേരും ഇങ്ങനെ വിശ്വസിക്കുന്നവരാണ്. രാജ്യത്തിന്‍റെ സാമ്പത്തിക നില കൃത്യമായ ദിശയിലാണ് പോകുന്നതെന്നും ഇവർ പറയുന്നു. അതേസമയം, ജീവിതചെലവ് ഉയരുന്നത് 45 ശതമാനം പേരും തൊഴിലില്ലായ്മ 27 ശതമാനം പേരും കാലാവസ്ഥ വ്യതിയാനം 18 ശതമാനം പേരും പ്രശ്നങ്ങളായി കാണുന്നു.

41 ശതമാനം അറബ് യുവത്വവും തങ്ങളുടെ വ്യക്തിത്വത്തിന്‍റെ അടയാളമായി മതത്തെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം ഇത് 31 ശതമാനമായിരുന്നു. 18 ശതമാനം പേർ ദേശീയതയാണ് വ്യക്തിത്വത്തിന്‍റെ അടയാളമായി ഇഷ്ടപ്പെടുന്നത്. 17 ശതമാനം പേർ കുടുംബം, ഏഴ് ശതമാനം അറബ് പാരമ്പര്യം, അഞ്ച് ശതമാനം ഭാഷ എന്നിങ്ങനെയാണ് സർവേയിലെ കണ്ടെത്തലുകൾ.

അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: അറബ് യൂത്ത് സർവേയിൽ മുന്നിലെത്തിയത് മികച്ച നേട്ടമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.

തങ്ങളുടെ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ ശരിയായ ദിശയിലല്ലെന്നാണ് അറബ് യുവജനങ്ങളിൽ പകുതിയിലധികവും വിശ്വസിക്കുന്നതെന്ന് സർവേ പറയുന്നു. 45 ശതമാനം പേരും യു.എ.ഇയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നു. അറബ് യുവത്വം ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. നിങ്ങളിൽനിന്ന് വളരെ അകലെ കഴിയുന്നവർ നൽകുന്ന വോട്ടുകൾ വിലപ്പെട്ടതാണ്. ഇത് എല്ലാ സർക്കാറുകൾക്കുമുള്ള സന്ദേശമാണെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - Youth always likes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.